പഴയകാല രാജകുടുംബങ്ങളുടെ ഔദ്യോഗിക വസതിയായിരുന്ന മൈസൂര്‍ കൊട്ടാരം മൈസൂരിലെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. അംബ വിലാസ് പാലസ് എന്നൊരു പേരു കൂടിയുണ്ട് ഈ കൊട്ടാരത്തിന്. ഇന്തോ - അറബ്, റോമന്‍, ദ്രവീഡിയന്‍ നിര്‍മാണരീതികളുടെ സങ്കലനമാണ് ഈ മൂന്നുനില കൊട്ടാരം. മൈസൂരിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ മൈസൂര്‍ കൊട്ടാരം പല തവണ പൊളിച്ചു പണിതിട്ടുണ്ട്.
മാര്‍ബിള്‍ മിനാരങ്ങള്‍, ചുറ്റും പൂന്തോട്ടം, ഏഴ് വലിയ ആര്‍ച്ചുകള്‍, മധ്യത്തിലെ ആര്‍ച്ചിനു മേല്‍ ഗജലക്ഷ്മിയുടെ മനോഹരമായ പ്രതിമ, ദര്‍ബാര്‍ ഹാളുകള്‍, അംബവിലാസ ഹാള്‍, ജോള്‍സ് പവലിയന്. കല്യാണ മണ്ഡപം, പാലസ് കോംപ്ലക്സിലെ പന്ത്രണ്ടു ക്ഷേത്രങ്ങള്‍ എന്നിങ്ങനെ വിശേഷപ്പെട്ട കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് മൈസൂര്‍ കൊട്ടാരം.
രാജകീയവേഷങ്ങള്, ആഭരണങ്ങള്‍, രാജാക്കന്മാരുടെ ചിത്രങ്ങള്‍ എന്നിവയും സഞ്ചാരകള്‍ക്ക് കാണാനായി പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. രാജാരവി വര്‍മ, സിദ്ധലിംഗ സ്വാമി, കെ വെങ്കടപ്പ എന്നിവരുടെ പെയിന്റിംഗുകള്‍ കൊട്ടാരച്ചുമരുകളില്‍ കാണാം. പതിനാലാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനുമിടയിലാണ് പണി പൂര്‍ത്തിയായ കൊട്ടാരത്തില്‍ വ്യത്യസ്ത വാസ്തുവിദ്യയിലുള്ള പന്ത്രണ്ട് ക്ഷേത്രങ്ങളുമുണ്ട്.