എപ്പോൾ പോയാലും ചെറുതും വലുതുമായി എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ ഒരുക്കിവയ്ക്കുന്ന വയനാട് ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്തില്ല. അതിനു കാലവസ്ഥയെന്നോ ചൂടെന്നോ തണുപ്പെന്നോ ഒരു മാറ്റവുമില്ല. ഈ മധ്യവേനലവധിക്കാലത്തും ആയിരക്കണക്കിനാളുകളാണ് വയനാടിന്‍റെ കാഴ്ചകൾ തേടി വരുന്നത്. അതിലെല്ലാവരും മറക്കാതെ തേടിച്ചെല്ലുന്ന ഇടമാണ് കാന്തന്‍പാറ വെള്ളച്ചാട്ടം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്യുന്ന വേനൽമഴയിൽ വെള്ളച്ചാട്ടം വീണ്ടും കരുത്താർജ്ജിച്ചതോടെ കാന്തൻപാറ വെള്ളച്ചാട്ടം വയനാട്ടിലെ ഹോട്ട് ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്.
വയനാട്ടിലെ ഏറ്റവും ചെറിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കാന്തൻപാറ വെള്ളച്ചാട്ടം. വലുപ്പത്തിൽ ചെറുതാണെങ്കിലും കാഴ്ചയുടെ ഭംഗിയിലും തേടിയെത്തുന്ന ആളുകളുടെ എണ്ണത്തിലും ഒരു കുറവും ഇതിനില്ല. മഴ പെയ്തു തുടങ്ങുമ്പോഴേയ്ക്കും അതിന്‍റെ ഭംഗിയുടെ പൂർണ്ണതയിലെത്തുന്ന കാന്തൻപാറ വെള്ളച്ചാട്ടം മേപ്പാടിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച അതിമനോഹരമാണ്.

കാട്ടിൽ നിന്നൊഴുകിയെത്തി, പാറക്കെട്ടുകളിലൂടെ പതിക്കുന്ന കാന്തൻപാറ പേരുപോലെ തന്നെ ഏതൊരു സഞ്ചാരിയെയും ഒരു കാന്തം പോലെ വലിച്ചടുപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്. വെറും 30 മീറ്റർ മാത്രം ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കുറച്ചുകാലം മുൻപ് വരെ അത്ര പ്രസിദ്ധമല്ലായിരുന്നു. ഇപ്പോഴിതാ, വയനാട്ടിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഇടമായി കാന്തൻപാറ മാറിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നുള്ളവർ മാത്രമല്ല, വയനാട്ടിലെത്തുന്ന ഉത്തരേന്ത്യൻ സഞ്ചാരികളടക്കമുള്ളവർ കേട്ടറിഞ്ഞ് ഇവിടേക്ക് വരുന്നു.

സുരക്ഷിതമായ ഇടം എന്നതാണ് കുട്ടികളും പ്രായമായവരുമായി എത്തുന്ന സഞ്ചാരികളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്. കുടുംബവുമായി വരുന്നവരാണ് കൂടുതലും കാന്തൻപാറയിലെത്തുന്നത്. ആഴം കുറവായതിനാൽ ധൈര്യത്തിൽ ഇറങ്ങാം. മാത്രല്ല, വെള്ളംപതിക്കുന്നിടത്ത് താഴെ സുരക്ഷിതമായി ഇറങ്ങുവാനും വേണമെങ്കിൽ കുളിക്കുവാനും സാധിക്കുകയും ചെയ്യും. വെള്ളച്ചാട്ടത്തോളം തന്നെ എടുത്തുപറയേണ്ടതാണ് ഇവിടുത്തെ പരന്നുകിടക്കുന്ന പാറക്കൂട്ടങ്ങളും. പാർക്കിങ് സൗകര്യവും ഇവിടെ ലഭിക്കും.
പച്ചപ്പിനു നടുവിലെ പാറക്കൂട്ടവും അതിലൂടെ പതിക്കുന്ന വെള്ളച്ചാട്ടവും മനോഹരമായ കാഴ്ചയാണ്. ഇതിന്‍റെ ഭംഗി കൂടുതലും ദൃശ്യമാകുന്നത് മഴക്കാലത്താണ്. മഴയും കോടമഞ്ഞും പച്ചപ്പും കൂടി വരുമ്പോൾ കാന്തൻപാറയുടെ സൗന്ദര്യം വീണ്ടുമിരട്ടിക്കും.

PC:Aneesh Jose
രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെയാണ് ഇവിടുത്തെ പ്രവേശന സമയം. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വളരെ എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന ഇടമാണ് കാന്തൻപാറ വെള്ളച്ചാട്ടത്തിന്‍റേത്. മേപ്പാടിയിൽ മൂപ്പനാട് പഞ്ചായത്തിന്‍റ ഭാഗമായാണ് കാന്തൻപാറ വെള്ളച്ചാട്ടമുള്ളത്. ഊട്ടി അന്തര്‍സംസ്ഥാന പാതയിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്ക് എത്താം. താമരശ്ശേരി വഴി വരുന്നവർക്ക് വൈത്തിരി-ചുണ്ടയിൽ വഴി മേപ്പാടിയിലെത്തി തുടർന്ന് അഞ്ച് കിലോമീറ്റർ മുന്നോട്ടു പോയാൽ വലത് ഭാഗത്തേയ്ക്ക് ബോർഡ് കാണാം. ഇതുവഴി നേരേ പോയാല്‍ വെള്ളച്ചാട്ടത്തിലെത്താം.

PC:Kerala Tourism
പെരിന്തല്‍മണ്ണ- നിലമ്പൂർ വഴി നാടുകാണി ചുരം കയറി ഗൂഡല്ലൂർ - വടുവഞ്ചാൽ-മേപ്പായിടി വഴി റിപ്പണിൽ എത്തിയാൽ ഇടത്തോട്ട് ബോർഡ് കാണാം. ഇതുവഴി പോയാലും കാന്തൻപാറയിലെത്തും. ടിക്കറ്റ് കൗണ്ടറിനടുത്തു വരെ വണ്ടിവരും എന്നതിനാൽ കുട്ടികളുമായി വരുന്നവർക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഇവിടം തിരഞ്ഞെടുക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












