ബെംഗളൂരുവിലെ ജോലിയും പകൽത്തിരക്കും ഒക്കെ കഴിഞ്ഞ് സമാധാനമായിട്ട് ഒന്നിരിക്കാൻ സമയ കിട്ടുന്നത് വൈകിട്ടാണ്. ഓഫീസില്‍ നിന്നും വന്ന് ഒന്നു വിശ്രമിച്ച ശേഷം ചായ കുടിച്ച് എല്ലാവരും കൂടി വർത്തമാനമൊക്കെ പറഞ്ഞ് പറ്റിയാൽ ഒന്നു പുറത്തു പോയി വന്ന് രാത്രി ഭക്ഷണം കഴിച്ച് കിടക്കുന്നതാണ് ഭൂരിഭാഗം ആളുകളുടെയും രീതി. എന്നും ഇങ്ങനെ ഒരുമാറ്റില്ലാതെ, ഒരേ ടൈംടേബിളിൽ പോകുന്നിന് ഒരു ചേഞ്ച് ആയാലോ... ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം, ഒരു നൈറ്റ് ഡേറ്റ് പോയാലോ...
ബാംഗ്ലൂരിന്‍റെ തിരക്കുകളിൽ നിന്നുമാറി ഏറ്റവും പ്രിയപ്പെട്ട ആൾക്കൊപ്പം ഒരു രാത്രി യാത്ര... എംജി റോഡിന്‍റെ തിരക്കേറിയ പാതയുട ഒരറ്റത്തുകൂടി കൈകൾ കോർത്തു പിടിച്ച് ഒരുനീണ്ട നടത്തം, അല്ലെങ്കിൽ പുലര്‍ച്ചെ നന്ദി ഹിൽസൽ സൂര്യോദയം കാണാൻ ഒരു യാത്ര, അതുമല്ലെങ്കിൽ ഒരു ഡിന്നർ ഡേറ്റ്. ഇങ്ങനെ ബാംഗ്ലൂരിൽ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ എന്തൊക്കെ വഴികൾ ഉണ്ടെന്നറിയാമോ. ഇതാ ബാംഗ്ലൂരിലെ നൈറ്റ് ഡേറ്റിന് പറ്റിയ സ്ഥലങ്ങൾ പരിചയപ്പെടാം.

യുബി സിറ്റി
ബാംഗ്ലൂർ നഗരത്തിന്‍റെ വിശാലമായ ദൃശ്യം ആൾക്കൂട്ടങ്ങൾക്കു നടുവിലിരുന്ന് ആസ്വദിക്കുവാനും ഷോപ്പിങ്ങും കാഴ്ചകളും ഒക്കെ കണ്ടുനടക്കുവാനുമാണ് താല്പര്യമെങ്കിൽ യുബി സിറ്റിയിലേക്ക് പോകാം. നൈറ്റ് ക്ലബ്ബുകൾ, രാജ്യന്തര റസ്റ്റോറന്‍റുകൾ, ലക്ഷ്വറി ബ്രാൻഡുകൾ എന്നിങ്ങനെ ഒരു നൈറ്റ് ഡേറ്റിനു വേണ്ടെല്ലാം ഇവിടെയുണ്ട്. അല്പം ചെലവേറിയ ഡേറ്റ് ആകുമെങ്കിലും പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കുന്ന സമയത്തിന് മൂല്യം കല്പിക്കാനാകില്ലല്ലോ. എംജി റോഡിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം ദൂരത്തിലാണ് യുബി സിറ്റിയുള്ളത്. ബാംഗ്ലൂരിന്‍റെ സമ്പന്നമായ വൈകുന്നേരങ്ങളും രാത്രികളും ചെലവഴിക്കാൻ പറ്റിയ ഇടമാണിത്. വിട്ടൽ മല്യ റോഡിനും കസ്തൂർബാ റോഡിനും അടുത്തായാണ് ഇവിടമുള്ളത്. കബ്ബൺ പാര്‍ക്കും ഇവിടുന്ന് അത്ര ദൂരത്തിലല്ല.
