ഒഡീഷയിലെ ബുദ്ധിസ്റ്റ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത് ലളിത്‌ഗിരി, രത്‌നഗിരി, ഉദയഗിരി, ധൗലിഗിരി മലകളിലാണ്. ഇതില്‍ ഉദയഗിരിയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ധൗലിഗിരിയിലേതാണ് ഏറ്റവും പ്രധാനമെന്ന് കരുതപ്പെടുന്നത്. ധൗലിഗിരിയിലാണ് കലിംഗയുദ്ധം നടന്നതെന്നാണ് കരുതപ്പെടുന്നത്. പരമാധികാരത്തിനായുള്ള യുദ്ധം അവസാനിപ്പിച്ച് ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം കണ്ടെത്തുന്നതിനായി അശോക ചക്രവര്‍ത്തി ബുദ്ധമതം സ്വീകരിച്ചതും ഇവിടെ വച്ചാണന്നാണ് പറയപ്പെടുന്നത്.
ശിലാലിഖിതങ്ങള്‍, സ്‌തൂപങ്ങള്‍, രാജശാനം, ബുദ്ധ പ്രതിമകള്‍ തുടങ്ങി ഈ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുള്ള വസ്‌തുക്കള്‍ നല്‍കുന്ന സൂചന അശോക ചക്രവര്‍ത്തി ബുദ്ധമതത്തില്‍ ശക്തമായി വിശ്വസിച്ചിരുന്നു എന്നാണ്. നിരവധി തൂണുകള്‍ ഇവിടെ നിന്ന് കുഴിച്ചെടുത്തിട്ടുണ്ട്. 1970 ല്‍ മലമുകളില്‍ സ്ഥാപിച്ച ശാന്തി സ്‌തൂപ എന്ന വെള്ള ബുദ്ധ ക്ഷേത്രത്തിലേക്ക് എല്ലാ വര്‍ഷവും നിരവധി ബുദ്ധമത വിശ്വാസികള്‍ എത്താറുണ്ട്. ഈ സ്‌തൂപത്തില്‍ നിരവധി ബുദ്ധ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. മലമുകളിലുള്ള ശിവ ക്ഷേത്രത്തില്‍ ശിവ രാത്രി നാളുകളില്‍ വലിയ ആഘോഷങ്ങള്‍ നടക്കാറുണ്ട്.



Click it and Unblock the Notifications