പ്രെപ്പേഴ്സ് ഇൻ പാരഡൈസ്
ബുക്കിങ്.കോം നടത്തിയ ഗവേഷണഫലം അനുസരിച്ച് അറുപത്തിനാല് ശതമാനം ഇന്ത്യൻ യാത്രക്കാരും തീർത്തും അടിസ്ഥാനപരമായ യാത്രാ ആവശ്യങ്ങളിലേക്ക് പോകുവാനാണ് ആഗ്രഹിക്കുന്നത്. തീര്‍ത്തും ലളിതമാ ആവശ്യങ്ങള് മാത്രമേ തങ്ങളുടെ വെക്കേഷനിൽ ഇവർ ആഗ്രഹിക്കുന്നുള്ളൂ. യാഥാർത്ഥ്യത്തിൽ നിന്നും മാറി നിൽക്കുന്ന ഓഫ്ഗ്രിഡ് യാത്രകളാണ് മറ്റൊന്ന്. മാത്രമല്ല, എഴുപത് ശതമാനം ഇന്ത്യൻ യാത്രക്കാരും അതിജീവന കഴിവുകൾ പഠിക്കാനുള്ള അവസരമായി 2023-ൽ യാത്ര ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നു.
നഗരത്തില്‍ വസിക്കുന്നവർക്ക് പരിസ്ഥിതിയോട് കൂടുതൽ ചേർന്നു നിൽക്കുന്ന യാത്രകൾക്കും താമസസൗകര്യങ്ങൾക്കുമാണ് മുൻഗണന നല്കുന്നത്.
വെർച്വൽ വോയേജേഴ്‌സ്
വെർച്വൽ വോയേജേഴ്‌സ് അഥവാ വിർച്വൽ റിയാലിറ്റിയിൽ യാത്ര നടത്തുവാൻ ആഗ്രഹിക്കുന്നവരാണ് 70 ശതമാനം ഇന്ത്യൻ സഞ്ചാരികളും എന്നും സർവേ പറയുന്നു. 3D വെർച്വൽ സ്‌പെയ്‌സിലേക്ക് യാത്രകളെ ചേർക്കുവാനാണ് മിക്കവരും താല്പര്യപ്പെടുന്നത്. വിആർ യാത്രാ അനുഭവം ആരംഭിക്കുന്നതിന് മെറ്റാവേഴ്സ് ആയിരിക്കും കൂടുതൽ ആളുകളും സ്വീകരിക്കുക. ഇത് പലതരത്തിൽ ആളുകളെ സഹായിക്കുന്നു. ഉദാഹരണത്തിന് അത് ആളുകളെ ബോധവൽക്കരിക്കുകയും അനന്തമായ സാഹസികതയ്ക്കുള്ള വാതിൽ തുറക്കുകയും ചെയ്യും.
ഒരു വിർച്വൽ ലോകത്തേയ്ക്ക് പ്രവേശിക്കുവാനും പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഒരു സ്പേസാണ് ഈ മെറ്റാവേഴ്സ്. ഇതിന്റെ മറ്റൊരു പ്രത്യേകത, ഓരോരുത്തര്‍ക്കും അവതാര്‍ എന്ന പേരിൽ ഒരു വെര്‍ച്വല്‍ രൂപമുണ്ടാവും.
അസൗകര്യമായ മേഖലയിലെ ആനന്ദം
അസൗകര്യമായ മേഖലയിലെ ആനന്ദം അഥവാ Delight in the Discomfort Zone എന്നാണ് മൂന്നാമത്തെ യാത്രാ പ്രവചനം. പുതിയ സംസ്കാരങ്ങളും രീതികളും അനുഭവങ്ങളും തേടി യാത്ര ചെയ്യുവാൻ 71 ശതമാനം ഇന്ത്യൻ സഞ്ചാരികളും തയ്യാറാണ്. വ്യത്യസ്തമായ സാംസ്കാരിക അനുഭവങ്ങളും ഭാഷകളും ഉള്ള എവിടെയെങ്കിലും യാത്ര ചെയ്യുവാനാണ് 63 ശതമാനം ആഗ്രഹിക്കുന്നതെങ്കിൽ 27 ശതമാനം തീർത്തും മറഞ്ഞിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ തേടുവാനാണ് താല്പര്യപ്പെടുന്നത്. ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള അവധിക്കാലമാണ് ഇന്ത്യൻ സഞ്ചാരികൾ 2023 ൽ തേടുവാൻ പോകുന്നത്.
