സീസൺ ഏതായാലും മലയാളികളുടെ മാറാത്ത യാത്രാ മോഹങ്ങളിലൊന്നായി വളരെ പെട്ടന്ന് കയറിപ്പറ്റിയ ഇടമാണ് ഗവി. കാടിനുള്ളിലൂടെയുള്ള യാത്രയും അണക്കെട്ടുകളും വന്യമൃഗങ്ങളും ഒക്കെ നിറഞ്ഞ കാഴ്ചകളും ഉള്ള ഗവിയെ പ്രസിദ്ധമാക്കിയത് ഓർഡിമറി എന്ന സിനിമയാണെങ്കിൽ പ്രിയപ്പെട്ടതാക്കിയത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. ആയിരക്കണക്കിന് മലയാളികളാണ് ബജറ്റ് ടൂറിസം സെൽ പാക്കേജിലൂടെ കവി കണ്ടത്. കുറഞ്ഞ നിരക്കിൽ ഗവി കാണാനാണ് കെഎസ്ആർടിസി സഹായിക്കുന്നത്.
ഇപ്പോഴിതാ, കെഎസ്ആർടിസി ഗവി ടൂറിസം പാക്കേജുകൾക്ക് നിരക്ക് വർധിക്കുവാൻ പോവുകയാണ്. ബജറ്റ് ടൂറിസം സെൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും നടത്തുന്ന ഗവി ഇക്കോ ടൂറിസം സെന്‍റർ യാത്രയ്ക്ക് 500 രൂപാ വർധിക്കുമെന്നാണ് റിപ്പോർട്ട്. മേയ് 1 മുതൽ പുതിയ നിരക്കിലായിരിക്കും ഗവി യാത്രകൾ നടത്താനാവുക.

PC:Jaseem Hamza
കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്‍റ് കോർപ്പറേഷനാണ് ഗവിയിലേക്കുള്ള യാത്രകൾ നിയന്ത്രിക്കുന്നത്. നേരത്തെ 1300 രൂപയായിരുന്നു പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഗവിയിലേക്ക് പോയി വണ്ടിപ്പെരിയാര്‍ പരുന്തുംപാറ വഴി തിരികെ പത്തനംതിട്ടയില് എത്തുന്നതിന് ഈടാക്കിയിരുന്നത്. മേയ് 1 മുതൽ കൊച്ചുപമ്പയിൽ 2 കിലോമീറ്റർ ട്രെക്കിങ് കൂടി പുതുതായി ഉൾപ്പെടുത്തിയതോടെയാണ് 500 രൂപ വർധിപ്പിക്കുന്നത്. ഇതോടെ പത്തനംതിട്ടയിൽ നിന്നുള്ള കെഎസ്ആർടിസി ഗവി യാത്രയ്ക്ക് 1800 രൂപാ ഒരാൾ നല്കണം. ട്രെക്കിങ്ങിൽ പങ്കെടുക്കുന്നില്ലെങ്കിലും അധിക പണം നല്കണം.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗവിയിലേക്ക് കെഎസ്ആർടിസി ടൂർ പാക്കേജ് നടത്തുന്നു.രാവിലെ പത്തനംതിട്ടയിലെത്തി അവിടുന്ന് ഏഴ് മണിയോടെ യാത്ര ആരംഭിക്കും. വനത്തിനുള്ളിലൂടെ അതിമനോഹരമായ യാത്രയാണിത്. കെഎസ്ഇബിയുടെ അഞ്ച് ഡാമുകൾ, കാടിനുള്ളിലെ കാഴ്ചകള്‍, ഇവിടുത്തെ ആളുകൾ എന്നിവയൊക്കെ കണ്ടും പരിചയപ്പെട്ടുമാണ് യാത്ര. മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി എന്നീ അണക്കെട്ടുകളാണ് കാണുന്നത്.
പാക്കേജിൽ പത്തനംതിട്ട-ഗവി-പരുന്തുംപാറ- പത്തനംതിട്ട ബസ് ടിക്കറ്റ് നിരക്ക്, ഗവി പ്രവേശന ഫീസ്ബോട്ടിങ്, ഉച്ചയൂണ്, കൊച്ചുപമ്പ ട്രെക്കിങ് എന്നി ഉൾപ്പെടെയാണ് 1800 രൂപാ ഈടാക്കുന്നത്. കൊച്ചുപമ്പയില്‍ ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പരുന്തുംപാറയും കണ്ട് തിരികെ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം.
ഗവി വീണ്ടും തുറന്നു
ഏപ്രിൽ 28 മുതൽ ഗവി വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. നേരത്തെ കാട്ടുതീ ഭീഷണിയും കനത്ത ചൂടും വേനലും നിലനിൽക്കുന്ന സാഹചര്യത്തിൽ ഗവിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നു. മാര്‍ച്ച് 11 മുതലാണ് ഗവി യാത്രയ്ക്ക് വിലക്ക് വന്നത്. വീണ്ടും ഗവി തുറന്നതോടെ വേനൽക്കാല യാത്രകൾക്ക് ഗവി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടും.
കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും മെയ് 1 മുതല്‍ മെയ് 31 വരെ 'ഉല്ലാസയാത്രകള്‍' ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസും രണ്ടോ മൂന്നോ ഡിപ്പോകളിൽ നിന്നുള്ള പാക്കേജുകൾക്ക് അനുമതിയുണ്ട്. കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുന്ദരവുമായ ഉല്ലാസ യാത്രകളാണ് ബജറ്റ് ടൂറിസം സെൽ നല്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












