ഒരു 'കംപ്ലീറ്റ് പാക്കേജ് '.. ഇന്ത്യയിലെ യാത്രകൾ എന്നു കേൾക്കുമ്പോൾ ഒരു പക്ഷേ, ലോകസഞ്ചാരികൾക്ക് മനസ്സിലെത്തുന്ന വാക്ക് ഇതായിരിക്കണം. പർവ്വതങ്ങളും പച്ചപ്പും മുതൽ, ക്ഷേത്രങ്ങളും പൗരാണിക നഗരങ്ങളും കാടും വന്യജീവി സങ്കേതങ്ങളും എല്ലാം ചേരുന്ന ഒരിടം. ഒറ്റ യാത്ര വന്നാൽ എല്ലാം അറിഞ്ഞും കണ്ടും പോയാൽ എല്ലാമായി. അങ്ങനെയുള്ള നമ്മുടെ ഇന്ത്യയെ ലോകം ഇന്‍റർനെറ്റിൽ തിരഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. വിനോദസഞ്ചാര രംഗത്ത് ഇന്ത്യയ്ക്ക് വീണ്ടും അഭിമാനകരമായ ഒരു നേട്ടം വന്നിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ തിരയപ്പെടുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് നമ്മുടെ ഇന്ത്യ നേടിയത്. ഗ്ലോബൽ ബാഗേജ് സ്റ്റോറേജ് ആപ്പ് ആയ ബൗൺസ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിനോദസഞ്ചാരത്തിനായി ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന രാജ്യം മാലദ്വീപാണ്. 24.57 ലക്ഷത്തോളം ആളുകൾ ആണ് മാലദ്വീപിനെക്കുറിച്ച് ഇന്‍റർനെറ്റിൽ തിരഞ്ഞത്. ജനപ്രിയ രാജ്യങ്ങളിൽ മാലദ്വീപിനും ഇന്ത്യയ്ക്കും ശേഷം മൂന്നാം സ്ഥാനം നേടിയത് സിംഗപ്പൂർ ആണ്.

14.78 ലക്ഷത്തോളം ആളുകൾ ഇന്ത്യയെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ 12. 24 ലക്ഷം ആളുകൾ സിംഗപ്പൂരിനെയും തിരഞ്ഞു. വിനോദസഞ്ചാരത്തിന് ഏറ്റവും വ്യത്യസ്തമായവ തന്നെ വാഗ്ദാനം ചെയ്യുന്ന ഇടങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെല്ലാം. കോസ്റ്റാ റിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ നാലും അഞ്ചും സ്ഥാനം നേടി.
ഇന്ത്യയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത് ഇവിടുത്തെ വ്യത്യസ്തമായ കാഴ്ചകൾ തന്നെയാണ്. യാത്രയിൽ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ വെവ്വേറെ ആണെങ്കിലും ഇന്ത്യയിൽ ഓരോരോത്തർക്കും വേണ്ടതെല്ലാം കണ്ടെത്താനാകും. ട്രെക്കിങ് ആയാലും ചരിത്രയിടങ്ങളായാലും കാലത്തെയും വെല്ലുവിളിച്ച് നിൽക്കുന്ന നിർമ്മിതികളും തീർത്ഥാടന റൂട്ടുകളും റെയിൽ ടൂറിസവും ഒക്കെ ഇവിടെയുണ്ട്. മാത്രമല്ല, മറ്റുപല രാജ്യങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ യാത്ര പൂർത്തിയാക്കുകയും ചെയ്യാം.

കന്യാകുമാരി മുതൽ കാശ്മീർ വരെ നീണ്ടു കിടക്കുന്ന ഇന്ത്യയുടെ ഭൂപ്രകൃതിയും പകരം വയ്ക്കാനില്ലാത്ത കാഴ്ചകളും ഇവിടെ വന്നാൽ ആസ്വദിക്കാം. കേരളത്തിൽ ആലപ്പുഴ, തേക്കടി, മൂന്നാർ, കൊച്ചി, കോവളം, വർക്കല തുടങ്ങിയ സ്ഥലങ്ങളാണ് വിദേശസഞ്ചാരികൾക്ക് പ്രിയം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ കേരളത്തിലെത്തുന്നത് ഈ കാഴ്ചകൾ തേടിയാണ്.
