ഏതൊക്കെ സീസൺ മാറിവന്നാലും ധൈര്യമായി ബാഗ് പാക്ക് ചെയ്തു പോകാൻ പറ്റിയ ഒരിടമുണ്ടെങ്കിൽ അത് ഇടുക്കിയാണ്. കാണാനാഗ്രഹിച്ച കാഴ്ച കാണാൻ കഴിഞ്ഞില്ലെങ്കിൽ പോലും മനസ്സു നിറയ്ക്കുന്ന മനോഹരമായ ഒരിടം ഉറപ്പായും നിങ്ങൾ ഇടുക്കിയിൽ കണ്ടിരിക്കും. അങ്ങനെ അധികമാരും പോകാത്ത, പ്രത്യേകിച്ച് പാക്കേജ് ടൂറുകളിലും മറ്റും ഉൾപ്പെടുത്താത്ത കുറച്ചിടങ്ങൾ കാണാനിറങ്ങിയാലോ.. നമ്മുടെ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ തന്നെയാണ് ഇങ്ങനെയൊരു യാത്ര ഒരുക്കിയിരിക്കുന്നത്.
ഇടുക്കിയിൽ ഒത്തിരിപ്പേരൊന്നും എത്തിച്ചേരാത്ത, തേയിലത്തോട്ടങ്ങൾക്കു നടുവിൽ മനോഹരമായി പണിതുയർത്തിയ പട്ടുമല ദേവാലയം, കേരളത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി വെള്ളത്തിലിറങ്ങുവാൻ സാധിക്കുന്ന ആനയടിക്കുത്ത് വെള്ളച്ചാട്ടം, പിന്നെ കുട്ടിക്കാനത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന അമ്മച്ചിക്കൊട്ടാരം എന്നിങ്ങനെ മൂന്നിടങ്ങളാണ് യാത്രയിലുള്ളത്. തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ഈ യാത്ര ഒരുക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഒറ്റദിവസത്തിൽ ഇടുക്കിയിലെ ഈ മൂന്നിടങ്ങളും കണ്ടുവരാൻ സാധിക്കുന്ന യാത്ര ആർക്കും പോകാൻ പറ്റിയ ഒന്നാണ്. പുലർച്ചെ 4.00 മണിക്ക് കിളിമാനൂരിൽ നിന്ന് പുറപ്പെട്ട് തിരികെ രാത്രി പത്ത് മണിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ യാത്രയിൽ നിങ്ങൾ കാണുന്ന മൂന്നിടങ്ങളും വിശദമായി പരിചയപ്പെട്ടാലോ..
പട്ടുമല ദേവാലയം
ഇടുക്കിയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നാണ് പട്ടുമല പള്ളി. കോട്ടയം -കുമളി റോഡിൽ പീരുമേട് പഞ്ചായത്തിന്‍റെ ഭാഗമായി സ്ഥിതി ചെയ്യുന്ന പള്ളിയുടെ സ്ഥാനമാണ് പ്രധാന ആകർഷണം. പ്രധാനറോഡിൽ നിന്നും കുറച്ചു കയറി തേയിലത്തോട്ടങ്ങൾക്കു നടുവിലായാണ് പട്ടുമല പള്ളിയുള്ളത്. കരിങ്കല്ലുകൊണ്ട് നിർമ്മിച്ച ഇവിടെ നിന്നാൽ തേയിലത്തോട്ടങ്ങളുടെ വിശാലമായ ദൂരക്കാഴ്ചയും കാണാം. തിരുവനന്തപുരത്തെ ആർക്കിടെക്റ്റ് ജെ പി ബ്രൈറ്റ് ആണ് ഈ പള്ളിയുടെ ഡിസൈനർ. ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് ചർച്ച് എന്നാണ് പട്ടുമല പള്ളിയുടെ പേര്.
ആനയടിക്കുത്ത് വെള്ളച്ചാട്ടം
ആനയടിക്കുത്ത് വെള്ളച്ചാട്ടം അഥവാ ആനചാടിക്കുത്ത് വെള്ളച്ചാട്ടം ഇടുക്കിയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ്. മുകളിലെ പരന്ന പാറക്കെട്ടിൽ നിന്നും താഴേക്ക് വിശാലമായി പതിക്കുന്ന വെള്ളച്ചാട്ടം കാണണം. ഇലകൾക്ക് മറവിലൂടെയാണ് ഇതിനെ ആദ്യം നമ്മക്ക് കാണാനാവുക. ആഴമൊട്ടും ഇല്ലാത്ത ഇടത്തേയ്ക്ക് പതിച്ച് പരന്നൊഴുകുന്ന ഇതിന്‍റെ ഭംഗി തൊട്ടടുത്ത് പോയിനിന്ന് കാണാം, അപകട സാധ്യത തീരെ കുറഞ്ഞ വെള്ളച്ചാട്ടമാണ് ആനചാടിക്കുത്ത്. ത്. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ വരണം ഇവിടെയെത്തുവാൻ
അമ്മച്ചിക്കൊട്ടാരം
കോടമഞ്ഞ് മൂടിക്കിടക്കുന്ന, കാട്ടുവഴികൾ കയറിയെത്തേണ്ട ഒരു കൊട്ടാരമാണ് കുട്ടിക്കാനത്തിനു സമീപം സ്ഥിതി ചെയ്യുന്ന അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായിരുന്ന ഇവിടം കുട്ടിക്കാനത്തു നിന്നും ഒരു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ദര്‍ബാര്‍ ഹാൾ, മഹാരാജാവിന്റെ മന്ത്രമണ്ഡപം, കുതിരലായം, ഭൂഗര്‍ഭപാതകൾ, കളിസ്ഥലം കല്‍ക്കുളം എന്നിവയൊക്കെയുള്ള സവിശേഷമായ നിർമ്മിതിയാണ് അമ്മച്ചിക്കൊട്ടാരത്തിനുള്ളത്. 25 ഏക്കർ സ്ഥലത്തിനു നടുവിലായാണ് ഇതുള്ളത്.
തിരുവിതാംകൂർ രാജാവിന്റെ പത്‌നി താമസിച്ചിരുന്ന കൊട്ടാരമായതിനാലാണ് ഇത് അമ്മച്ചി കൊട്ടാരം എന്നറിയപ്പെടുന്നത്. തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. പുറംകാഴ്ചയിൽ കേരളീയ വാസ്തുവിദ്യ ആണെങ്കിലും അകത്ത് വിദേശ നിർമ്മിതികൾ ധാരാളമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