റൂഫ്ടോപ്പ് റസ്റ്റോറന്‍റ്
നിങ്ങളുടെ പങ്കാളിക്കൊപ്പം രാത്രിയിൽ ഒന്നു പുറത്തുപോകണമെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയ ഇടങ്ങളിലൊന്ന്
റൂഫ്ടോപ്പ് റസ്റ്റോറന്‍റുകൾ ആണ്. ബാംഗ്ലൂരിന്‍റെ രാത്രി സൗന്ദര്യം ആസ്വദിച്ച് കാൻഡിൽ ലൈറ്റിന്‍റെ വെട്ടത്തിൽ ഒരു ഡിന്നറും മനോഹരമായ രാത്രിയും ആസ്വദിച്ചുള്ള ഇരിപ്പിന്‍റെ സുഖം മറ്റെന്തിനു നല്കാൻ കഴിയും. ഇത്തരത്തിൽ മികച്ച ആംബിയൻസും സ്വകാര്യതയും നല്കുന്ന നിരവധി റൂഫ്ടോപ്പ് റസ്റ്റോറന്‍റുകൾ ഇവിടെയുണ്ട്. പലയിടത്തും മുൻകൂട്ടിയുള്ള റിസർവേഷൻ ആവശ്യമായതിനാൽ ക്രമീകരണങ്ങൾ നടത്തിയ ശേഷം മാത്രം പോവുക.
വിധാൻ സൗധ
കര്‍ണ്ണാടകയുടെ ഭരണസിരാ കേന്ദ്രമായ വിധാന്‍ സൗധയും നൈറ്റ് ഡേറ്റും തമ്മിൽ എന്താണ് ബന്ധമെന്നല്ലേ... തിരക്കേറയ ഇടമാണെങ്കിലും ആ തിരക്കിലും രാത്രിയിൽ സമാധാനത്തോടെ ഒരുമിച്ചിരുന്ന് വർത്തമാനം പറയാൻ പറ്റിയ ഇടങ്ങളിലൊന്നാണിത്. വളരെ കുറഞ്ഞ ചെലവിൽ ഒരു ഔട്ടിങ്, കുറച്ചു സമയം ഒന്നിച്ച് ചെലവഴിക്കുക ഇതൊക്കെയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ വിധാൻ സൗധയിലേക്ക് പോരെ. മെട്രോയിൽ വരാൻ കഴിയുന്നതിനാൽ വലിയ ചെലവില്ലാതെ എത്തുകയും ചെയ്യാം.
എംജി റോഡ്
കാഴ്ചകൾ കണ്ട് തിരക്കേറിയ റോഡിന്റെ ഒരറ്റത്തുകൂടിയുള്ള നടത്തം.. ഷോപ്പുകളുടെയും കടകളുടെയും തിരക്കിലേക്ക് ഒഴുകിയെത്തുന്ന ആൾക്കൂട്ടങ്ങളെ അവഗണിച്ച പ്രിയപ്പെട്ടവർക്കൊപ്പം ഒരുമിച്ച് കുറച്ചു സമയമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിൽ എംജി റോഡിലേക്ക് പോരെ. വേണമെങ്കിൽ ചെറിയ ഷോപ്പിങ്ങും ഇവിടെ നടത്താം. ആഭരണങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പ്, വീട് അലങ്കരിക്കാൻ പറ്റിയ സാധനങ്ങൾ, സ്ട്രീറ്റ് ഫൂഡ് എന്നിങ്ങനെ ഉറപ്പായും നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടപ്പെടുന്നതെല്ലാം ഇവിടെ കണ്ടെത്താം. അതിലും മനോഹരമായത് ഈ തിരക്കിലൂടെ അതിനോട് ചേർന്നുള്ള യാത്രയാണ്. ബ്രിഗേഡ് റോഡിലും ഇതേ പോലെ നിങ്ങൾക്ക് പോകാം.
നന്ദി ഹിൽസ്
പങ്കാളിക്കൊപ്പം ഒരു സാഹസിക യാത്രയാണ് ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് നന്ദി ഹിൽസിലേക്ക് പോകാം. നൈറ്റ് ഡേറ്റ് പറ്റില്ലെങ്കിലും പുലർച്ചെ എണീറ്റ് പോയി നന്ദി ഹിൽസിലെ സൂര്യോദയം കണ്ടു വരുന്ന വിധത്തിൽ ഒരു യാത്ര ക്രമീകരിക്കാം. എന്നാൽ വാരാന്ത്യങ്ങളും അവധി ദിവസങ്ങളും ഇതിൽ നിന്നും ഒഴിവാക്കാം. ഈ സമയത്താണ് നന്ദി ഹിൽസിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. എന്നാൽ ഇടദിവസങ്ങളിലാണ് യാത്രയെങ്കിൽ വലിയ തിരക്കോ ബഹളമോ ഇല്ലാതെ, ബ്ലോക്കിൽ കുടുങ്ങതെ പോയി വരികയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












