പോണ്ടിച്ചേരി: കൊളോണിയല്‍ പ്രതാപത്തിന്റെ സ്‌മാരകം

അധിനിവേശ സംസ്‌കാരങ്ങളുടെ പ്രതാപം ഇപ്പോഴും നിലനിര്‍ത്തുന്ന നഗരങ്ങളില്‍ ഒന്നാണ്‌ പോണ്ടിച്ചേരി. രാജ്യത്തെ പ്രധാന കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ തലസ്ഥാനമാണ്‌ അതേപേരില്‍ തന്നെ അറിയപ്പെടുന്ന പോണ്ടിച്ചേരി നഗരം. 2006 മുതല്‍ ഔദ്യോഗികമായി പുതുച്ചേരി എന്നാണ്‌ പോണ്ടിച്ചേരി അറിയപ്പെടുന്നത്‌. ഫ്രഞ്ച്‌ അധിനിവേശത്തിന്റെ പാരമ്പര്യവും പ്രൗഢിയും ഈ നഗരം ഇപ്പോഴും നിലനിര്‍ത്തി പോരുന്നു എന്നത്‌ തന്നെയാണ്‌ ഈ നഗരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവിടുത്തെ സംസ്‌കാരവും പാരമ്പര്യവും രൂപപ്പെടുന്നതില്‍ ഫ്രഞ്ച്‌ കൊളോണിയലിസത്തിന്റെ സ്വാധീനം വളരെ വലുതാണ്‌.

രാജ്യത്തെ മൂന്ന്‌ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്‌ തുറമുഖ പ്രവിശ്യകള്‍ ചേര്‍ന്നാണ്‌ പോണ്ടിച്ചേരി കേന്ദ്രഭരണപ്രദേശം രൂപം കൊണ്ടിരിക്കുന്നത്‌. ആന്ധ്രപ്രദേശിലുള്ള യാനം, തമിഴ്‌നാടിന്റെ കിഴക്കന്‍ തീരത്തായുള്ള പോണ്ടിച്ചേരി നഗരം, കാരൈക്കല്‍, കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തായുള്ള മാഹി എന്നിവ ചേര്‍ന്നാണ്‌ പോണ്ടിച്ചേരി രൂപം കൊണ്ടിരിക്കുന്നത്‌.

ബംഗാള്‍ ഉള്‍ക്കടലില്‍ കൊറോമാണ്ടല്‍ തീരത്ത്‌ സ്ഥിതിചെയ്യുന്ന പോണ്ടിച്ചേരിയിലേയ്‌ക്ക്‌ ചെന്നൈയില്‍ നിന്നും 162 കിലോ മീറ്റര്‍ ദൂരമാണുള്ളത്‌. വര്‍ഷങ്ങളോളം ഫ്രഞ്ച്‌ ഭരണത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1674 മുതല്‍ 1954 വരെ ഫ്രഞ്ചുകാരുടെ പ്രധാന കോളനിയായിരുന്നു പോണ്ടിച്ചേരി. മൂന്ന്‌ നൂറ്റാണ്ടോളം തുടര്‍ച്ചായായി പോണ്ടിച്ചേരി ഭരിച്ച ഫ്രഞ്ചുകാര്‍ പോണ്ടിച്ചേരിയ്‌ക്ക്‌ മഹാത്തായൊരു സംസ്‌കാരവും പാരമ്പര്യവും നല്‍കികൊണ്ടാണ്‌ ഇവിടെ നിന്നും തിരിച്ചു പോയത്‌.

പോണ്ടിച്ചേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വിനോദ സഞ്ചാരികള്‍ എപ്പോഴും ആഗ്രഹിക്കുന്നത്‌ വൈവിധ്യമാര്‍ന്ന അനുഭവങ്ങളും കാഴ്‌ചകളുമാണ്‌. ഇക്കാര്യത്തില്‍ പോണ്ടിച്ചേരി വളരെ മികച്ചു നില്‍ക്കുന്നു. നാല്‌ മനോഹരങ്ങളായ ബീച്ചുകളാണ്‌ പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത. പ്രോംനാദെ ബീച്ച്‌, പാരഡൈസ്‌ ബീച്ച്‌, സെറിനിറ്റി ബീച്ച്‌, ഓറോവില്‍ ബീച്ച്‌ എന്നീവയാണ്‌ ആ നാല്‌ ബീച്ചുകള്‍. പോണ്ടിച്ചേരിയിലെ അരബിന്ദോ ആശ്രമമാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ആശ്രമവും ധ്യാന കേന്ദ്രവുമാണിത്‌.

