സൗകര്യങ്ങൾ, ടെക്നോളജി, വളർച്ച എന്നിങ്ങനെ എന്തെടുത്തു നോക്കിയാലും ബെംഗളുരു ലോകത്തിലെ ഏതൊരു നഗരത്തോടും കിട പിടിക്കുന്ന ഒന്നാണ്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും എത്ര മുന്നേറിയാലും നഗരത്തെ രണ്ടടി പിന്നോട്ടു വലിക്കുന്നത് ഇവിടുത്ത ഗതാഗതക്കുരുക്കാണ്. ഇഴഞ്ഞു നീങ്ങുന്ന നഗരമെന്ന ഒരു കുപ്രസിദ്ധിയും ബാംഗ്ലൂരിനുണ്ട്. അത് മാത്രമല്ല,
ബാംഗ്ലൂർ നഗരത്തിൽ എത്തിയവർക്കറിയാം ഇവിടുത്തെ പൊള്ളുന്ന ടാക്സി നിരക്കും.
സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ പ്രശ്നങ്ങളും ഇവ രണ്ടുമാണ്. ഗതാഗതക്കുരുക്കും ചിലവ് കൂടിയ യാത്രയും. മെട്രോയും ബസുകളും ഒക്കെയുണ്ടെങ്കിലും ചിലപ്പോള് അതൊന്നും സഹായിച്ചെന്നു വരില്ല. എന്നാല്‍ ഇതൊക്കെ ഇപ്പോൾ പഴങ്കഥയായി മാറും. ഇതിനായി ഒരു മികച്ച പദ്ധതി അവതരിപ്പിക്കുകയാണ് നഗര ഗതാഗത ഡയറക്ടറേറ്റ് (Directorate of Urban Land Transport ഡൽറ്റ്).

ബെംഗളുരു നഗരത്തിനുള്ളിലെ ട്രാഫിക് ബ്ലോക്കുകൾ കുറയ്ക്കുവാനും യാത്രകൾ കുറഞ്ഞ ചെലവിൽ നടത്താനും വേണ്ടി തിരഞ്ഞെടുത്ത റൂട്ടുകളിൽ ഷെയർ ഇലക്ട്രിക് ഓട്ടോ സർവീസ് ആരംഭിക്കുകയാണ് ഡൽറ്റ് ലക്ഷ്യം വയ്ക്കുന്നത്. വ്യാപാര കേന്ദ്രങ്ങൾ, പാർപ്പിട മേഖലകൾ തുടങ്ങി കൂടുതൽ ആളുകളെത്തുന്ന ഇടങ്ങളിൽ ഷെയർ ഓട്ടോ സംവിധാനം കൊണ്ടുവരാൻ ഡൽറ്റ് കരാർ വിളിച്ചു.ഗ്രീൻ അർബൻ മൊബിലിറ്റി ഇന്നവേഷൻ ലിവിങ് ലാബിന്റെ സഹകരണത്തോടെയാണ് പദ്ധതി.
ഷെയർ ഇലക്ട്രിക് ഓട്ടോ സർവീസ് പ്രത്യേകതകൾ
ഷെയർ ഇലക്ട്രിക് ഓട്ടോ സർവീസിൽ ഒരു സമയം മൂന്നു പേർക്ക് യാത്ര ചെയ്യാം. ഇതിന്‍റെ കുറഞ്ഞ ചെലവും എടുത്തു പറയേണ്ടതാണ്. സാധാരണക്കാരായ ആളുകൾക്കു ധൈര്യത്തിൽ വിളിക്കാൻ പറ്റിയ നിരക്ക് മാത്രമേ ഇതിനുണ്ടാവുകയുള്ളൂ. ആദ്യ രണ്ട് കിലോമീറ്ററിന് 20 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും പത്ത് രൂപാ വീതവുമായിരിക്കും നിരക്ക്. മാത്രമല്ല, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്.
സുരക്ഷ പ്രധാനം
ഷെയറിങ് ഓട്ടോ ആയതുകൊണ്ടു തന്നെ അപരിചിതര്‍ക്കൊപ്പം യാത്ര ചെയ്യേണ്ടി വരുന്നത് പലരെയും ബുദ്ധിമുട്ടിച്ചേക്കാം. എന്നാൽ ഇതിൽ സുരക്ഷയുടെ കാര്യം ഭയപ്പെടേണ്ട. ജിപിഎസ് ട്രാക്കിങ് സംവിധാനം ഈ ഓട്ടോകളിൽ ഉപയോഗപ്പെടുത്തും.
നാല് റൂട്ടുകള്‍
നിലവിൽ നാല് റൂട്ടുകളാണ് ഈ ഷെയര‍് ഓട്ടോ സർവീസിനായി അധികൃതർ പരിഗണിക്കുന്നത്.
1. മല്ലേശ്വരം സംപിഗെ റോഡ്-നാഗപ്പ സ്ട്രീറ്റ്,
2. സംപിഗെ റോഡ്-സിരൂർ പാർക്ക് റോഡ്, 3. മല്ലേശ്വരം 18 ക്രോസ് ബസ് സ്റ്റാൻഡ്- സാൻഡൽ സോപ്പ് ഫാക്ടറി,
4. സാൻഡൽ സോപ്പ് ഫാക്ടറി-18 ക്രോസ് ബസ് സ്റ്റാൻഡ് എന്നിവയാണവ.
നിരക്ക് കുറയും
ഷെയർ ഓട്ടോ സര്‍വീസ് വരുന്നതോടെ നഗരത്തിലെ അമിതമായ ഓട്ടോ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി സമയത്തെ യാത്രകൾക്ക് സാധാരണ നിരക്കിനേക്കാൾ മൂന്നിരട്ടി വരെ അധികം തുക വാങ്ങുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












