ഇന്ത്യക്കാരുടെ യാത്രകളെയും യാത്രാ സംസ്കാരത്തെയും മൊത്തത്തിൽ
മാറ്റിയാണ് വന്ദേ ഭാരത് പാളത്തിലിറങ്ങിയത്. അകലെ സ്ഥിതി ചെയ്യുന്ന രണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് വന്ദേ ഭാരതിന്‍റെ ലക്ഷ്യമെങ്കിൽ തിരക്കേറിയ റൂട്ടുകളിലെ പാസഞ്ചർ / മെമു ട്രെയിനുകൾക്ക് പകരമായി എത്തുന്നവയാണ് വന്ദേ മെട്രോ എന്ന നമോ ഭാരത് റാപ്പിഡ് റെയില്‍ ട്രെയിനുകൾ. വന്ദേ ഭാരതിന്‍റെ മിനി പതിപ്പായ വന്ദേ മെട്രോ ആദ്യ ഓട്ടം ഓടിയതു മുതൽ കേരളവും കാത്തിരിപ്പിലാണ്. കാത്തിരിപ്പ് വെറുതേയാവില്ലെന്നും പത്ത് നമോ ഭാരത് ട്രെയിനുകൾ കേരളത്തിൽ സർവീസ് നടത്തുമെന്നുമാണ് വാർത്തകള്‍.
നഗരങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമാക്കുക മാത്രമല്ല, കുറഞ്ഞ ചെലവും കൂടുതൽ വേഗതയും കുറഞ്ഞ യാത്രാ സമയവും വിവിധ നഗരങ്ങൾക്കിടയിലുള്ള യാത്രയുമെല്ലാം നമോ ഭാരത് ട്രെയിനുകളെ കാത്തിരിക്കാനുള്ള കാരണങ്ങളാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിനോദസ, ആത്മായ യാത്രകൾക്ക് വേഗം പകരുവാൻ ഇനി നമോ ഭാരത് ട്രെയിനുകൾ എത്തിയാൽ മാത്രം മതി. ഈ സാമ്പത്തിക വർഷം തന്നെ കേരളത്തിലേക്കും നമോ ഭാരത് റേക്കുകൾ എത്തുമെന്നാണ് പ്രതീക്ഷ.
നമോ ഭാരത് ട്രെയിൻ, കേരളം പ്രതീക്ഷിക്കുന്ന റൂട്ടുകൾ
കേരളത്തിൽ നമോ ഭാരത് റാപ്പിഡ് റെയില്‍ ട്രെയിനുകൾക്കായി തിരുവനന്തപുരവും പാലക്കാട് റെയിൽവേ സ്റ്റേഷനും നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്ലം - തൃശൂർ,
കൊല്ലം - തിരുനെൽവേലി,
തിരുവനന്തപുരം - എറണാകുളം,
ഗുരുവായൂർ - മധുര തുടങ്ങിയ ഉൾപ്പെടെ 10 റൂട്ടുകളിൽ കേരളത്തിൽ നമോ ഭാരത് ട്രെയിനുകൾ ഓടും. കേരളത്തിനുള്ളിൽ മാത്രമല്ല, തമിഴ്നാട്ടിലേക്കും നീളുന്ന റൂട്ടുകളാമ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരത്തിനും പ്രാദേശിക ബിസിനസുകൾക്കും ഉപകാര പ്രദമാകും ഇതെന്നാണ് കരുതുന്നത്.
ഏറ്റവും പ്രയോജനം കൊല്ലത്തിന്
പുറത്തു വന്ന വിവരങ്ങളനുസരിച്ച് കേരളത്തിന് ലഭിക്കുന്ന പത്ത് നമോ ഭാരത് ട്രെയിനുകളില് നാലെണ്ണം കൊല്ലത്തിന് പ്രയോജനപ്രദമാണ്. ഇതിൽ രണ്ടെണ്ണം ആരംഭിക്കുന്നത് കൊല്ലത്തു നിന്നും മറ്റു രണ്ടെണ്ണം കടന്നു പോകുന്നത് കൊല്ലം വഴിയുമാണ്. ഇവ കൊല്ലത്തിനറെ വിനോദസഞ്ചാര സാധ്യതകളെ വളർത്തുമെന്നും ആഭ്യന്തര- അന്താരാഷ്ട്ര സഞ്ചാരികൾക്ക് അവരുടെ കേരളാ യാത്രയിൽ എളുപ്പം കൊല്ലത്തെ ഉൾപ്പെടുത്തുവാനും സാധിക്കുന്ന തരത്തിലുള്ള മാറ്റമാകും.
