മദ്ധ്യകാല ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ഗുജറാത്തിന്‍റെ തലസ്ഥാനമായിരുന്നു സോലങ്കി. പൂര്‍വ്വ പ്രതാപത്തിന്‍റെ സാക്ഷ്യപത്രമായ് ഇന്നും പാടന്‍ നിലകൊള്ളുന്നു. എട്ടാം നൂറ്റാണ്ടിലെ ചാലൂക്യ രജപുത്രരില്‍ പെട്ട ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയുടെ ഭരണത്തിന്‍ കീഴില്‍ പ്രബലമായ പട്ടണമായിരുന്നു പാടന്‍. അന്‍ഹില്‍ വാദ് പാടന്‍ എന്നും ഇതറിയപ്പെടാറുണ്ട്. രാജാവിന്‍റെ ഉറ്റ മിത്രമായിരുന്നു അന്‍ഹില്‍. ഡല്‍ഹി സുല്‍ത്താനായ കുതുബുദ്ദീന്‍ ഐബക്കിന്‍റെ അധിനിവേശത്തെ തുടര്‍ന്ന് ശിഥിലമായ ഒരു രാജവംശത്തിന്‍റെ നഷ്ടസ്മൃതികള്‍ക്ക് നടുവിലാണ് ഈ പ്രദേശം.
മുസ്ലിം ഭരണാധികാരികളുടെ കടന്നുകയറ്റത്തിന്‍റെ ഫലമായി ഇവിടെയും ഇസ്ലാമിക വാസ്തുകലയുടെ സാന്നിദ്ധ്യങ്ങള്‍ കാണാം. അവയ്ക്ക് അഹമ്മദാബാദിന്‍റെ ശില്‍പവേലകളേക്കാള്‍ പഴക്കവുമുണ്ട്. ഇതിനുമുന്പെ തന്നെ ചാലൂക്യവംശത്തിന്‍റെ സംസ്കൃതികളാല്‍ സമ്പന്നമാണ് പാടന്‍.
റാണി കി വാവ്, ത്രികം ബരോത്നി വാവ്, കല്‍ക്കയ്ക്കടുത്തുള്ള പഴയ കോട്ട, സഹസ്രലിംഗ സരോവര്‍ എന്നീ സ്ഥലങ്ങളും സ്മാരകങ്ങളും അതിന് തെളിവാണ്. പ്രമുഖ ജൈന മതകേന്ദ്രമെന്ന നിലയില്‍ സോലങ്കി ഭരണകാലത്ത് പണികഴിപ്പിച്ച ധാരാളം ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. പാടന്‍ ഇന്ന് പടോല സാരികള്‍ക്ക് പേരുകേട്ടതാണ്. ഇവിടത്തെ സല്‍വിവാദ് തെരുവിലെ മശ്റു സമുദായത്തില്‍ പെട്ട നെയ്ത്തുകാര്‍ ഇതില്‍ പ്രാവീണ്യം നേടിയവരാണ്.



Click it and Unblock the Notifications