ചരിത്രപാഠങ്ങളിലൂടെ പഠിച്ചു മനസ്സിൽ കയറിക്കൂടിയ രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. ഇവിടുത്തെ പിരമിഡുകളും അതൊളിപ്പിച്ച രഹസ്യങ്ങളും പലപ്പോഴായി നമ്മുടെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടാവും. വിസ ലഭിക്കുവാനുള്ള നൂലാമാലകളും മറ്റുമാണ് നിങ്ങളെ ഈജിപ്ത് യാത്രാ സ്വപ്നങ്ങള്‍ക്ക് തടസ്സമായി നിന്നതെങ്കില്‍ ഇതാ ഇപ്പോൾത്തന്നെ ചരിത്രനഗരത്തിലേക്കുള്ള സ്വപ്ന യാത്രയ്ക്കൊരുങ്ങാം. ലോകസഞ്ചാരികളെ ആകർഷിക്കുവാനായി വിസ നടപടികളിൽ വൻ ഇളവുകളാണ് ഈജിപ്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ടൂറിസം രംഗത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിസ ചട്ടങ്ങളിൽ നിരവധി ആനുകൂല്യങ്ങളാണ് രാജ്യം നല്കുന്നത്. ടൂറിസ്റ്റുകൾക്കായി മൾട്ടിപ്പിൾ എൻട്രി വിസയും വിസ ഓൺ അറൈവൽ സൗകര്യവും കൂടുതൽ രാജ്യങ്ങൾക്കായി നല്കുവാനാണ് ഈജിപ്ത് ഒരുങ്ങുന്നത്.
ഈജിപ്ത് മൾട്ടിപ്പിൾ എൻട്രി വിസ
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മൾട്ടിപ്പിൾ എന്‍ട്രി വിസ പുറത്തിറക്കുന്നത്. മാത്രമല്ല. ഇന്ത്യ ഉൾപ്പെടെ 180 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഓൺ അറൈവൽ സൗകര്യവും ലഭിക്കും. വാർത്തകളനുസരിച്ച് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് 57,688 രൂപ അഥവാ 700 ഡോളറും സിംഗിൾ എൻട്രി വിസ ഓൺ അറൈവലിന് 2,060 രൂപാ അഥവാ 25 ഡോളറുമായിരിക്കും തുക രാജ്യത്തെത്തുന്ന ദിവസം മുതൽ 30 ദിവസത്തേയ്ക്കാണ് ഈ സിംഗിൾ എൻട്രി വിസ ഓൺ അറൈവലിന് സാധുതയുണ്ടായിരിക്കുക.
ഈജിപ്ത് -ചരിത്രത്തിന്‍റെയും നിഗൂഢതകളുടെയും നാട്
വിനോദസഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ചരിത്രക്കാഴ്ചകളുടെ നാടാണ് ഈജിപ്ത്. ലോകാത്ഭുതങ്ങളിലൊന്നായ ഗിസ പിരമിഡ് നിൽക്കുന്ന, ലോകത്തിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നായ നൈൽ നദി ചുറ്റിയൊഴുകുന്ന, മരണാനന്തര ജീവിതത്തിലേക്കായി സമ്പത്ത് സൂക്ഷിച്ചുവെക്കുന്ന, മമ്മികളുടെ നാട്, എന്നിങ്ങനെ ഒരുപാട് പ്രത്യേകതകൾ ഈജിപ്തിനുണ്ട്.

വിനോദസഞ്ചാരികളെ സംബന്ധിച്ചെടുത്തോളം കാഴ്ചകളും ചരിത്രയിടങ്ങളും ഒരുപാടുണ്ടെങ്കിലും മറ്റു പല വിദേശരാജ്യങ്ങളിലും ലഭിക്കുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കരുത്. എന്നിരുന്നാലും ഇതും ഒരനുഭവമായി സ്വീകരിക്കുവാൻ ഒരുങ്ങിവരുന്നവരെ സ്വല്പം പോലും ഇവിടം നിരാശപ്പെടുത്തില്ല. ചരിത്രം തേടുന്നവരാണ് ഈജിപ്തിനെ ഇഷ്ടപ്പെടുന്നത്. നൂറ്റാണ്ടുകൾക്കും മുന്‍പുള്ള ചരിത്രവും നിർമ്മിതികളും കണ്ടത്ഭുതപ്പെടുവാൻ ഇവിടേക്ക് വരാം.
വിട്ടുപോകരുത് ഈ കാഴ്ചകൾ
വിശാലമായി കിടക്കുന്ന രാജ്യത്ത് കണ്ടുതീർക്കാവുന്നതിലുമധികം കാഴ്ചകളുണ്ട്. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്ക്സ് , പുരാതന നഗരമായ ലക്സോർ, രാജാക്കന്മാരുടെ താഴ്വര, അസ്വാൻ നഗരമായ കർണാക്കിന്റെ ക്ഷേത്രം എന്നിങ്ങനെ ഒരുപാട് ഇടങ്ങള്‍ കണ്ടാൽ മാത്രമേ ഈജിപ്ത് കണ്ടുവെന്ന് പറയുവാൻ സാധിക്കൂ. തലസ്ഥാന നഗരമായ കെയ്റോ, പുരാതന നഗരമായ അലക്സാണ്ട്രിയ, അതിന്റെ പ്രശസ്തമായ ലൈബ്രറി, റിസോർട്ട് കടൽത്തീര പട്ടണമായ ഷാം എൽ-ഷൈഖും തുടങ്ങിയവയും കാണാം.

നൈൽ നദിയിലെ കപ്പൽ യാത്ര
ഈജിപ്ത് യാത്രയിൽ നിർബന്ധമായും പരീക്ഷിക്കേണ്ട ഒന്നാണ് നൈൽ നദിയിലൂടെയുള്ള ക്രൂസ് യാത്ര. വലുതും ചെറുതുമായി ഇഷ്ടംപോലെ ക്രൂസ് ഷിപ്പുകൾ ഇവിടെ കാണാം. ആട്ടവും പാട്ടും ബഹളങ്ങളുമായി രാത്രി നൈലിൽ ചിലവഴിക്കാം. അതിവിശാലമായ സൗകര്യങ്ങളാണ് ഇവയിൽ ഒരുക്കിയിരിക്കുന്നത്. രാത്രി മുഴുവൻ ചലിച്ചുകൊണ്ടിരിക്കുന്നതിനാൽ കാഴ്ചകൾ കാണുവാനും സാധിക്കും. സുരക്ഷിതവുമാണ് എന്നതിനാൽ കൂടുതൽ ആളുകളും നൈൽ നദിയിലെ ക്രൂസിങ് അവരുടെ ഈജിപ്ത് യാത്രയിൽ ഉൾപ്പെടുത്തുന്നു.

അത്ഭുതപ്പെടുത്തുന്ന കെയ്റോ
അറേബ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ നഗരമാണ് ഈജിപ്തിന്റെ തലസ്ഥാനമായ കൈറോ. രാവും പകലും തിരിച്ചറിയുവാൻ കഴിയാത്ത വിധത്തിലുള്ള തിരക്കാണ് ഇവിടുത്തെ പ്രത്യേകത. തിരക്കും ബ്ലോക്കും പെട്ടന്നുതന്നെ മടുപ്പിക്കുമെങ്കിലും ഇവിടുത്തെ കാഴ്ചകൾ കണ്ടറിയേണ്ടവ തന്നെയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