കൊല്ലം-തൃശൂർ, കൊല്ലം-തിരുനെൽവേലി എന്നിവയാണ് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കൊല്ലത്തു നിന്നും ആരംഭിക്കുന്ന നമോ ഭാരത് സര്‍വീസുകൾ, തിരുവനന്തപുരം-എറണാകുളം, ഗുരുവായൂർ-മധുര എന്നിവ കടന്നു പോകുന്നത് കൊല്ലം വഴിയാണ്. അതേസമയം, കൊല്ലത്തിന്‍റെ ഭംഗി കാണാൻ സഞ്ചാരികളെ അനുവദിക്കുന്നത് കൊല്ലം-തിരുനെൽവേലിയും ഗുരുവായൂർ-മധുര സർവീസും ആയിരിക്കും. ഇരു ട്രെയിനുകളും കൊല്ലത്തു നിന്ന് കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ് , തെങ്കാശി എത്തിയാണ് അവിടുന്ന് മധുരയിലേക്കും തിരുനെൽവേലിയിലേക്കും തിരിയുക.
കൊല്ലം- ചെങ്കോട്ട പാതയിലെ കാഴ്ചകൾ ആസ്വദിക്കാൻ ഈ രണ്ടു സർവീസുകളും യാത്രക്കാരെ സഹായിക്കും.
കൊല്ലം- ചെങ്കോട്ട പാതയിൽ ചെറിയ സ്റ്റേഷനുകളിൽ കൂടി നിർത്തുന്ന വിധത്തിൽ യാത്ര ക്രമീകരിച്ചാൽ തെന്മല അണക്കെട്ട്, പാലരുവി വെള്ളച്ചാട്ടം, റോസ്മല തുടങ്ങിയ കൊല്ലത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പ്രയോജനപ്പെടും. ഇത് കൂടാതെ, വിദേശികളടക്കമുള്ളവർ എത്തുന്ന മൺറോ തുരുത്തിൽ കൂടി സ്റ്റോപ്പ് കിട്ടിയാൽ അതും വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കും.
നമോ ഭാരത് ടിക്കറ്റ് നിരക്ക്
ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച യാത്ര നടത്തുവാൻ യാത്രക്കാരെ അനുവദിക്കുന്നതാണ് നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിൻ സർവീസ്. 100 നും 250 നും ഇടയിൽ ദൈര്‍ഘ്യമുള്ള നഗരങ്ങളെയാണ് നമോ ഭാരത് ബന്ധിപ്പിക്കുന്നത്. കുട്ടികളുടെ കുറഞ്ഞ നിരക്ക് നമോഭാരതിൽ 5 രൂപയും മുതിർന്നവർക്ക് 30 രൂപയും ആയിരിക്കും. പാസഞ്ചർ ട്രെയിനുകളില്‍ ടിക്കറ്റ് എടുക്കുന്നതു പോലെ റെയിൽവേ സ്റ്റേഷനിലെ കൗണ്ടറുകളിൽ നിന്നും നമോഭാരതിന് ടിക്കറ്റ് എടുക്കാം. കൂടാതെ, സീസൺ ടിക്കറ്റുകൾ എടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
നമോ ഭാരത് റാപ്പിഡ് റെയിൽ പ്രത്യേകതകൾ
ഏറ്റവും മികച്ച സൗകര്യങ്ങളും സുഖപ്രദമായ യാത്രയും ഉറപ്പു വരുത്തുന്നവയാണ് നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിൻ. മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ വരെ വേഗത ഇതിനുണ്ട്. സിസി ടിവി, ഓട്ടോമാറ്റിക് സ്ലൈഡിങ് ഡോർ, മൊബൈൽ ചാർജിംഗ് സോക്കറ്റുകൾ, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇൻഡിക്കേറ്റർ ഡിസ്പ്ലേ, പനോരമിക് വിൻഡോകൾ എന്നിവയും ഇതിലുണ്ട്. ഓരോ കോച്ചിലും 104 പേർക്ക് ഇരിക്കാനും 185 പേർക്ക് നിൽക്കാനും സാധിക്കും. എട്ടു മുതൽ 16 കോച്ചുകൾ വരെ നമോ ഭാരതിന് കോച്ചുകൾ ഉണ്ടായിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