ആഗ്രയിലെ താജ്മഹൽ, ഡല്‍ഹിയിലെ കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ്, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, അജന്ത എല്ലോറാ ഗുഹകൾ, കൊണാർക്ക് ക്ഷേത്രം, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഊട്ടി, ലോണാവാല, എന്നിങ്ങനെ സ്ഥിരം സഞ്ചാരികൾ എത്തുന്ന ഇടങ്ങളും ഉണ്ട്. ഇതൊക്കെ തന്നെയാനും സഞ്ചാരികളെ ഇന്ത്യയെക്കുറിച്ച് തിരയാൻ പ്രേരിപ്പിച്ചതും.
ഒന്നാം സ്ഥാനം നേടിയ മാലദ്വീപ് ഹണിമൂൺ ഡെസ്റ്റിനേഷൻ ആണ്. സാധാരണ സഞ്ചാരികൾ മുതൽ സെലബ്രിറ്റികൾ വരെ എത്തിച്ചേരുന്ന ഇവിടം പവിഴപ്പുറ്റുകള്‍ക്കും കടൽക്കാഴ്ചകൾക്കും പ്രസിദ്ധമാണ്. 26 പവിഴദ്വീപസമൂഹങ്ങള്‍ ചേരുന്നതാണ് മാലദ്വീപ്, സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്നു കിടക്കുന്ന രാജ്യം കൂടിയാണ്. ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് എന്ന കാരണവും ഇവിടേക്ക് സഞ്ചാരികൾ എത്തുന്നതിന് പിന്നിലുണ്ട്.
സിംഗപ്പൂരിനെക്കുറിച്ച് പറഞ്ഞാൽ ഇത് ഭാവിയിൽ ജീവിക്കുന്ന നാടാണ്. ലോകത്തിലെ മറ്റേതു രാജ്യത്തെയുംകാൾ സാങ്കേതിക വിദ്യയിൽ ജീവിതം മാറ്റിയവരാണ് ഇവിടുത്തുകാർ. ലോക സാമ്പത്തിക ശക്തികളിലൊന്നും കൂടിയാണ് സിംഗപ്പൂർ . ഇവിടുത്തെ കെട്ടിടങ്ങൾതന്നെയാണ് പ്രധാന കാഴ്ച. എന്നിരുന്നാലും നഗര-സംസ്ഥാനമായ സംഗപ്പൂർ എല്ലാതരത്തിലും മുന്നേറുമ്പോഴും പ്രകൃതിയെ മാറ്റിനിർത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പത്തു രാജ്യങ്ങൾ
1.മാലദ്വീപ് - 24,57,000 തിരച്ചിലുകള്‍
2.ഇന്ത്യ - 14,78,300 തിരച്ചിലുകള്‍
3.സിംഗപ്പൂര്‍ - 12,24,500 തിരച്ചിലുകള്‍
4.കോസ്റ്ററിക്ക - 10,67,300 തിരച്ചിലുകള്‍
5.മെക്‌സിക്കോ - 10,59,000 തിരച്ചിലുകള്‍
6.ജപ്പാന്‍ - 10,51,200 തിരച്ചിലുകള്‍
7.ജമൈക്ക - 10,21,900 തിരച്ചിലുകള്‍
8.ഗ്രീസ് - 9,98,100 തിരച്ചിലുകള്‍
9.ബഹാമാസ് -9,57,000 തിരച്ചിലുകള്‍
10. ഓസ്‌ട്രേലിയ - 8,67,000 തിരച്ചിലുകള്‍
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













