ബെംഗളൂരു സഞ്ചാരികളുടെ മാത്രമല്ല, തൊഴിലന്വേഷകരുടെയും പറുദീസയാണ്. ജോലി തേടി പല നാടുകളിൽ നിന്നായി ഒരുപാട് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. ജോലി അന്വേഷിച്ച് മാത്രമല്ല, പഠനത്തിനായും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുക, കോച്ചിങ്, ഇന്‍റേൺഷിപ്പ് എന്നിങ്ങനെ ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നവർ ഒത്തിരിയുണ്ട്. ആവേശത്തോടെ വരുമെങ്കിലും താമസം, ഭക്ഷണം, ഭാഷ എന്നിങ്ങനെ ആദ്യഘട്ടത്തിൽ വില്ലന്മാർ പലരുണ്ട്.
കുറച്ച് ദിവസങ്ങൾ കൂട്ടുകാരുടെ ഫ്ലാറ്റിലോ ബന്ധുവീടുകളിലോ താമസിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് അത്യാവശ്യം കടന്നുപോകും. പിന്നീടാണ് യഥാർത്ഥ ടാസ്ക് ആരംഭിക്കുന്നത്. വീട് കണ്ടുപിടിക്കുന്നത്, നഗരത്തിലൂടെയുള്ള യാത്ര, മെട്രോ റൂട്ട്, ബസ് നമ്പർ, പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലങ്ങൾ, അത്യാവശ്യം കന്നഡ പഠിക്കുന്നത് എന്നിങ്ങനെ ചെയ്യേണ്ടതും അറിയേണ്ടതുമായ കുറച്ച് കാര്യങ്ങൾ ഉണ്ട്. ബെംഗളുരുവിലെ തുടക്കക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.
1. താമസസ്ഥലം കണ്ടുപിടിക്കാം
ബാംഗ്ലൂരിൽ ജീവിക്കുന്നവർക്കറിയാം, നമ്മുടെ ബജറ്റിനൊത്ത ഒരു താമസസ്ഥലം കിട്ടുക എന്നത് എത്ര ബുദ്ധിമുട്ട് ആണെന്ന്. ചെറിയ ചെലവിൽ ജീവിക്കുവാനാണെങ്കിൽ ഒരു പിജി/ ഹോസ്റ്റല്‍ കണ്ടെത്തുകയാണ് വേണ്ടത്. ബാംഗ്ലൂരിന്‍റെ എല്ലാ ഭാഗങ്ങളിലും പിജികൾ പ്രവർത്തിക്കുന്നു. അവിടെ താമസിക്കുന്നവരുമായി അന്വേഷിച്ച്, മറ്റു രണ്ടുമൂന്നിടങ്ങളിൽ കൂടി വാടകയൊക്കെ തിരക്കിയ ശേഷം മാത്രമേ അവസാനതീരുമാനം എടുക്കാവൂ. മിക്ക പിജികളിലും മൂന്നുനേരം ഭക്ഷണം കൂടി ഉൾപ്പെടുന്നതാണ് നിരക്ക്.
ഫ്ലാറ്റ്/ അപ്പാർട്മെന്‍റ് ആണ് എടുക്കുന്നതെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു മാസം മുതൽ കൂടിയതേ 11 മാസം വരെയുള്ള വാടക നിങ്ങളോടെ ഡെപ്പോസിറ്റ് ആയി ചോദിച്ചേക്കാം. ഏജന്‍റുമാർ വഴിയോ അല്ലെങ്കിൽ വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ നിങ്ങൾക്ക് വീട് തിരയാം. ധാരാളം പ്രാദേശിക ബ്രോക്കർമാരും ഇവിടെയുണ്ട്. ചില വീടുകൾ ഉടമകൾ തന്നെ നേരിട്ട് വാടകയ്ക്ക് കൊടുക്കാറുണ്ട്.
