വജ്രത്തിളക്കമുള്ള സൂററ്റ്

ഹോം » സ്ഥലങ്ങൾ » സൂററ്റ് » ഓവര്‍വ്യൂ

ഗുജറാത്തിന് തെക്ക്-പടിഞ്ഞാറുള്ള തുറമുഖനഗരമാണ് സൂററ്റ്.വജ്രവ്യവസായവും തുണിവ്യവസായവുമാണ് ഇന്ന് സൂററ്റിന്‍റെ  മുഖമുദ്രയെങ്കിലും ഇന്ത്യചരിത്രം പരിശോധിച്ചാല്‍ തിളങ്ങുന്ന ഒരു ഭൂതകാലവും സൂററ്റിനുണ്ടെന്ന് മനസ്സിലാകും.

ചരിത്രം

എ ഡി 990 ല്‍ 'സൂര്യദേവന്‍റെ നഗരം' എന്ന് അര്‍ത്ഥത്തില്‍ 'സൂര്യാപൂര്‍' എന്നാണ് സൂററ്റ് അറിയപ്പെട്ടിരുന്നത്.12ാം നൂറ്റാണ്ടില്‍  ഇവിടെ പാഴ്സി വിഭാഗത്തിന്‍റെ താമസസ്ഥലമായി മാറി. പിന്നീട് കുത്തബ്ബുദ്ദീന്‍ ഐബക്കിന്‍റെ പടയോട്ടം വരെ  പടിഞ്ഞാറന്‍ ചാലൂക്യ  രാജഭരണത്തിന് കീഴിലായിരുന്നു സൂററ്റ്.1514 ല്‍ ഗുജറാത്തിലെ സുല്‍ത്താന്‍ ഭരണത്തിന് കീഴിലായിരിക്കേ ഭരണരംഗത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഗോപി എന്ന ബ്രഹ്മണനാണ് സൂററ്റിന്‍റെ പ്രതാപകാലത്തിന് തുടക്കമിട്ടത്.സൂററ്റിനെ മികച്ച ഒരു വ്യവസായകേന്ദ്രമാക്കാമെന്ന് അദ്ദേഹം സംരംഭകരെ പറഞ്ഞു മനസ്സിലാക്കി. വ്യവസായങ്ങള്‍ പച്ച പിടിച്ചതോടെ സമ്പന്നമായ നഗരത്തെ സംരക്ഷിക്കാന്‍ സുല്‍ത്താന്‍റെ കാലത്ത് പ്രത്യേക മതിലും പണിതിരുന്നു.സൂററ്റില്‍ ഇന്നും ഈ മതിലിന്‍റെ അവശിഷ്ടങ്ങളുണ്ട്.

പിന്നീട് മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബറിന്‍റെയും,ജഹാംഗീറിന്‍റെയും,ഷാജഹാന്‍റെയും കാലങ്ങളില്‍  സൂററ്റ് പ്രധാന തുറമുഖ വ്യവസായകേന്ദ്രമായിത്തന്നെ  നിലകൊണ്ടു. അക്കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദങ്ങളിലൊന്നായിരുന്ന സൂററ്റ്. ഇതുകൂടാതെ മുസ്ലീം  തീര്‍ത്ഥാടനകേന്ദ്രമായ മക്കയിലേക്ക് ഹജ്ജ് കര്‍മ്മത്തിനായി വിശ്വാസികള്‍ പോകുന്നതും സൂററ്റ് തുറമുഖം വഴിയായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യകപ്പല്‍ ഇന്ത്യയില്‍ നങ്കൂരമിട്ടതും സൂററ്റിലാണ്. ബ്രിട്ടീഷ് ഭരണകാലത്തും  സൂററ്റ് സകല പ്രഭാവങ്ങളോടും  കൂടി വാണിജ്യവ്യവസായ രംഗത്ത് ജ്വലിച്ചുതന്നെനിന്നു. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ വ്യവസായ തലസ്ഥാനം ബോംബെയാക്കിമാറ്റിയതോടെ പതിയെ പതിയെ സൂററ്റിന്‍റെ പ്രതാപകാലത്തിന് തിരശ്ശീല വീണു.