പഴയ നല്ല ദിനങ്ങൾ
കഴിഞ്ഞുപോയ നല്ല കാലത്തെയും യാത്രകളെയും അല്പം ഗൃഹാതുരത്വത്തോടെ ഓർമ്മിക്കുന്നതും അത്തരം യാത്രകൾ പ്ലാൻ ചെയ്യുന്നതും 2023 ൽ സംഭവിച്ചേക്കാവുന്ന ഒരു കാര്യമായാണ് സർവേ പറയുന്നത്. ഡിജിറ്റൽ ലോകത്തു നിന്നും മാറി, യഥാർത്ഥ ചില യാത്രകളിലേക്ക് പോകുവാനാണ് ഇവർ ആഗ്രഹിക്കുന്നത്. റെട്രോ ഫിലിമുകളിൽ ഫീച്ചർ ചെയ്യുന്ന ലാൻഡ്‌മാർക്കുകൾ അല്ലെങ്കിൽ ആകർഷണങ്ങൾ തിരഞ്ഞെടുക്കുന്നത്, ഗതാഗത മാർഗ്ഗമായി ബസ് തിരഞ്ഞെടുക്കുന്നത് ഒക്കെ, ഇത്തരം മടങ്ങിപ്പോക്കുകളുടെ ഭാഗമായേക്കും.
സമാധാനവും ആനന്ദവും നിറഞ്ഞ തീർഥാടനങ്ങൾ
2023 ലെ യാത്രകളിൽ ഹിറ്റ് ആകുവാൻ പോകുന്ന മറ്റൊരു കാര്യം സമാധാനവും ആനന്ദവും നിറഞ്ഞ തീർഥാടനങ്ങൾ ആണ്. മനസ്സും ശരീരവും ആത്മാവും ഒരുപോലെ ഉത്തേജിപ്പിക്കുവാൻ ആഗ്രഹിച്ചുള്ള യാത്രകൾക്ക് ആളുകൾ മുന്‍ഗണന നല്കും. സമാധാനവും ആനന്ദവും നേടുന്നതിനുള്ള വഴികളാവും യാത്രയിൽ ഉൾപ്പെടുത്തുക. 70 ശതമാനം ഇന്ത്യൻ യാത്രക്കാരും മനസ്സ്, ധ്യാനം എന്നിവ ഫോക്കസ് ചെയ്തുള്ള യാത്രകൾ ലക്ഷ്യമിടുന്നു. 63 ശതമാനം പേർ നിശബ്ദമായ വിശ്രമത്തിൽ സമാധാനം കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.59 ശതമാനം പേർ മാനസികാരോഗ്യം, പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടങ്ങളിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നു.
തിരിച്ചുവരുന്ന അവധിക്കാലം
വർക് ഫ്രം ഹോം ഓപ്ഷനിൽ നിന്നും തിരികെ മുഴുവൻ സമയ ഓഫീസ് ജോലിയിലേക്ക് മടങ്ങിവന്ന്, നേരത്തെ ലഭിച്ചുകൊണ്ടിരുന്ന തരത്തിലുള്ള വാർഷിക അവധിയാണ് കൂടുതലും ആളുകൾ ആഗ്രഹിക്കുന്നത്. പൂർണ്ണമായ രക്ഷപ്പെടലിനായി അവധിക്കാലം നിലനിർത്താൻ കൂടുതൽ പേർ താൽപ്പര്യപ്പെടുന്നു. മാത്രമല്ല 67 ശതമാനം ഇന്ത്യക്കാരും 2023-ൽ തങ്ങളുടെ യാത്രകൾ കമ്പനി സൗജന്യമാക്കണമെന്ന് ആഗ്രഹിക്കുന്നു, ബിസിനസ്സിനായുള്ള യാത്രകൾ 2023-ൽ തിരിച്ചെത്തും. മറ്റൊരു രസകരമായ നിരീക്ഷണം 76 ശതമാനം ഇന്ത്യക്കാരും പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് ജോലിയിൽ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാകാൻ തങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ് എന്നതാണ്.
പണത്തിന്റെ മൂല്യത്തിന് മുൻഗണന നല്കിയുള്ള യാത്രകൾ
2023 ലെ മറ്റൊരു യാത്രാ പ്രവചനം പണത്തിന്റെ മൂല്യത്തിന് മുൻഗണന നല്കിയുള്ള യാത്രകൾക്ക് ആളുകൾ മുന്‍ഗണന നല്കുമെന്നതാണ്.ഡീലുകൾ, ഹാക്കുകൾ, സമയബന്ധിതമായ യാത്രകൾ എന്നിവ പ്രയോജനപ്പെടുത്തി, കിഴിവുകളും ലോയൽറ്റി പ്രോഗ്രാമുകളും ഉപയോഗിച്ച് പണത്തിന്റെ മൂല്യത്തിന് മുൻഗണന നൽകിക്കൊണ്ട് ആളുകൾ യാത്രാ ബജറ്റുകൾ കൈകാര്യം ചെയ്യും. 69 ശതമാനം ഇന്ത്യക്കാരും ഓഫ് സീസൺ ലക്ഷ്യസ്ഥാനങ്ങളോ യാത്രയിൽ ദൈർഘ്യമേറിയ റൂട്ടുകളോ പരിഗണിച്ച് പണം ലാഭിക്കാൻ നോക്കും 72 ശതമാനം പേർ മികച്ച ഡീൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ കൂടുതൽ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യും.