കന്യാകുമാരി.. മലയാളികൾക്ക് ഏറെ ആത്മബന്ധമുള്ള ഇടങ്ങളിലൊന്ന്... കുട്ടിക്കാലത്ത് വിനോദയാത്രകളിൽ ഊട്ടിക്കും കൊടൈക്കനാലിനും മലമ്പുഴയ്ക്കുമൊപ്പം ഉണ്ടായിരുന്ന കന്യാകുമാരി ഇന്നും പലരുടെയും യാത്രാ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ഇടമാണ്. തിരുവനന്തപുരത്തുകാരെ സംബന്ധിച്ചാവട്ടെ, എത്ര തവണ പോയാലും വീണ്ടും വീണ്ടും പോകാൻ ഒരു മടിയും ഇല്ലാത്ത ഡെസ്റ്റിനേഷൻ കൂടിയാണ് കന്യാകുമാരി.
പൊതുവേ തിരുവനന്തപുരം യാത്രയിൽ കന്യാകുമാരി കൂടി ഉൾപ്പെടുത്തുന്നതാണ് സഞ്ചാരികളുടെ രീതി. തലസ്ഥാനം കണ്ടു കഴിഞ്ഞ് നേരെ കന്യാകുമാരി പിടിച്ച് അവിടുന്ന് നേരിട്ട് നാട്ടിലേക്കു മടങ്ങുന്നതാണ് എളുപ്പവും. എന്തായാലും ഒരു കന്യാകുമാരി യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിരുവനന്തപുരത് നിന്ന് എങ്ങനെ പോകാമെന്നും കന്യാകുമാരിയിൽ കാണേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്നും നോക്കാം.

കന്യാകുമാരി ത്രിവേണി സംഗമസ്ഥാനം
കന്യാകുമാരി യാത്ര പ്ലാൻ ചെയ്യുന്നതിനു മുൻപ് കന്യാകുമാരി എന്ന ഇന്ത്യയുടെ തെക്കേ മുനമ്പിനെ നിങ്ങൾ ഒന്നു പരിചയപ്പെടണം. മൂന്നു കടലുകളുടെ സംഗമസ്ഥാനമാണ് കന്യാകുമാരി. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവ ഒന്നിക്കുന്നത് കന്യാകുമാരിയിൽ വച്ചാണ്. ത്രിവേണി സംഗമസ്ഥാനം എന്നും കന്യാകുമാരി അറിയപ്പെടുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഒരിടത്തു തന്നെ ആസ്വദിക്കാം എന്നതാണ് മറ്റൊരാകര്‍ഷണം.
കന്യാകുമാരി ക്ഷേത്രം, ബീച്ചുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, കടകൾ. വഴിയോര ഷോപ്പിങ്, ഹോട്ടലുകൾ, വിവേകാനന്ദപ്പാറ, തിരുവുള്ളവർ പ്രതിമ, മഹാത്മാ ഗാന്ധി മെമ്മോറിയൽ, പിന്നെ കൊട്ടാരങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ ഇവിടെ കാണാനും പരിചയപ്പെടുവാനും ഒത്തിരി കാര്യങ്ങളും കാഴ്ചകളുമുണ്ട്.
ബീച്ചുകൾ തന്നെ പ്രധാന കാഴ്ച
പല നിറത്തിലും രൂപത്തിലും ഉള്ള ബീച്ചുകൾ ഇവിടെയുണ്ട്. ആദ്യം കാണുന്ന കടലിന്‍റെ നിറമായിരിക്കില്ല പിന്നെയും മുന്നോട്ട് നടന്നു കാണുന്ന തീരത്തിനുള്ളത്. കടൽത്തീരത്ത് പാറക്കെട്ടുകളില് വെറുതേ വന്നിരിക്കുന്നവരും ദൂരനിന്നു വന്ന് കന്യാകുമാരിയുടെ ചന്തം ആസ്വദിക്കുന്നവരും ഇതിലുണ്ടാവും. കന്യാകുമാരിയിലെ കടൽത്തീരം മുഴുവനും നടന്നു കാണാൻ കഴിഞ്ഞില്ലെങ്കിലും തീരത്തിരുന്ന് തന്നെ അസ്തമയ അതിന്റെ മുഴുവൻ ഭംഗിയിലും കാണാൻ മറക്കരുത്.