സൂററ്റ് നഗരം

ചരിത്രപ്രസിദ്ധിനേടിയ തുറമുഖനഗരമായ സൂററ്റ് ഇന്ന് അറിയപ്പെടുന്നത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വജ്രവ്യവസായത്തിന്‍റെയും തുണിവ്യവസായത്തിന്‍റെയും പേരിലാണ്. ലോക വജ്രകമ്പോളത്തിലുള്ള 92 ശതമാനം വജ്രങ്ങളും കട്ട് ചെയ്തു പോളീഷ് മിനുക്കിയെടുക്കുന്നത്  സൂററ്റില്‍ വച്ചാണ്. ഇതുകൂടാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബ്രോയ്ഡറി മെഷീനുകളുള്ള നഗരം എന്ന നിലയില്‍ 'ഇന്ത്യയുടെ  എംബ്രോയ്ഡറി തലസ്ഥാനം' എന്ന ഓമനപ്പേരും സൂററ്റിനുണ്ട്.ലോകത്ത് അനുദിനം വളരെവേഗത്തില്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് സൂററ്റ് എന്നും പഠനങ്ങളുണ്ട്.  ഇതുകൊണ്ട് തന്നെ ഗുജറാത്തിന്‍റെ  വാണിജ്യതലസ്ഥാനമായാണ് സൂററ്റിനെ കണക്കാക്കുന്നത്.

വജ്രവ്യവസായം

കിഴക്കന്‍ ആഫ്രിക്കയില്‍ ഡയമണ്ട് കട്ടിംഗ് നടത്തിക്കൊണ്ടിരുന്ന ഗുജറാത്ത് സ്വദേശികള്‍ 1901 ല്‍ തിരിച്ചെത്തി സൂററ്റില്‍ തുടങ്ങിയ പ്രാദേശിക വജ്രവ്യവസായമാണ് പിന്നീട് സൂററ്റിനെ ലോകശ്രദ്ധ നേടുന്ന വജ്രവ്യവസായകേന്ദ്രമാക്കി മാറ്റിയത്.1970 ഓടെ അരേരിക്കന്‍ കമ്പോളത്തിലേക്ക് സൂററ്റ്ില് നിന്നും മിനുക്കിയൊരുക്കിയ വജ്രം കയറ്റുമതി ചെയ്യാന്‍ തുടങ്ങി.വിലപിടിപ്പുള്ള വജ്രക്കല്ലുകള്‍ ഒരുക്കുന്ന സൂററ്റിന് ഇന്ന് ലോകവജ്രവിപണിയില്‍ സ്വന്തമായ സ്ഥാനമുണ്ട്.

ഭൂമിശാസ്ത്രം

സൂററ്റിന് വടക്ക് കൊസാമ്പയും തെക്ക് ബില്ലിമോറയുമാണ്.കിഴക്ക് താപ്തി നദിയൊഴുകുമ്പോള്‍ പടിഞ്ഞാറ് ഘാംബട്ട് ഉള്‍ക്കടലാണ്.സൂററ്റ് ജില്ലയുടെ വടക്കാണ് ബാറുച്ച്, നര്‍മ്മദാ ജില്ലകളുള്ളത്.തെക്ക് ഭാഗത്ത് നവസരി,ഡാംഗ് ജില്ലകളാണ്. സൂററ്റിന് 284 കിലോമീറ്റര്‍ വടക്കാണ് ഗാന്ധിനഗര്‍ സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ

ഉഷ്ണമേഖലാ പുല്‍മേടുകളിലെ കാലാവസ്ഥയാണ് സൂററ്റിലുള്ളത്.കാലാവസ്ഥയില്‍ അറബിക്കടലിന്‍റെ സ്വാധീനം പ്രകടമാണ്.ജൂണ്‍ അവസാനം മുതല്‍ സെപ്തംബര്‍ വരെ ഇവിടെ കനത്ത മഴ ലഭിക്കാറുണ്ട്.മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം.ഇതില്‍ ഏപ്രില്‍ മെയ് മാസങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലും ഇവിടെ കനത്ത് ചൂട് അനുഭവപ്പെടാറുണ്ട്.ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ മഞ്ഞുകാലം.

യാത്ര

എസ് എം എസ് എസ് സംവിധാനമുള്ള ആധുനിക ബസ്സുകള്‍ സൂററ്റ് നഗരത്തിനകത്ത് സര്‍വ്വീസ് നടത്തുന്നുണ്ട്.  സി എന്‍ ജിയില്‍  പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങളിലുള്ള LCD മോണിറ്ററിലൂടെ യാത്രക്കാര്‍ക്ക് തങ്ങള്‍ പോകുന്ന വഴി കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.

