ബീച്ചുകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ
ഗോവയിലെ ബീച്ചുകൾ കൂടുതൽ സഞ്ചാരി സൗഹൃദപരമാക്കുന്നതിനും മികച്ച ഇടപെടലുകൾ നടത്തുന്നതിനുമായി പല കാര്യങ്ങൾക്കും ഗോവയിലെ ബീച്ചുകളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ടിക്കറ്റ്, പാക്കേജുകൾ തുടങ്ങിയവ വിൽക്കുന്നത്, റോഡരികിൽ പാചകം ചെയ്യുന്നത് , മദ്യപിക്കുന്നത്, തുടങ്ങിയ കാര്യങ്ങൾ നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഗോവ സർക്കാർ ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.അതുകൊണ്ടു തന്നെ ഇവിടേക്ക് യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
George Cox/ Unsplash
പ്ലാസ്റ്റിക് ഇല്ല, വേണ്ട.. ഉപയോഗിക്കേണ്ട
പ്ലാസ്റ്റിക് കുപ്പികളും മറ്റും ഗോവയിൽ ഉപയോഗിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന-സിംഗിൾ യൂസ് - പ്ലാസ്റ്റിക് വസ്തുക്കൾക്ക് ഗോവയില്‍ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ജൂലൈ 1 മുതൽ ഈ നിരോധനം നിലനിൽക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്നതു മാത്രമല്ല, ഇവയുടെ സംഭരണം, നിർമ്മാണം, വിൽപ്പന എന്നിവയും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. യാത്രയിൽ കാനുകളിൽ വെള്ളം കരുതുന്നത് പ്രകൃതിക്കും നിങ്ങളുടെ പോക്കറ്റിനും ഒരുപോലെ നല്ലതാണ്. ഗുണനിലവാരമുള്ള കുപ്പികൾ കരുതിയാൽ യാത്രയിൽ ഹോട്ടലുകളിൽ നിന്നും മറ്റും വെള്ളം ആവശ്യത്തിന് നിറയ്ക്കുകയും ചെയ്യാം,
PC:Toa Heftiba/ Unsplash
അനധികൃത വാഹനങ്ങൾ
സാധാരണ ഗോവയിൽ പോകുമ്പോൾ അവിടെ നിന്നും വാഹനം വാടകയ്ക്കെടുത്തു സഞ്ചരിക്കുകയാണ് സഞ്ചാരികൾ പൊതുവേ ചെയ്യുന്നത്. ഗോവയിൽ സ്ഥലങ്ങൾ കാണുവാൻ ഏറ്റവും എളുപ്പമുള്ള കാര്യവും ഇതു തന്നെയാണ്. എന്നാൽ, വാഹനങ്ങൾ ഇങ്ങനെ വാടകയ്ക്കെടുക്കുമ്പോൾ അതിന് കൃത്യമായ രേഖകളുണ്ടെന്നും സർട്ടിഫിക്കറ്റുകൾ എല്ലാം സാധുവാണെന്നും ഉറപ്പ് വരുത്തണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് ഗോവ ബീച്ചുകളിൽ അനധികൃത വാഹനങ്ങൾ ഓടിക്കുന്നത് നിയമ വിരുദ്ധമാണ്. മുൻകൂട്ടി അന്വേഷിച്ച്, നിയമപരമായി ബിസിനസ് നടത്തുന്നവരിൽ നിന്നു മാത്രം വാഹനം വാടകയ്ക്കെടുക്കാം.
PC:Utkarsh Shankar/ Unsplash
റോഡ് സൈഡിൽ ഭക്ഷണം പാചകം ചെയ്യുന്നത്
ഗോവയിൽ വഴിയരുകിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും വിലക്കുകൾ നിലനിൽക്കുന്നുണ്ട് എന്ന കാര്യം ഓർമ്മിക്കുക. വിനോദസഞ്ചാരികൾ പലപ്പോഴും റോഡരികിൽ പാചകം ചെയ്യുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനാലാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
PC:Stephanie McCabe/ Unsplash
ബീച്ചുകളിൽ പാചകം ചെയ്യുന്നത്
റോഡ് സൈഡിൽ ഭക്ഷണം പാചകം ചെയ്യുന്നതു മാത്രമല്ല,
ബീച്ചുകളിലോ, ബീച്ചുകൾക്ക് സമീപമോ ഭക്ഷണം പാചകം ചെയ്യുന്നതും ഇവിടെ വിലക്കിയിട്ടുണ്ട്. ഗോവ യാത്രയിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണിത്. ബീച്ചുകളിൽ മദ്യപിക്കുന്നതിനും വിലക്കുണ്ട്. സഞ്ചാരികൽ ഈ നിയമങ്ങൾ പാലിക്കുന്നുണ്ട് എന്നുറപ്പുവരുത്താനായി വിനോദസഞ്ചാരികളുടെ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ കർശനമായ നിയമങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
PC:Josue Michel / Unsplash
വെള്ളത്തിലിറങ്ങുന്നതിനു മുൻപ്
വെള്ളത്തിൽ സാഹസിക വിനോദങ്ങൾക്കായി ഇറങ്ങുന്നതിനു മുൻപ് അനുമതിയുള്ള സ്ഥലത്താണ് നിങ്ങളുള്ളതെന്ന് ഉറപ്പു വരുത്തുക. സംസ്ഥാന ടൂറിസം വകുപ്പിൻറെ അനുമതിയില്ലാത്ത പ്രദേശങ്ങളിൽ ബോട്ടിംഗ്/ജല കായിക വിനോദങ്ങൾ അനുവദിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അംഗീകൃത ടിക്കറ്റിംഗ് കൗണ്ടറുകളും ഓഫീസുകളും ഇല്ലാത്ത സ്ഥലങ്ങളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇതിനായി ടിക്കറ്റുകള്‍ വിൽക്കുന്നതിനും വിലക്കുണ്ട്. ഇത്തരം കാര്യങ്ങൾ മുന്‍കൂട്ടി അന്വേഷിച്ച ശേഷം മാത്രം ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുക.
PC:Nayan Tara / Unsplash
കടൽത്തീരത്തെ ഡെസ്ക് ബെഡുകൾ
കടൽത്തീരത്തും ബീച്ചുകളിലും ഡെസ്ക് ബെഡുകളും മറ്റും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്‌ട യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് സാധുവായ അനുമതികൾ നേടാതെ സംസ്ഥാനത്തെ എല്ലാ ബീച്ചുകളിലും ഡെക്ക്-ബെഡുകൾ, മേശകൾ, മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുൻപ് അവയ്ക്ക് അനുമതിയുണ്ടെന്ന് ഉറപ്പാക്കുക.
PC:Sarang Pande/ Unsplash