വിവേകാനന്ദപ്പാറ എന്നോര്‍ക്കുമ്പോള്‍ ഇതേ പേരിലുള്ള പി കുഞ്ഞിരാമന്‍നായരുടെ കവിതയാണ് മലയാളികളുടെ മനസ്സില്‍ തെളിഞ്ഞുവരിക. ശ്രീ രാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ വിശ്വവിജയി വിവേകാനന്ദ സ്വാമികള്‍ പ്രാര്‍ത്ഥിച്ച സ്ഥലമാണിത്. 1970ലാണ് ഇവിടെ വിവേകാനന്ദ സ്മാരകം സ്ഥാപിച്ചത്. നീലയും ചുവപ്പും നിറത്തിലുള്ള ഗ്രാനൈറ്റിലായിരുന്നു നിര്‍മാണം. കരയില്‍നിന്നും 500 മീറ്റര്‍ മാറി രണ്ട് കൂറ്റന്‍ പാറക്കല്ലുകള്‍ക്ക് മുകളിലാണ് വിവേകാനന്ദ സ്മാരകം സ്ഥിതിചെയ്യുന്നത്. കടലില്‍ നിന്നും ഏകദേശം 17 മീറ്റര്‍ ഉയരത്തിലാണ് ഇത്. ഏകദേശം ആറേക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു ഈ സ്മാരകം.
ചിക്കാഗോയിലെ വിശ്വപ്രസിദ്ധമായ പ്രഭാഷണത്തിന് ശേഷം വിവേകാനന്ദ സ്വാമികള്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചു എന്നാണ് വിശ്വാസം. തിരകള്‍ നിറഞ്ഞ കടലിലൂടെ ഇത്രയും ദൂരം നീന്തിയാണ് സ്വാമികള്‍ ഈ പാറയിലെത്തിയത്. സ്മാരകത്തിനകത്ത് വിവേകാനന്ദന്റെ കൂറ്റന്‍ പ്രതിമ കാണാനാകും. ശ്രീപാദ മണ്ഡപം വിവേകാനന്ദമണ്ഡപം എന്നിങ്ങനെ രണ്ട് മണ്ഡപങ്ങളുണ്ട് ഈ സ്മാരകത്തില്‍. സഭാ മണ്ഡപം, ധ്യാന മണ്ഡപം, മുഖമണ്ഡപം, പ്രവേശനവാടം എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട് വിവേകാനന്ദമണ്ഡപത്തിന്. ധ്യാനമണ്ഡപത്തിലിരുന്ന് സഞ്ചാരികള്‍ക്ക് പ്രാര്‍ത്ഥിക്കാം.



Click it and Unblock the Notifications