കാടു വേണോ അതോ മലകൾ കയറണോ, വെള്ളച്ചാട്ടം കാണണോ അല്ലെങ്കിൽ വാഗമണ്ണിന്റെയോ വയനാടിന്‍റെയോ കുളിരിലേക്ക് പോകണമോ? ഇതൊന്നുമല്ല, ഈ ഓഗസ്റ്റ് മാസം അല്പം ഭക്തിസാന്ദ്രമാക്കാനായി ക്ഷേത്രങ്ങളും ദേവാലയങ്ങളയും സന്ദർശിക്കാനാണ് താല്പര്യമെങ്കില്‍ അതിനും വഴിയുണ്ട്. പറയുന്നത് വേറാരുമല്ല, കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ്.
നീണ്ട അവധികളും ഓണവും വരുന്ന ഈ ഓഗസ്റ്റ് മാസം തുടക്കം മുതൽ അവസാനം വരെ ഇഷ്ടംപോലെ യാത്രകളാണ് കൊല്ലം കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളത്. കർക്കടക മാസത്തിന്‍റെ പ്രാധാന്യം പരിഗണിച്ചുള്ള നാലമ്പല ദർശനവും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും ഒപ്പം മൂന്നാറും വയനാടും ഓഗസ്റ്റ് മാസത്തിൽ പാക്കേജായി ലഭ്യമാണ്.

PC:Dvellakat
ഓഗസ്റ്റ് 5- പഞ്ചപാണ്ഡവ ക്ഷേത്രം
പഞ്ചപാണ്ഡവന്മാർ പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കപ്പെടുന്ന പഞ്ചപാണ്ഡവ ക്ഷേത്രം ഉൾപ്പെടെ ആറ് ക്ഷേത്രങ്ങളും ഒരു ഗുഹാ ക്ഷേത്രവും സന്ദർശിച്ച് ആറന്മുള വള്ളസദ്യയും കഴിക്കാൻ അവസരം നല്കുന്ന ബജറ്റ് യാത്രാ പാക്കേജാണിത്.
തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം, തിരുവാറൻമുള പാർഥസാരഥിക്ഷേത്രം, തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു-ഗോശാലകൃഷ്ണ ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം എന്നിവയും ഒപ്പം കുന്തി ദേവി പ്രതിഷ്ഠ നടത്തിയ മുതുകുളം പാണ്ടവര്‍കാവ് ദേവീക്ഷേത്രവും ആണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. ഒപ്പം ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം, കവിയൂർ തൃക്കുടി ഗുഹാ ക്ഷേത്രം എന്നിവയും സന്ദർശിക്കും.
പഞ്ചപാണ്ഡവ ക്ഷേത്രദർശനത്തോടൊപ്പം ആറന്മുള വള്ളസദ്യ കഴിച്ച് വരാൻ സാധിക്കുന്ന വിധമാണ് ഈ യാത്ര. പ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കുവാനും ആറന്മുള കണ്ണാടിയുടെ നിർമ്മാണം നേരിട്ടു കാണുവാനും ഈ യാത്രയിൽ അവസരമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചുള്ള യാത്രയാണിത്. ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 5.00 മണിക്ക് ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ഏകദിന യാത്രയാണിത്.
ഓഗസ്റ്റ് 6,12,13- കോട്ടയം രാമപുരം നാലമ്പലം
കർക്കിടക മാസത്തിൽ കോട്ടയം ജില്ലയിലെ നാലമ്പലങ്ങളായ രാമപുരം ശ്രീരാമ ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷണണ സ്വാമി ക്ഷേത്രം, അമനകര ഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കുന്ന നാലമ്പല യാത്രയും കൊല്ലത്തു നിന്നുണ്ട്. ഓഗസ്റ്റ് 6,12,13,15, എന്നീ തിയതികളിൽ പുലർച്ചെ 4.30ന് ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന യാത്രയ്ക്ക് 620 രൂപയാണ് ടിക്കറ്റ് നിരക്ക്

ഓഗസ്റ്റ് 14- തൃശൂര്‍ നാലമ്പലം
തൃശൂർ ജില്ലയിലെ നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘന ക്ഷേത്രം എന്നിവയാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്.
ഓഗസ്റ്റ് 14ന് രാത്രി 10.00 മണിക്ക് പുറപ്പെട്ട് പുലർച്ചയോടെ തൃശൂരിലെത്തി ക്ഷേത്രദര്‍ശനം കഴിഞ്ഞ് അന്ന് വൈകിട്ടോടെ തിരികെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.
നാലമ്പല ക്ഷേത്രങ്ങളിൽ ഉച്ചയ്ക്ക് മുൻപേ ദര്‍ശനം പൂർത്തിയാക്കണമെന്ന് വിശ്വാസമനുസരിച്ച് ഉത്തപൂജയ്ക്ക് മുമ്പ് ദര്‍ശനം നടത്തി മടങ്ങാൻ കഴിയുന്ന വിധത്തിലാണ് യാത്ര. ക്ഷേത്രങ്ങളിൽ നിന്നുള്ള അന്നദാനം കഴിക്കാനും അവസരമുണ്ടാകും.
ഓഗസ്റ്റ് 19- അൽഫോൻസാ തീർത്ഥാടനം
വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണകളുറങ്ങുന്ന കുടമാളൂര്‍, നെറ്റിച്ചിറ ,ഭരണങ്ങാനം പള്ളികള്‍ ഉള്‍പ്പെടുത്തിയ അൽഫോൻസാ തീർത്ഥാടനം 91ന് രാവിലെ ആറ് മണിക്ക് പുറപ്പെടും. 710 രൂപയാണ് ടിക്കറ്റ് നിരക്ക്
ക്ഷേത്ര ദേവാലയ തീർത്ഥ യാത്രകൾ കൂടാതെ
ഓഗസ്റ്റ് 6,31 തിയതികളിൽ കോന്നി-കുംഭാവരട്ടി യാത്ര,
ഓഗസ്റ്റ് 12,31 തിരുവനന്തപുരം പൊന്മുടി യാത്ര
ഓഗസ്റ്റ്13, 30 തിയതികളിൽ മൂന്നാർ യാത്ര
ഓഗസ്റ്റ് 14, 19, 27 തിയതികളിൽ ഗവി യാത്ര
ഓഗസ്റ്റ് 15ന് അമ്പനാട് യാത്ര
ഓഗസ്റ്റ് 20ന് വാഗമൺ യാത്ര, പാണേലിപോര്, കപ്രിക്കാട് യാത്ര
ഓഗസ്റ്റ് 27ന് കാല്‍വരി മൗണ്ട് യാത്ര
ഓഗസ്റ്റ് 30ന് വയനാട് യാത്ര എന്നിവയും നടത്തുന്നു.
യാത്രകളെക്കുറിച്ചും ടിക്കറ്റ് നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അറിയാൻ 9747969768, 9496110124, 7909159256 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













