രാവണന് മേല്‍ നേടിയ വിജയം ആഘോഷിക്കുന്നതിനായി രാമന്‍ അയോദ്ധ്യയില്‍ അശ്വമേധം നടത്തിയെന്നാണ് വിശ്വാസം. ഈ യാഗം നടന്ന സ്ഥലത്താണ് ത്രേതാ കീഥാകൂര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ത്രേതാ കീ ഥാകൂര്‍ എന്ന് വിശേഷിപ്പിക്കുന്നത് ശ്രീരാമനെയാണ്. ത്രേതായുഗത്തിന്റെ അധിപന്‍ എന്ന അര്‍ത്ഥത്തിലാണ് രാമന് ഈ പേര് ലഭിച്ചത്.
300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍പ്രദേശിലെ കുളുവിലെ രാജാവ് ഇതേ പേരില്‍ അയോദ്ധ്യയിലെ നയാഘട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. പിന്നീട് മറാത്താ റാണിയായിരുന്ന അഹില്ല്യ ബായ് ഹോള്‍ക്കര്‍ ക്ഷേത്രം നവീകരിച്ചു.
ശ്രീരാമന്‍, ഭാര്യയായ സീത, സഹോദരന്മാരായ ലക്ഷ്‌മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍, സംരക്ഷകരായിരുന്ന ജയ്-വിജയ്, ഗുരുവായിരുന്ന വസിഷ്ടന്‍, സുഗ്രീവന്‍, ഹനുമാന്‍ എന്നിവരുടെയെല്ലാം വിഗ്രഹങ്ങള്‍ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്.
ശ്രീരാമന്‍, സീത, ലക്ഷ്‌മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ സരയൂനദീ തീരത്തുണ്ടായിരുന്ന പഴയ ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്നവയാണെന്ന് പറയപ്പെടുന്നു. ഒറ്റകല്ലില്‍ കൊത്തിയെടുത്തവയാണ് വിഗ്രഹങ്ങളെല്ലാം. കരിങ്കല്ലിലാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കര്‍ക്കിടകത്തിലെ പതിനൊന്നാം ദിവസമായ ഏകാദശിക്ക് ക്ഷേത്രം തുറക്കും. ശ്രീരാമദേവന്റെ അനുഗ്രഹങ്ങള്‍ തേടി ആയിരങ്ങളാണ് അന്നേദിവസം ക്ഷേത്ര സന്ദര്‍ശനം നടത്തുന്നത്.



Click it and Unblock the Notifications