മേയ് മാസം എത്തിയതോടെ അവധിക്കാലത്ത് നടത്തുവാനായി പ്ലാൻ ചെയ്ത യാത്രകൾ എത്രയും പെട്ടന്ന് പൂർത്തിയാക്കുവാനുള്ള ഓട്ടത്തിലാണ് എല്ലാവരും. സ്കൂൾ തുറക്കുന്നതിനു മുൻപ് കുറച്ചിടങ്ങളെങ്കിലും സന്ദർശിക്കുവാനാണ് കുട്ടികളുടെ പ്ലാൻ. എന്തുതന്നെയായാലും കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ കുറഞ്ഞ ചിലവിൽ നിരവധി യാത്രകളുമായി സജീവമായിട്ടുണ്ട്.
കൂത്താട്ടുകുളം കെ എസ് ആർ ടി സി ഡിപ്പോ ഈ മേയ് മാസത്തില്‍ തിരുവനന്തപുരത്തേക്കാണ് ബജറ്റ് ടൂർ സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെ പ്രധാനപ്പെട്ട കാഴ്ചകൾ ഒരു ദിവസം കൊണ്ട് കണ്ടു മടങ്ങി വരുന്ന രീതിയിൽ പ്ലാൻ ചെയ്തിരിക്കുന്ന യാത്ര തിരുവനന്തപുരം കാഴ്ചകളിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ബുക്ക് ചെയ്യാം.

മേയ് ആറാം തിയതി ശനിയാഴ്ച രാവിലെ പുറപ്പെട്ട് രാത്രി മടങ്ങിയത്തുന്ന വിധത്തിലാണ് വിനോദയാത്ര ക്രമീകരിച്ചിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ് അല്ലെങ്കിൽ ഫാസ്റ്റ് പാസഞ്ചർ ബസിലായിരിക്കും യാത്ര. തിരുവനന്തപുരം മൃഗശാല, പത്മനാഭ സ്വാമി ക്ഷേത്രം , വേളി ടൂറിസ്റ്റ് വില്ലേജ്, കോവളം ബീച്ച് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം മൃഗശാല
അന്നും ഇന്നും തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് നഗര മധ്യത്തിലെ ഈ മൃഗശാല. 1857-ല്‍ തുടങ്ങിയ ഇത് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ്. എന്നിരുന്നാലും പഴയകാല പ്രതാപം ഇന്നിവിടെയില്ല എന്നതാണ് യാഥാർത്ഥ്യം. ഇവിടുത്തെ മൃഗങ്ങളെയും പക്ഷികളെയും അതിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ എങ്ങനെ അവ ജീവിക്കുന്നു എന്നത് കാഴ്ചക്കാർക്ക് നേരിട്ട് കാണാൻ സാധിക്കും.
ഇതേ കോംപൗണ്ടിൽ തന്നെ അലങ്കാരമത്സ്യ പ്രദർശനകേന്ദ്രവും ചരിത്ര മ്യൂസിയവും സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും വെറും നാല് കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളു. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആണ് മൃഗശാല പ്രവർത്തിക്കുന്നത്. രാവിലെ 9.00 മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവേശന സമയം.

പത്മനാഭ സ്വാമി ക്ഷേത്രം
തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ അഭിമാനമാ ക്ഷേത്രങ്ങളിൽ ഒന്നാണ് പത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരത്തിന്റെ ഐശ്വര്യങ്ങളുടെ കേന്ദ്രമായി അറിയപ്പെടുന്ന ക്ഷേത്രം അനന്തനെന്ന നാഗത്തിനു മുകളിൽ ശയിക്കുന്ന മഹാവിഷ്ണുവിനെയാണ് ആരാധിക്കുന്നത്. പത്മനാഭന്റെ മണ്ണാണ് തിരുവനന്തപുരം എന്നാണ് വിശ്വാസം. തിരുവനന്തപുരത്തിന്‍റെ കാവൽക്കാരനും സംരക്ഷകനുമാണ് അനന്തപത്മനാഭൻ എന്നാണ് ഐതിഹ്യം. രോഹിണി നക്ഷത്രക്കാരുടെ ജന്മനക്ഷത്ര ക്ഷേത്രം കൂടിയാണിത്.
ഒരുപാട് വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും മണ്ണാണ് ഇത്. ഇതിനപ്പുറം വിശ്വസിക്കുവാന് ബുദ്ധിമുട്ടുളള യാഥാർത്ഥ്യങ്ങളോട് ചേർന്നു നിൽക്കുന്ന പല കാര്യങ്ങളും ഇവിടെ കാണാം. ലോകത്തിൽ ഏറ്റവും വലിയ നിധിഖ ശേഖരം ഇവിടെയാണുള്ളത്. ഒരു ട്രില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ളതാണ് ഇവിടെ കണ്ടെത്തിയ നിധിക്ക് എന്നാണ് കണക്ക്. ഇനിയും തിട്ടപ്പെടുത്തുവാനാവാത്ത നിധിശേഖരവും ഇവിടെയുണ്ടത്രെ. അറകളിയാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ആറാമത്തെ അറയായ രഹസ്യ അറ ഇനിയും തുറക്കുവാൻ സാധിച്ചിട്ടില്ല.
വേളി ടൂറിസ്റ്റ് വില്ലേജ്
തിരുവനന്തപുരത്ത് പോയിരിക്കേണ്ട ഇടങ്ങളിൽ മറ്റൊന്നാണ് വേളി ടൂറിസ്റ്റ് വില്ലേജ്. വേളി തടാകം അറബിക്കടലുമായി ചേരുന്ന ഇടമാണിത്. ബോട്ടിങ്ങിനും പിക്നിക്കിനുമായാണ് ഇവിടെ സന്ദർശകരധികവും എത്തിച്ചേരുന്നത്. വേളി ആക്കുളം തടാകവും ഇതിനോട് ചേർന്നാണുള്ളത്. ഒരു ദിവസം മുഴുവൻ ചിലവഴിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. കായലിനോട് ചേർന്നു നിൽക്കുന്ന ഇവിടെ സ്വദേശികളും വിദേശികളുമായ സന്ദർശകരെത്തുന്നു. രാവിലെ 9.00 മണിമുതൽ വൈകിട്ട് 6.00 മണിവരെയാണ് സന്ദര്‍ശന സമയം.
ഈ യാത്രയിൽ 930 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പാക്കേജുമായി ബന്ധപ്പെട്ട ഭക്ഷണം ഉൾപ്പെടെ മറ്റെല്ലാ ചെലവുകളും യാത്രക്കാർ സ്വന്തം നിലയിൽ വഹിക്കേണ്ടതാണ്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 9447223212 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