പ്രഭാതത്തിന്റെ നഗരം എന്നു കൂടി അറിയപ്പെടുന്ന ഓറോവില്‍ നഗരത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വിനോദ സഞ്ചാരികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. പാരമ്പര്യത്തിന്റെ മഹിമ വിളിച്ചോതുന്ന സ്‌മാരകങ്ങളും ശില്‍പങ്ങളും ഇവിടെയുണ്ട്‌. നിരവധി സ്‌മാരകങ്ങളും മഹാന്‍മാരുടെ പ്രതിമകളും സന്ദര്‍ശകര്‍ക്ക്‌ പോണ്ടിച്ചേരിയില്‍ കാണാന്‍ കഴിയും. ഗാന്ധി, ജോസഫ്‌ ഫ്രാങ്കോയിസ്‌ ഡ്യൂപ്ലിക്‌സ്‌ എന്നിവരുടെ പ്രതിമകളും ജോണ്‍ ഓഫ്‌ ആര്‍കിന്റെ മാര്‍ബിള്‍ പ്രതിമയും ഇവിയില്‍ പ്രത്യേകം ശ്രദ്ധ ആകര്‍ഷ്‌ക്കുന്നവയാണ്‌. ഫ്രഞ്ച്‌ യുദ്ധത്തിന്റെ സ്‌മാരകമാണ്‌ മറ്റൊന്ന്‌. പോണ്ടിച്ചേരി മ്യൂസിയം, ജവഹര്‍ ടോയ്‌ മ്യൂസിയം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഔസ്‌തേരി വെസ്റ്റ്‌ ലാന്‍ഡ്‌, ഭാരതി ദാസന്‍ മ്യൂസിയം, ദേശീയോദ്യാനം, അരിക്കാമേട്‌, രാജ്‌ നിവാസ്‌ എന്നിയാണ്‌ നഗരത്തിലെ മറ്റ്‌

പ്രധാന കാഴ്‌ചകള്‍

നിരവധി അമ്പലങ്ങളും പള്ളികളും പോണ്ടിച്ചേരിയിലുണ്ട്‌. പോണ്ടിച്ചേരിയില്‍ സന്ദര്‍ശിക്കേണ്ട പ്രധാന മത കേന്ദ്രങ്ങളില്‍ ഒന്ന്‌ ദി ചര്‍ച്ച്‌ ഓഫ്‌ അവര്‍ ലേഡി ഏഞ്ചല്‍സ്‌ എന്ന്‌ അറിയപ്പെടുന്ന ദി എഗ്ലിസ്‌ നോട്രെഡാം ഡെസ്‌ ഏഞ്ചസ്‌ ആണ്‌. സേക്രട്ട്‌ ഹാര്‍ട്ട്‌ ഓഫ്‌ ജീസസ്‌ പള്ളി, ദി കത്തീഡ്രല്‍ ഓഫ്‌ ഔവര്‍ ലേഡി ഓഫ്‌ ദി ഇമ്മാകുലേറ്റ്‌ കണ്‍സെപ്‌ഷന്‍ എന്നിവയാണ്‌ പോണ്ടിച്ചേരിയില്‍ സന്ദര്‍ശിക്കാനുള്ള പ്രധാന പള്ളികള്‍. ശ്രീ മണകുള വിനയഗര്‍ ക്ഷേത്രം, വരദരാജ പെരുമാള്‍ ക്ഷേത്രം, കന്നിഗ പരമേശ്വര ക്ഷേത്രം എന്നിവയാണ്‌ പ്രധാനക്ഷേത്രങ്ങള്‍

അതുല്യമായ വാസ്‌തുവിദ്യകളുടെ നഗരം

സമുദ്രത്താല്‍ അനുഗ്രഹീതമായ പോണ്ടിച്ചേരി നഗരത്തിന്റെ വാസ്‌തു വിദ്യകളും സവിശേഷമാണ്‌. സന്ദര്‍ശകരുടെ മനം മയക്കുന്നതാണ്‌ നഗരത്തിന്റെ രൂപകല്‍പ്പന. ഗ്രിഡ്‌ പാറ്റേണിലാണ്‌ നഗരം പൂര്‍ണമായും നിര്‍മ്മിച്ചിരിക്കുന്നത്‌. നഗരത്തിന്റെ രൂപകല്‍പനയില്‍ ഫ്രഞ്ച്‌ സ്വാധീനം എത്രത്തോളം ഉണ്ടെന്നുള്ളതിന്റെ ഉത്തമോദാഹരണം കൂടിയാണിത്‌. പോണ്ടിച്ചേരിയിലെ പല തെരുവുകള്‍ക്കും ഫ്രഞ്ച്‌ പേരുകളാണ്‌ നല്‍കിയിരിക്കുന്നത്‌. കൊളോണിയല്‍ വാസ്‌തുവിദ്യയാണ്‌ ഇവിടുത്തെ പല വീടുകളുടെയും നിര്‍മ്മിതിയ്‌ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. സന്ദര്‍ശകര്‍ക്ക്‌ പുതിയൊരു ദൃശ്യാനുഭവമാണ്‌ ഇത്‌ നല്‍കുന്നത്‌.

