ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആശ്വാസമായി വീണ്ടും വേനൽമഴ കേരളത്തിൽ എത്തുകയാണ്. വരും ദിവസങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ സാധ്യക പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലര്‌ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 2 ബുധൻ മുതൽ അഞ്ചാം തിയതി ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
കൂടാതെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ചൊവ്വാഴ്ചയും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ യെല്ലോ അലർട്ട്
ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട്
ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
വ്യാഴം : പാലക്കാട്, മലപ്പുറം, വയനാട്
വെളളി : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ചൂട് വീണ്ടും കൂടും
ഈ ആഴ്ച വിവിധ ജില്ലകളിൽ മഴ പെയ്താലും വരുന്ന ആഴ്ച ചൂട് വീണ്ടും കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, സാധാരണയിൽ നിന്നും വ്യത്യസ്തമായി ഈ ഏപ്രിൽ മാസത്തിൽ പതിവിലും കൂടുതൽ വേനൽ മഴ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മൂന്നാറിൽ ഉയർന്ന യുവി ഇൻഡക്സ്
കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഇടുക്കിയിലെ മൂന്നാർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. യുവി ഇൻഡക്സ് 10 ആണ് ഇവിടെ രേഖപ്പെടുത്തിയത്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 7 ആണ് ഉള്ളത്. ഇവിടങ്ങളിൽ , പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
കേരള ദുരന്ത നിവാരണ അതോറിറ്റി പങ്കുവെച്ച മുന്നറിയിപ്പ് അനുസരിച്ച് പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