2. യാത്രകൾ
പൊതുഗതാഗതത്തിന് നമ്മ മെട്രോയും ബിഎംടിസി ബസ് സർവീകളും ലഭ്യമാണ്. . ബാംഗ്ലൂരിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ബസ് സർവീസുകൾ ലഭ്യമാണ്. പ്രധാന റൂട്ടുകളിലെല്ലം എസി ബസുകളുമുണ്ട്. മെട്രോ സൗകര്യവും യാത്രകൾക്ക് പ്രയോജനപ്പെടുത്താം. മെട്രോയുള്ള റൂട്ടുകളിലേക്ക് മെട്രോതന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ട്രാഫിക് ബ്ലോക്കിന് കുപ്രസിദ്ധി നേടിയ ബെംഗളുരുവിലെ ഏറ്റവും രക്ഷകനാകുന്നത് മെട്രോയാണ്. മെട്രോയിടും ബിഎംടിസി ബസുകളിലും പാസുകൾ ലഭിക്കും.
3. ഭാഷ പഠിക്കാം
ബാംഗ്ലൂരിൽ എത്തുന്ന മറ്റുനാട്ടുകാർ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യങ്ങളിലൊന്നാണ് കന്നഡ പഠിച്ചില്ലേ എന്നത്.. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള, എല്ലാ ഭാഷകൾ സംസാരിക്കുന്നവര് ജീവിക്കുന്ന ഇടമാണ് ബാഗ്ലൂർ. എന്നാൽ കടയിൽ പോകുമ്പോൾ, ടാക്സിയിൽ സഞ്ചരിക്കേണ്ടി വരുമ്പോൾ, പൊതുവിടങ്ങൾ സന്ദർശിക്കുമ്പോൾ, ഭക്ഷണ ഓർഡർ ചെയ്യുമ്പോൾ, ഹോട്ടലില് പോകുമ്പോൾ തുടങ്ങിയ അവസരങ്ങളിൽ നിങ്ങൾക്ക് കന്നഡ പറയേണ്ടതായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ അത്യാവശ്യം ചെറിയ രീതിയിൽ അടിസ്ഥാന വാക്കുകൾ പഠിക്കുന്നത് നല്ലതായിരിക്കും.
4. ഭക്ഷണശാലകൾ
ഏറ്റവും ചെറിയ ചെലവിൽ ഭക്ഷണം ലഭിക്കുന്ന ഒട്ടേറെ ഇടങ്ങൾ ബാംഗ്ലൂരിലുണ്ട്. രാവിലെ ഇഡലിയും പൂരിയും ഒക്കെ ലഭിക്കുന്ന കടകൾ മിക്ക കോർണറുകളിലും കാണാം. ഉച്ചനേരങ്ങളിൽ പ്രധാന സ്ഥലങ്ങളോട് ചേർന്ന് വഴിവക്കിൽ ചൂടോടെ അന്ന സമ്പാറും മറ്റും വിളമ്പുന്ന ധാരാളം ചെറിയ കടകൾ പ്രവർത്തിക്കും. ചൂടോടെ, കുറഞ്ഞ നിരക്കിൽ വൃത്തിയായി ഭക്ഷണം നല്കുന്നവയാണ് മിക്കവയും. ഇത് കൂടാതെ ലോകത്തിന്‍റെ ഏതു ഭാഗത്തെയും ഭക്ഷണം ലഭിക്കുന്ന ഇടങ്ങളും ഇവിടെയുണ്ട്.
5. ട്രാഫിക്
ട്രാഫിക്കിനെക്കുറിച്ച് പറയാത്ത ഒരുദിവസം നിങ്ങളുടെ ബെംഗളുരു ജീവിതത്തിൽ ഉണ്ടാകില്ല. നട്ടുച്ചയ്ക്ക് ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന സമയങ്ങളിൽ പോലും ബ്ലോക്ക് ഉണ്ടാകുന്ന നഗരമാണ് ബെംഗളുരു. എവിടേക്കെങ്കിലും പോകുവാൻ ഇറങ്ങുമ്പോൾ ശരിക്കും വേണ്ടിവരുന്ന സമയത്തിനൊപ്പം ഒരു അരമണിക്കൂർ കൂട്ടി കണക്കാക്കി വേണം യാത്ര പ്ലാൻ ചെയ്യുവാൻ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













