ജീവിതം, ജോലി സാധ്യത, സൗകര്യങ്ങൾ, കാലാവസ്ഥ എന്നിങ്ങനെ ഏതെടുത്തു നോക്കിയാലും അതിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരമാണ് ബെംഗളുരു. എന്നാല്‍ ഗതാഗതക്കുരുക്കിന്‍റെ കാര്യത്തിൽ ഇനിയും ഇവിടുത്തെ കുരുക്ക് അഴിഞ്ഞിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. മെട്രോയും ഫ്ലൈ ഓവറുകളും പ്രഖ്യാപനം നടന്ന സർക്കുലർ റെയിൽവേയും തുരങ്കപാതയുയ്ക്കുമെല്ലാം ഇവിടുത്തെ ഗതാഗതക്കുരുക്കിനെ കുറയ്ക്കുക എന്ന ലക്ഷ്യമാണ്. എന്നാൽ പീക്ക് സമയങ്ങളിലും മഴക്കാലത്തുമെല്ലാം മണിക്കൂറുകൾ കാത്തുനിന്നാല്‍ മാത്രമേ വണ്ടി മുന്നോട്ടുപോകൂ.
ഇതിൽത്തന്നെ ബെംഗളുരുവിൽ ഏറ്റവും കുരുക്ക് അനുഭവപ്പെടുന്ന ഇടങ്ങളിലൊന്നാണ് സിൽക്ക് ബോർഡ്. സിൽക്ക് ബോർഡ് വഴിയാണ് യാത്ര എന്നു കേട്ടാൽ തന്നെ അറിയാം ഒരിടത്തും സമയത്തിന് എത്താൻ പോകുന്നില്ലായെന്ന്. അത്രയധികം കുരുക്കു നിറഞ്ഞ ഇവിടുത്തെ തിരക്ക് കുറയ്ക്കുവാനായി നിർമ്മിച്ച ബെംഗളൂരു സിൽക്ക് ബോർഡ് ഡബിൾ ഡക്കർ ഫ്ലൈഓവർ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ്.

ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലമായ ഇത് ഉടൻ ഗതാഗതത്തിനായി തുറന്നു നല്കുമെന്നാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്. ബെംഗളുരു ഒരുപോലെ കാത്തിരുന്ന ഈ ഡബിൾ ഡെക്കർ പാലം ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.സിൽക്ക് ബോർഡ് ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുമെന്ന് വാഗ്ദാനമാണ് ഇത് നല്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോഡ്-മെട്രോ മേൽപ്പാലം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതുവഴി ഗതാഗതം ആരംഭിക്കുന്നതോടെ തിരക്ക് സിൽക്ക് ബോർഡ് ജംഗ്ഷനിലെ തിരക് പഴങ്കഥയായ മാറമെന്ന് പ്രതീക്ഷിക്കുന്നു.
റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് യെല്ലോ ലൈനിന് താഴെയുള്ള സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയാണ് ഡബിൾ ഡക്കർ ഫ്ലൈഓവർ ഉള്ളത്. 3.36 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മേൽപ്പാലത്തിന് ആകെ അഞ്ച് റാമ്പുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണത്തിന്‍റെ പണികൾ പുരോഗമിക്കുകയാണ്. ഇത് മേയ് 2025 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേൽപ്പാലത്തിന് ഭൂമിയിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിൽ നാലുവരിപ്പാതയുണ്ട്. ഭൂമിയിൽ നിന്ന് 16 മീറ്റർ ഉയരത്തിലാണ് മെട്രോ ഇടനാഴി വരുന്നത്. 449 കോടി രൂപാ ചെലവിലാണ് സിൽക്ക് ബോർഡ് ഡബിൾ ഡക്കർ ഫ്ലൈഓവർ നിർമ്മാണം.
