കോലാറിലെ ഒരു ചെറിയ ഗ്രാമമാണ് അവനി, രാമലിംഗേശ്വര ക്ഷേത്ര സമുച്ഛയമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. തെക്കിന്റെ ഗയയെന്നാണ് അവനിയെ വിശേഷിപ്പിക്കുന്നത്. കോലാറിലെ സ്വര്‍ണഖനികളുള്ള സ്ഥലത്തുനിന്നും 10 മൈല്‍ സഞ്ചരിച്ചാല്‍ അവനിയില്‍ എത്താം. സീതാ ദേവി പ്രധാന പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്.
സീതാ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്, അതിനാല്‍ത്തന്നെ വിശ്വാസികള്‍ ഇതിനെ വിശേഷപ്പെട്ട ക്ഷേത്രമായിട്ടാണ് കരുതിവരുന്നത്.രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത ലവകുശന്മാര്‍ക്ക് ജന്മം നല്‍കിയത് അവനിയില്‍ വച്ചാണത്രേ. പിന്നീട് രാമനുമായി ലവകുശന്മാര്‍ യുദ്ധം ചെയ്തതും ഇവിടെവച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ലവനും കുശനും ജനിച്ച മുറി (വാത്മീകിയുടെ ആശ്രമമുറി) ഇവിടെ കാണാന്‍ കഴിയും.അവനിയിലേയ്ക്കുള്ള യാത്രക്കിടെ സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലമാണ് അവനി ശൃംഗേരി ജഗദ്ഗുരു ശങ്കരാചാര്യ ശാരദ പീഠം.
ശ്രീ നരസിംഹഭാരതി നാലാമനാണ് ഈ മഠം സ്ഥാപിച്ചത്. അവനിയില്‍ ജീവിയ്ക്കുന്നകാലത്ത് ഇവിടെവച്ച് അദ്ദേഹത്തിന് ദേവി ശാരദയുടെ ഒരു വിഗ്രഹം ലഭിയ്ക്കുകയും തുടര്‍ന്ന് മഠം സ്ഥാപിയ്ക്കുകയുമായിരുന്നുവത്രേ. നില്‍ക്കുന്ന രൂപത്തിലാണ് ദേവീവിഗ്രഹം. അടുത്തായി ശ്രീചക്ര പ്രതിഷ്ഠയും ശ്രീമദ്ജഗദ്ഗുരു ശങ്കരാചാര്യരുടെ പ്രതിഷ്ഠയുമുണ്ട്. അവനിയില്‍ ട്രക്കിങ്ങിനും റോക്ക് ക്ലൈംബിങിനുമുള്ള അവസരമുണ്ട്.



Click it and Unblock the Notifications