കാടും കുന്നും കയറി കോടമഞ്ഞും നൂൽമഴയും നനഞ്ഞുപോകുന്ന ഗവി യാത്ര ഒന്നൊന്നരെ എക്സ്പീരിയൻസ് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആളുകൾ ഏകദിന യാത്രാ പ്ലാനുകളിലേക്ക് ഗവിയെ ചേർത്തുവയ്ക്കുന്നതും.
ഗവി വിനോദയാത്രകൾ ഇത്രയധികം ജനപ്രിയമാക്കിയതിന്‍റെ എല്ലാ ക്രെഡിറ്റും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് അവകാശപ്പെട്ടതാണ്. കേരളത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നും നടത്തുന്ന യാത്രയ്ക്ക് വളരെ വേഗത്തിലാണ് സീറ്റുകൾ ബുക്ക് ആകുന്നതും.
ഗവിയിലേക്ക് ഏകദിന യാത്രയെന്നു കേൾക്കുമ്പോഴും പലർക്കും ഇപ്പോഴും സംശയം എന്തൊക്കെ കാഴ്ചകളാണ് ഇവിടെ കാണാനുള്ളത് എന്നാണ്. വെറുതെ കെഎസ്ആർടിസി ബസിൽ കാടിനുള്ളിലൂടെ പോയി ബോട്ടിങ്ങൊക്കെ നടത്തി തിരിച്ച് മടങ്ങുന്നതാണോ അതോ എവിടെയെങ്കിലും നിര്‍ത്തി കാഴ്ചകൾ കണ്ടാണോ മടങ്ങുന്നത് എന്നതാണ്. ഇതാ ഗവി യാത്രയിൽ നിങ്ങൾക്ക് എന്തൊക്കെ കാഴ്ചകൾ കാണാനാകും എന്നു നോക്കാം.

PC:Jaseem Hamza
പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ഗവിയിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് യാത്രകളും ഓര്‍ഡിനറി ബസ് സർവീസുകളുമെല്ലാം തുടങ്ങുന്നത്. പത്തനംതിട്ട, വടശ്ശേരിക്കര, പെരുനാട്, ചിറ്റാർ, സീതാത്തോട്, ആങ്ങമൂഴി, മൂഴിയാർ, കക്കി ഡാം വഴി ഗവിയിലെത്തും. ടൂറിസ്റ്റ് വാഹനങ്ങൾക്ക് മടങ്ങുമ്പോൾ ഇതുവഴി തന്നെ തിരികെ പോകുവാൻ അനുമതിയില്ലാത്തതിനാൽ ഇവിടുന്ന് പുല്ലുമേട്, വണ്ടിപ്പെരിയാർ വഴി കുമളിയിലെത്തി പോകുന്ന വിധത്തിലാണ് യാത്ര.
പത്തനംതിട്ടയിൽ നിന്ന് യാത്ര ആരംഭിച്ച് ആങ്ങാമൂഴി വഴി ഗവിയിലേക്ക് പോകുന്ന യാത്രയിൽ നിരവധി കാഴ്ചകളാണ് കാത്തിരിക്കുന്നത്. ആങ്ങാമൂഴിപ്പാലം കടക്കുന്നതോടെ തന്നെ യാത്രക്കാർ ഗവി യാത്രയുടെ വൈബിലേക്ക് എത്തും. ഇവിടുന്ന് കിലോമീറ്ററുകളോളം കാട്ടിലൂടെയാണ് യാത്ര. ആങ്ങാമൂഴിയിൽ നിന്ന് ആദ്യം പോകുന്നത് കൊച്ചാണ്ടി ചെക് പോസ്റ്റിലേക്കാണ്. ഗവിയിലേക്കുള്ള ഈ കവാടം കടന്ന് മൂഴിയാർ ഡാമിലേക്ക് പോകും.

