കേരളാ വിനോദ സഞ്ചാരരംഗത്ത് മാറ്റങ്ങളുടെയും കൂട്ടിച്ചേർക്കലുകളുടെയും വർഷമായിരുന്നു 2023. ടൂറിസത്തിന്‍റെ സാധ്യതളും പുത്തൻ ആശയങ്ങളും കൈനീട്ടി സ്വീകരിച്ച സമയം. കൊവിഡ് കാലം കഴിഞ്ഞ് ആളുകൾ യാത്രകളുടെ ലോകത്തേയ്ക്ക് പൂർണ്ണമായും മടങ്ങി വന്ന ഈ വർഷം കേരളത്തിൽ തന്നെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെ വന്നു.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള യാത്ര സുഗമമാക്കിയ വന്ദേ ഭാരത് ട്രെയിൻ മുതൽ സാഹസികരെ ആവേശത്തിലാക്കിയ വാഗമണ്ണിലെ ചില്ലുപാലം വരെ അക്കമിട്ടു പറയാവുന്ന ആകർഷണങ്ങൾ ഉണ്ട് ഓരോ മലയാളിക്കും അഭിമാനിക്കുവാൻ. ഇതാ തിരിഞ്ഞു നോക്കുമ്പോൾ 2023 ലെ കേരളത്തിലെ ഏറ്റവും പ്രധാന യാത്ര വിശേഷങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

1. വന്ദേ ഭാരത് ട്രെയിൻ സർവീസ്
കേരളത്തിന് ഈ വർഷം ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണ് വന്ദേ ഭാരത് ട്രെയിൻ സർവീസ്. കാത്തിരിപ്പിനും ആകാംക്ഷകൾക്കും ഒടുവിൽ 2023 ഏപ്രിൽ 25 നാണ് ആരംഭിച്ചത്. കാസർകോഡ്- തിരുവനന്തപുരം റൂട്ടിൽ കോട്ടയം വഴിയാണ് (20633/20634) ഈ വന്ദേ ഭാരത് സർവീസ് നടത്തുന്നത്. രാജ്യത്തെ പതിനഞ്ചാമത്തെ വന്ദേ ഭാരത് സർവീസായ ഇത്
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച, ആള്‍ത്തിരക്കുള്ള വന്ദേ ഭാരത് സർവീസാണ്.
കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരത് ട്രെയിൻ സർവീസ് 20631/20632 കാസർകോഡ്- തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ് നടത്തുന്നത്. രാജ്യത്തെ 33-ാം വന്ദേ ഭാരത് സർവീസായ ഇത് 2023 സെപ്റ്റംബർ 24 നാണ് സര്‍വീസ് ആരംഭിച്ചത്. സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പു വരുത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ വിജയകരമായി സർവീസ് നടത്തുന്നു.കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യാത്രകൾ എളുപ്പത്തിൽ എത്തിച്ചേരാൻ വന്ദേ ഭാരത് സർവീസുകൾ വിനോദസഞ്ചാരികളെ സഹായിക്കുന്നു.
2. വാട്ടർ മെട്രോ
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ സർവീസ് ആണ് കൊച്ചിയിലേത്. സംയോജിത നഗരഗതാഗതത്തിന്‍റെ ഭാഗമായി ഒരുക്കുന്ന വാട്ടർ മെട്രോ കൊച്ചിയിലെ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. ഹൈക്കോർട്ട് ടെർമിനൽ- വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ടു റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. വാട്ടർ മെട്രോയുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്.
3. വാഗമൺ ചില്ലുപാലം
കേരളാ ടൂറിസം 2023 ല്‍ സഞ്ചാരികൾക്കായി ഒരുക്കിയ മാറ്റങ്ങളിലൊന്ന് വാഗമണ്ണിലെ ചില്ലുപാലം ആണ്. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം വാഗമണ്ണിലെ കോലാഹലമേട്ടിൽ അഡ്വഞ്ചർ പാർക്കിന്‍റെ ഭാഗമായാണ് നിലകൊള്ളുന്നത്. സമുദ്രനിരപ്പിൽ 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് 40 മീറ്റർ നീളമുണ്ട്. മൂന്നുകോടി രൂപാ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ചില്ലുപാലത്തിൽ ഒരു സമയം 15 പേർക്കു വരെ കയറാം. 250 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ എന്നിവിടങ്ങളുടെ ദൂരക്കാഴ്ചയും ഇവിടെ കാണാം.
4. ഫ്ലോട്ടിങ് ബ്രിഡ്ജ്
കേരളാ വിനോദസഞ്ചാരം ഈ വർഷം അവതരിപ്പിച്ച് വൻ വിജയമായി തീർന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്. കടലിലേക്കിറങ്ങി നിന്ന് തിരകൾക്കൊപ്പം കടലിനെ ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവടെ ലഭിക്കുന്നത്. ഉന്നത നിലവാരമുള്ള പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് പൂർണ്ണ സുരക്ഷിതത്വം ഉറപ്പു നല്കുന്നു, ചാവക്കാട്, താനൂർ, ബേക്കൽ, ബേപ്പൂർ, മുഴപ്പിലങ്ങാട്, കുഴുപ്പള്ളി, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും മുതിർന്ന ആളുകൾക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവർക്കും പാലത്തിൽ പ്രവേശനം അനുവദിക്കില്ല. കടലിലറങ്ങാൻ മടിയുള്ളവർക്ക് സുരക്ഷിതമായി നടന്നാസ്വദിക്കാൻ ഇത് പ്രയോജനപ്പെടുത്താം. എല്ലാ സ്ഥലങ്ങളിലും വമ്പൻ ഹിറ്റാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