ജനങ്ങള്‍

ഗുജറാത്തി, സിന്ധി, ഹിന്ദി, മാര്‍വാഡി, മറാത്തി, തെലുങ്ക്, ഒറിയ, തുടങ്ങി പല ഭാഷകള്‍ സൂററ്റില്‍ സംസാരിക്കാറുണ്ട്.  ജനസംഖ്യയുടെ  70 ശതമാനവും കുടിയേറ്റക്കാരായ അന്യസംസ്ഥാനക്കാരാണെന്നതാണ് ഇതിന് കാരണം. ജൈനമതക്കാരും പാഴ്സികളും ഇന്നും  സൂററ്റിലുണ്ട്. പ്രദേശികഭാഷ സംസാരിക്കുന്ന സൂററ്റ് സ്വദേശികളെ 'സൂര്‍ത്തീകള്‍' എന്നാണ് വിളിക്കാറ്. സൂര്‍ത്തികള്‍ പൊതുവേ വത്യസ്തരാണ്.  എല്ലാത്തില്‍ നിന്നും അല്‍പ്പം അകന്നുനില്‍ക്കുമെങ്കിലും സൂര്‍ത്തികള്‍ തമാശപ്രിയരും ഭക്ഷണപ്രിയരും സല്‍സ്വഭാവികളുമാണ്.

സംസ്ക്കാരവും ആഘോഷങ്ങളും

സൂററ്റിലെ എരിവു നിറഞ്ഞ രുചികള്‍ ഗുജറാത്തില്‍ ഏറെ പ്രസിദ്ധമാണ്. ഇതുകൂടാതെ പ്രത്യേക മധുരപലഹാരങ്ങളും സൂര്‍ത്തികളുടേതായിട്ടുണ്ട്. ഇതിലൊന്നാണ് 'ഘരി' എന്ന പ്രത്യേക മധുരപലഹാരം. ഒപ്പം ലോച്ചോ,ഉന്തിയു,റസാവാല ഖമാന്‍,സൂര്‍ത്തി ചൈനീസ് തുടങ്ങിയവയും സൂര്‍ത്തിരുചികളില്‍ പ്രധാനപ്പെട്ടവയാണ്. ഗുജറാത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വിപരീതമായി മാംസഭക്ഷണമാണ് സൂററ്റില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.

ആഘോഷങ്ങള്‍ക്കും പേരുകേട്ട നഗരമാണ് സൂററ്റ്.നവരാത്രി,ദീപാവലി,ഗണേശചതുര്‍ത്ഥി,മകരസംക്രാന്തി തുടങ്ങിയവയാണ് സൂററ്റിലെ പ്രധാന ആഘോഷദിവസങ്ങള്‍. മകരസംക്രാന്തി ദിവസം പട്ടം പറത്തിയാണ് ഇവിടത്തുകാര്‍ ആഘോഷിക്കുന്നത്. ചാന്ദി പാഡ്വോ ആണ് സൂര്‍ത്തികളുടെ മറ്റോരു ആഘോഷം. ഒക്ടോബര്‍ മാസത്തിലെ പൌര്‍ണമി ദിവസമായ ശരത് പൌര്‍ണമിക്ക് പിറ്റേദിവസമാണ്  ഈ ആഘോഷം നടക്കുന്നത്. ഈ ദിവസം സൂര്‍ത്തികള്‍ ഘരി ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങള്‍ വാങ്ങിയാണ് ആഘോഷിക്കുന്നത്.

കാഴ്ച്ചകള്‍

പാഴ്സി അഗ്യാരി, മാര്‍ജന്‍ ഷമി റോസ,ചിന്താമണി ജൈനക്ഷേത്രം,വീര്‍ നര്‍മ്മദ് സരസ്വതീ ക്ഷേത്രം,ഗോപി തലവ്,നവ് സെയ്ത് മസ്ജിദ്,റാന്‍ഡെര്‍ ,ജമാ മസ്ജിദ്, നവസരി,ബില്ലിമോറ,ഉധ്വാഡാ, സൂറത്ത് കോട്ട, തുടങ്ങിയവയാണ് സൂറത്തിലെ പ്രധാനകാഴ്ച്ചകള്‍  ഇതുകൂടാതെ നാര്‍ഗോള്‍,ദാണ്ഡി,ദുമാസ്,സുവാലി,തിതല്‍ തുടങ്ങി ബീച്ചുകളും സൂററ്റിനെ മനോഹരമാക്കുന്നു.  ഇത്തരത്തില്‍ വത്യസ്തമായ കാഴ്ച്ചകള്‍ സമാനിക്കുന്ന സൂററ്റ് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്നുറപ്പ്.

Please Wait while comments are loading...