ആദ്യം കാണേണ്ടത് ഉദയം
കന്യാകുമാരിയിൽ നിങ്ങൾ ഏതു സമയത്ത് എത്തിയാലും എപ്പോൾ മടങ്ങിയാലും ഇവിടുത്തെ സൂര്യോദയം കണ്ടേ മടങ്ങൂ എന്നുറപ്പിക്കണം. ഉദിച്ചുയരുന്ന സൂര്യനെ കണ്ട് ദിവസം ആരംഭിക്കാൻ സഹായിക്കുന്ന ഹോട്ടലുകൾ ഇവിടെ നിരവധിയുണ്ട്. സൺറൈസ് വ്യൂ ഉള്ള റൂം തന്നെ ഉറപ്പാക്കണം. ഇവിടെ വന്ന് ഹോട്ടൽ കണ്ടുപിടിച്ച് ബുക്കിങ് നടത്തുന്നതിനേക്കാൾ എളുപ്പം നേരത്തെ ഓൺലൈന‍് വഴി മികച്ച ഡീലിൽ നല്ല റൂം ബുക്കിങ് ചെയ്യുന്നതാണ്. അവസാന നിമിഷം റൂം തിരഞ്ഞുള്ള ഓട്ടപ്പാച്ചിൽ ഇല്ലാതാക്കാൻ ഇതുസഹായിക്കും.
കന്യാകുമാരിയിലെ കാഴ്ചകള്‍
കന്യാകുമാരിയിൽ ആദ്യം കാണാൻ പോകുന്ന സ്ഥലം ബീച്ചിൽ നിന്നും അരക്കിലോമീറ്റർ അകലെയുള്ള വിവേകാനന്ദപ്പാറയാണ്. കടലിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ പാറയിൽ സ്വാമി വിവേകാന്ദൻ ധ്യാനിച്ചിരുന്നിട്ടുണ്ടെന്നാണ് വിശ്വാസം. വിവേകാനന്ദപ്പാറയ്ക്കുടുത്തായി തിരുവള്ളുവര്‍ പ്രതിമ ഉണ്ട്. രണ്ടിടങ്ങളും ഒറ്റ ബോട്ട് ടിക്കറ്റിൽ തന്നെ സന്ദർശിക്കാം.
ഇന്ത്യയുടെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം കന്യാകുമാരി ക്ഷേത്രം സന്ദർശിക്കാൻ മറക്കരുത്. ത്രിവേണി സംഗമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് മൂവായിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. പുലര്‍ച്ചെ 4.30ന് ക്ഷേത്ര നട തുറക്കും. തുടർന്ന് ഉച്ചയോടെ അടയ്ക്കുകയും വീണ്ടും വൈകുന്നേരം 4.00 മണിക്ക് തുറന്ന് രാത്രി എട്ടു മണിക്ക് അടയ്ക്കുകയും ചെയ്യും.
ചെലവ് കുറഞ്ഞ കന്യാകുമാരി യാത്ര
തിരുവനന്തപുരത്ത് എത്തി കന്യാകുമാരിയിലേക്ക് പോകുന്ന വിധത്തിലാണല്ലോ നമ്മൾ യാത്ര പ്ലാന് ചെയ്തത്. ദിവസത്തിലെപ്പോഴും തിരുവനന്തപുരം-കന്യാകുമാരി-തിരുവനന്തപുരം റൂട്ടിൽ ബസുകള് സർവീസ് നടത്തുന്നു.
മുൻകൂട്ടി ബുക്ക് ചെയ്തും അല്ലാതെയും പോകാം. സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് 103 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടര മണിക്കൂറാണ് യാത്രാ സമയം. ട്രെയിൻ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കന്യാകുമാരിയിലേക്ക് ട്രെയിൻ കിട്ടും. 150 നും 200 നും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













