വാസ്‌കോ എന്നാണ് വാസ്‌കോ ഡ ഗാമയെ സഞ്ചാരികള്‍ ചുരുക്കിവിളിക്കുന്നത്. ഗോവയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്ന്. ഗോവയുടെ സാമ്പത്തിക കേന്ദ്രം എന്നുവരെ വിളിക്കാവുന്ന നഗരമാണ് വാസ്‌കോ ഡ ഗാമ. സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒച്ചയും ബഹളവും നിറഞ്ഞ നഗരമാണിത്. ഗോവയുടെ മുഴുവന്‍ നാഡീസ്പന്ദനങ്ങളും അനുഭവിച്ചറിയാന്‍ ഏറ്റവും പറ്റിയയസ്ഥലമാണ് വാസ്‌കോ ഡ ഗാമ എന്നുപറഞ്ഞാല്‍ തെറ്റാകില്ല.
എയര്‍പോര്‍ട്ടിന് അടുത്താണെന്നതും നഗരഹൃഗദയമാണെന്നതും വാസ്‌കോയെ സഞ്ചാരികള്‍ക്ക് പ്രിയംകരമാക്കുന്നു. ഇതിനൊക്കെ പുറമേ നിരവധി ബോളിവുഡ് സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ട് വാസ്‌കോ. ബൈന, ബോഗ്മാലോ, ഹാന്‍സ തുടങ്ങിയവയാണ് വാസ്‌കോയ്ക്ക് സമീപത്തുള്ള പ്രശസ്തമായ ചില ബീച്ചുകള്‍. ഗ്രാന്‍ഡ്മദേഴ്‌സ് ഹോള്‍ എന്നുപേരായ ഒരുബീച്ചും വാസ്‌കോയ്ക്ക് സമീപത്തായുണ്ട്. സാന്ത കാതറീന കോട്ടയില്‍നിന്നും ഈ ബീച്ചിലേക്ക് തുറക്കുന്ന ഒരു ഇടുങ്ങിയ പാതയുണ്ട്. അതുകൊണ്ടാണ് ഈ ബീച്ചിന് ഇങ്ങനെയൊരു പേരുവന്നത് എന്നാണ് പറയപ്പെടുന്നത്.
ഗോവയുടെ പതിവുബഹളങ്ങള്‍ കുറവാണെങ്കിലും ഈ ബീച്ച് കാണാനായി നിരവധി ആളുകള്‍ എത്തിച്ചേരുന്നു. വൃത്തിയുള്ളതും സ്വച്ഛവുമാണ് പ്രകൃതിദത്തമായ ഈ ബീച്ചും പരിസരവും. കടലില്‍ മീന്‍പിടിക്കാന്‍ പോയ കൊച്ചുമക്കളെ അമ്മൂമ്മ കാത്തുനിന്ന സ്ഥലമാണിതെന്നും അങ്ങനെയാണ് ഈ പേരുവന്നതെന്നുമുള്ള ഒരു കഥയുമുണ്ട്. ബോഗ്മാലോ ബീച്ചിന് സമീപത്തുള്ള നേവല്‍ ഏവിയേഷന്‍ മ്യൂസിയമാണ് ഇവിടത്തെ മറ്റൊരു കാഴ്ച. പോര്‍ട്ടുഗീസുകാരുടെ കാലത്തെക്കുറിച്ചുള്ള ഗോവയുടെ നിരവധി കടല്‍ച്ചരിതങ്ങള്‍ ഇവിടെ കാണാം. ഇന്ത്യന്‍ നേവല്‍ എയര്‍ക്രാഫ്റ്റിന്റെ വളര്‍ച്ചയും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.
മര്‍ഗോവ തുറമുഖത്തിന് സമീപത്തായാണ് മര്‍മുഗോ കോട്ട സ്ഥിതിചെയ്യുന്നത്. 1624ലാണ് ഈ കോട്ട നിര്‍മിച്ചത്. ചരിത്രപ്രധാനമായ ഈ കോട്ടയില്‍ നിരവധി ശിലാലേഖനങ്ങള്‍ സംരക്ഷിച്ചുച്ചിരിക്കുന്നത് കാണാം. മനോഹരമായ ഈ കോട്ടയില്‍നിന്നും സായന്തനത്തിന്റെ മനംമയക്കുന്ന കാഴ്ചകള്‍ കാണാനായി നിരവധി യാത്രികരെത്തുന്നു. യാത്രികരെ കാത്ത് നിരവധി ഗൈഡുമാരും ഇവിടെയുണ്ടാകും. ഛത്രപതി ശിവജിയുടെ പേരിലുള്ള കോട്ടയാണ് നഗരക്കാഴ്ചകള്‍ക്കുമേലെ ഉയര്‍ന്നുനില്‍ക്കുന്ന വസ്‌കോയിലെ മറ്റൊരു ആകര്‍ഷകമായ കാഴ്ച.
ഡോണ പൗല ബീച്ചിലേക്കുള്ള ഫെരി, ബോട്ട് സര്‍വ്വീസുകളും ഈ ബീച്ചില്‍ നിന്നുലഭിക്കും. പനജിയില്‍ നിന്നും വളരെ അടുത്താണ് ഡോണ പൗല.വാസ്‌കോയില്‍ത്തന്നെ റെയില്‍വേ സ്‌റ്റേഷനുണ്ട്. ഒപ്പം ഡബോലിം സ്റ്റേഷനും വാസ്‌കോ ഡ ഗാമയ്ക്ക് വളരെ അടുത്താണ്. ഡബോലിം എയര്‍പോര്‍ട്ടാകട്ടെ കേവലം നാല് കിലോമീറ്റര്‍ അകലത്തിലാണ്. പനജിയില്‍നിന്നും ക്യാബുകള്‍ ലഭിക്കും. പുനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നും സ്ഥിരമായി വോള്‍വോ ബസ്സുകള്‍ വാസ്‌കോയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.



Click it and Unblock the Notifications