പത്തനംതിട്ടയിലെ ചെറിയ അണക്കെട്ടുകളിലൊന്നായ മൂഴിയാർ ഡാം കക്കി റിസർവോയറിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ആങ്ങാമൂഴിയിൽ നിന്ന് മൂഴിയാർ ഡാമിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട്. ഡാമിനു മുകളിലൂടെയാണ് ബസ് കടന്നു പോവുക. കുറച്ചുനേരം ഇവിടെ ചെലവഴിക്കാം. ഇവിടുന്ന് ഇനി പോകുന്നത് ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പവർ ഹൗസിന് മുന്നിലൂടെയാണ്.
ഇനി മൂഴിയാർ ജംങ്ഷനിലൂടെ കെഎസ്ഇബി ഐബിയ്ക്ക് മുന്നിലൂടെ പോകും. ഇനി അടുത്ത ലക്ഷ്യസ്ഥാനം ആറ് കിലോമീറ്റർ അകലെയുള്ള പെൻസ്റ്റോക്ക് പൈപ്പ് ക്രോസിങ് ആണ്. കക്കി അണക്കെട്ടിലെ വെള്ളം ഈ പെൻസ്റ്റോക്ക് പൈപ്പ് വഴിയാണ് പവർഹൗസിലേക്ക് എത്തിക്കുന്നത്. ഇവിടുന്ന് കക്കി ഡാമിലേക്ക് പോകും. ഇതുവരെ ആങ്ങാമൂഴിയിൽ നിന്നും36 കിമി സഞ്ചരിച്ചു കഴിഞ്ഞു.
പമ്പാ നദിയുടെ പോഷകനദിയായ കക്കിയിലാണ് കക്കി ഡാം നിർമ്മിച്ചിരിക്കുന്നത്. ആദ്യം കക്കി ഡാം വ്യൂപോയിന്‍റിലേക്കാണ് എത്തുന്നത്. ഇവിടുന്ന് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ കക്കി ഡാമിലെത്താം. അണക്കെട്ടിനു മുകളിലൂടെ നടക്കാനും കാഴ്ചകൾ പകർത്തുവാനും കാണുവാനും ഇവിടെ സാധിക്കും.

PC:KSEB
ഇവിടുന്ന് നാല് കിലോമീറ്റര്‍ ദൂരെയുള്ള ആനത്തോട് ഡാമിലേക്കാണ് അടുത്ത യാത്ര. അതുകഴിഞ്ഞ് 9 കിലോമീറ്റർ അകലെയുള്ള കൊച്ചുപമ്പ ഡാമിലെത്തും. വഴിയിൽ ഭാഗ്യമുണ്ടെങ്കിൽ മാനുകളെയും ആനക്കൂട്ടത്തെയും ഒക്കെ കാണാം. ഇനി ഇവിടുന്ന് 10 കിലോമീറ്റർ കൂടി ദൂരമുണ്ട് ഗവിയിലേക്കെത്തുവാൻ.
ഗവിയിൽ ഈ യാത്രയിലെ അഞ്ചാമത്തെ അണക്കെട്ടായ ഗവി ഡാം ആണ് കാത്തിരിക്കുന്നത്. ഗവിയാർ അണക്കെട്ട് എന്നും ഇതിനെ പറയുന്നു. ഗവിയാർ പുഴയ്ക്കു കുറുകെയാണിത്. ഡാമിലൂടെ ബോട്ടിങ്ങിനുള്ള സൗകര്യം സഞ്ചാരികൾക്കുണ്ട്. ഡാമിനു മുകളിലൂടെ നടക്കുവാനും കാഴ്ചകൾ പകർത്താനും ഒക്കെ ആളുകൾ ഇവിടെ മത്സരിക്കാറുണ്ട്.
ഗവിയില്‍ നിന്ന് തിരികെ പത്തനംതിട്ടയ്ക്ക് വന്നവഴി മടങ്ങാനാവില്ല. പകരം വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി വേണം പോകുവാൻ. വള്ളക്കടവിലേക്ക് ഗവിയിൽ നിന്ന് 20 കിലോമീറ്റർ യാത്രയുണ്ട്. ഈ 20 കിമിയിൽ കുരങ്ങന്മാരെയും പുല്മേടുകളും ഒക്കെക്കാണാം. ഇത്രയും കാഴ്ചകളാണ് പത്തനംതിട്ടയിൽ നിന്നും ഗവി വരെ നിങ്ങളെ കാത്തിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