വരാനിരിക്കുന്ന മഞ്ഞ ലൈനിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലൂടെയാണ് മേൽപ്പാലം കടന്നുപോകുന്നത്. റാഗിഗുഡ്ഡ കഴിഞ്ഞാൽ ആദ്യ സ്റ്റേഷൻ ജയദേവ ഹോസ്പിറ്റൽ ജംഗ്ഷൻ ആയിരിക്കും. ഇവിടെ നിന്ന് മെട്രോയുടെ പിങ്ക് ലൈനിലേക്ക് മാറാം, അത് സമീപഭാവിയിൽ പൂർത്തിയാകും. രണ്ടാമത്തെ സ്റ്റേഷൻ ബിടിഎം ലേഔട്ട് സ്റ്റേഷൻ ആയിരിക്കും. സിൽക്ക് ബോർഡ് ജംഗ്ഷൻ ആയിരിക്കും അവസാനം വരുന്ന സ്റ്റേഷൻ. സിൽക്ക് ബോർഡിൽ മൂന്ന് റാമ്പുകളാണ് ഉള്ളത്, സിഗ്നലുകളിൽ നിൽക്കാതെ എച്ച്എസ്ആർ ലേഔട്ടിലേക്കും ഇലക്ട്രോണിക്സ് സിറ്റിയിലേക്കും ആളുകളെ എത്തിക്കാൻ ഇത് സഹായിക്കും.
2+2 ലെയിൻ ആണ് ഈ മേൽപ്പാതയ്ക്കുള്ളത്. മൂന്ന് യു-ടേണുകളും ഉണ്ട്. മൂന്ന് മെട്രോ സ്റ്റേഷനുകൾ മധ്യഭാഗത്താണ് (ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ജംഗ്ഷൻ) സ്ഥിതി ചെയ്യുന്നത്, എന്നാൽ യാത്രക്കാർക്ക് ഫ്ലൈ ഓവറിൽ നിന്ന് അവയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. സിൽക്ക് ബോർഡ് ജംഗ്‌ഷനെ സിഗ്നൽ രഹിതമാക്കുകയാണ് മേൽപ്പാലം ലക്ഷ്യമിടുന്നതെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ബിഎംആർസിഎൽ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി എൽ യശവന്ത് ചവാൻ ഡെക്കാന് ഹെറാൾഡിനോട് പറഞ്ഞു. മെട്രോ സ്റ്റേഷനുകളിലേക്ക് പ്രവേശനം നൽകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും.
രാഗിഗുഡ്ഡ, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിൽ നിന്ന് ഹൊസൂർ റോഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം 30-45 മിനിറ്റിൽ നിന്ന് അഞ്ച് മിനിറ്റായി കുറയ്ക്കാൻ ഈ മേൽപ്പാലം സഹായിക്കും. പടിഞ്ഞാറൻ ബെംഗളൂരുവിനെ തെക്കൻ ബെംഗളുരുവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് ഇത്. രണ്ട് വർഷം മുമ്പ് ട്രാഫിക് പോലീസ് നടത്തിയ സർവേയിൽ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ 46,000 വാഹനങ്ങൾ സിൽക്ക് ബോർഡ് ജംഗ്ഷനിലൂടെ കടന്നുപോകുന്നതായി കണ്ടെത്തിയിരുന്നു.
സിൽക്ക് ബോർഡ് ഡബിൾ ഡക്കർ ഫ്ലൈഓവർ റാമ്പുകൾ
റാംപ് എ: രാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻ മുതൽ ഹൊസൂർ റോഡ് വരെ
റാമ്പ് ബി: റാംപ് എ ബ്രാഞ്ച്, എച്ച്എസ്ആർ ലേഔട്ടിനെ ബന്ധിപ്പിക്കുന്നു. തിരക്കേറിയ ഹൊസൂർ റോഡിൽ (NH 44) നിലവിലുള്ള മഡിവാള മേൽപ്പാലത്തിന് മുകളിലൂടെ എ, ബി റാമ്പുകൾ ഒന്നിച്ച് ഓടുന്നു.
റാംപ് സി: ബിടിഎം ലേഔട്ട് മുതൽ ഹൊസൂർ റോഡ്/എച്ച്എസ്ആർ ലേഔട്ട് വരെ റാമ്പ് എ വഴി
റാംപ് ഡി: റാംപ് എ & മെട്രോ ലൈനിന് മുകളിൽ ഓടും, എച്ച്എസ്ആർ ലേഔട്ടിനെ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കും
റാംപ് ഇ: എച്ച്എസ്ആർ ലേഔട്ടിൽ നിന്ന് ബിടിഎം ലേഔട്ടിലേക്കുള്ള ഡൗൺ റാംപ്
2025 മെയ് മാസത്തോടെ ആയിരിക്കുംD, E റാംപുകൾ തുറക്കുക.
അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയതോടെ മേൽപ്പാലം തുറക്കുന്നതിനായി ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ കൃത്യമായ തീയതി സർക്കാർ സ്ഥിരീകരിച്ചിട്ടില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