ഫ്രഞ്ച്‌ ദേശം എന്നും ഇന്ത്യന്‍ ദേശം എന്നും നഗരത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്‌. ഫ്രഞ്ച്‌ ദേശം വൈറ്റ്‌ സിറ്റി എന്നും ഇന്ത്യന്‍ ദേശം ബ്ലാക്‌ സിറ്റി എന്നും അറിയപ്പെടുന്നുണ്ട്‌. തനത്‌ കൊളോണിയല്‍ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ളതാണ്‌ വൈറ്റ്‌ സിറ്റി. അതേസമയം, ബ്ലാക്‌ സിറ്റിയാകട്ടെ പുരാതന തമിഴ്‌ ശൈലികളും രൂപകല്‍പനകളും ആണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ഈ രണ്ട്‌ സവിശേഷ ശൈലകളുടെ കൂടിച്ചേരല്‍ പോണ്ടിച്ചേരി നഗരത്തിന്‌ വ്യത്യസ്‌തയും അതേസമയം അതുല്യമായ മനോഹാരിതയും നല്‍കുന്നു.

വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ നഗരം

ഫ്രഞ്ച്‌ തമിഴ്‌ സംസ്‌കാരങ്ങളുടെ സംയോജനം പോണ്ടിച്ചേരി നഗരത്തില്‍ ലഭ്യമാകുന്ന വിഭവങ്ങളിലും അത്ഭുതം സൃഷ്‌ടിച്ചിട്ടുണ്ട്‌. അതു കൊണ്ട്‌ തന്നെ ഭക്ഷണപ്രിയര്‍ക്ക്‌ മനവും വയറും ഒരു പോലെ നിറയുന്നതായിരിക്കും പോണ്ടിച്ചേരി സന്ദര്‍ശനം. ഫ്രഞ്ച്‌ വിഭവങ്ങള്‍ക്ക്‌ പുറമെ തനി തമിഴ്‌,കേരള വിഭവങ്ങളും ഇവിടെ സുലഭമാണ്‌. ലീ ക്ലബ്‌, ബ്ലൂഡ്രാഗണ്‍, സ്റ്റാറ്റ്‌സാന്‍ഗ, റെന്‍ഡെസ്‌വ്യൂസ്‌, സീ ഗള്‍സ്‌, ലീ കഫെ, ലാ കൊറോമാണ്ടലെ, ലാ ടെറാസ്സെ എന്നിവയാണ്‌ പോണ്ടിച്ചേരി വിഭവങ്ങള്‍ ആസ്വദിക്കാന്‍ തിരഞ്ഞെടുക്കാവുന്ന ചില സ്ഥലങ്ങള്‍.

ഷോപ്പിങ്‌ ആഗ്രഹിക്കുന്നവര്‍ക്കും പോണ്ടിച്ചേരിയില്‍ നിരാശപെടേണ്ടി വരില്ല. കരകൗശല വസ്‌തുക്കള്‍, തുണിത്തരങ്ങള്‍, കല്ലുകള്‍, ശില്‍പങ്ങള്‍, സുഗന്ധ ലേപനങ്ങള്‍, വിളക്കുകള്‍ തുടങ്ങി എന്തും ലഭ്യമാക്കുന്ന തെരുവുകളും ഷോപ്പുകളും ഇവിടെയുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ പോണ്ടിച്ചേരിയിലെ ഷോപ്പിങ്‌ ഒരു മികച്ച അനുഭവമായിരിക്കും. ആഘോഷങ്ങളുടെ നഗരം കൂടിയാണ്‌ പോണ്ടിച്ചേരി. ഡിസംബറില്‍ അന്തര്‍ദ്ദേശീയ യോഗ ഫെസ്റ്റിവല്‍, ആഗസ്റ്റില്‍ ഫ്രഞ്ച്‌ ഫുഡ്‌ ഫെസ്റ്റിവല്‍, ജനുവരിയില്‍ ഷോപ്പിങ്‌ ഫെസ്റ്റിവല്‍ എന്നിങ്ങനെ സന്ദര്‍ശകരെ കാത്ത്‌ നിരവധി ആഘോഷങ്ങളും ഇവിടെയുണ്ട്‌.

Please Wait while comments are loading...