ഗവി
ഓർഡിനറി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ സഞ്ചാരികൾ ഹൃദയത്തിലേറ്റിയ സ്ഥലമാണ് ഗവി. 2012 ൽ സിനിമ ഇറങ്ങിയതു മുതൽ തുടങ്ങിയ ഗവിയിലെ തിരക്ക് ഇന്നും കുറഞ്ഞിട്ടില്ല. വന്നവര്‍ വീണ്ടും വീണ്ടും വരുമ്പോൾ ഒരിക്കലെങ്കിലും ഗവി കാണുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികളാണ് കൂടുതൽ. കാടിനുള്ളിലൂടെ കിലോമീറ്ററുകൾ കിടിലൻ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര രസകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളുടെ കാഴ്ചയും അരുവികളും വന്യമൃഗങ്ങളും എല്ലാം ചേരുന്ന കാഴ്ച ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളിൽ ഒന്നായിരിക്കും.
PC:Ajithmon88
കൊച്ചി-ഗവി കെഎസ്ആർടിസി യാത്ര
സാധാരണയായി ഗവിയിലേക്ക് പോകുവാൻ പത്തനംതിട്ടയിലോ കുമളിയിലോ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അല്ലെങ്കിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻറെ നേതൃത്വത്തിൽ നടത്തുന്ന വിനോദ യാത്രകളെയോ സ്വകാര്യ വാഹനങ്ങൾക്ക അനുവദിക്കുന്ന നിശ്ചിത എണ്ണം പെർമിറ്റുകൾ ഉപയോഗിച്ചോ ഗവിയിലേക്ക് യാത്ര ചെയ്യാം. ഇതാ കൊച്ചിയിൽ നിന്നും കുമളി വഴി എങ്ങനെ ഒരു കെഎസ്ആർടിസി യാത്ര നടത്താം എന്നു നോക്കാം
കൊച്ചി-കുമളി
കൊച്ചിയിൽ നിന്നും ആദ്യം കുമളിയിലേക്കും കുമളിയിൽ നിന്ന് പത്തനംതിട്ടയിലേക്കുമാണ് ഈ യാത്രയിൽ പോകേണ്ട റൂട്ട്. ഒറ്റദിവസം കൊണ്ട് ഗവിയിലേക്ക് ഒരു ചെറിയ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പരീക്ഷിക്കുവാൻ പറ്റിയ കെഎസ്ആർടിസി യാത്രയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. 245 രൂപയാണ് ടിക്കറ്റ് നിരക്ക്.
രാത്രി 11 മണിക്ക് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും എടുക്കുന്ന കട്ടപ്പന-കുമളി ബസ് ബസ് പുലർച്ചെ നാല് മണിയോടു കൂടി കുമളിയിലെത്തും. ചെറിയൊരു ഉറക്കം പാസാക്കി ക്ഷീണം മാറ്റുവാൻ ബസ് യാത്രയിൽ സമയമുണ്ട്. കുമളിയിലിറങ്ങി ഒരു ചായയൊക്കെ കുടിച്ച് ഫ്രഷ് ആകുമ്പോഴേയ്ക്കും പത്തനംതിട്ടയിലേക്കുള്ള ബസ് വരും.
PC:Dipu TR
കുമളി -പത്തനംതിട്ട യാത്ര
നമ്മുടെ യാത്രയിലെ ശരിക്കും രസങ്ങളും കാഴ്ചകളും ആരംഭിക്കുന്നത് ഈ ബസ് യാത്രയിലാണ്.
കെഎസ്ആർടിസി ബസിൽ കേരളത്തിൽ നടത്തുവാൻ പറ്റിയ ഏറ്റവും മികച്ച യാത്രാനുഭവങ്ങളിൽ ഒന്നാണ് കുമളിയിൽ നിന്നും ഗവി വഴി പത്തനംതിട്ടയിലേക്കും തിരിച്ചുമുള്ള യാത്ര. രാവിലെ 5.15 ന് ഈ ബസ് എടുക്കും 208 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. കാടിനുള്ളിലൂടെ നിരവധി വ്യൂ പോയിന്‍റുകൾ കടന്ന്, സുരക്ഷിതമായ ഇടങ്ങളില് നിർത്തി ചിത്രങ്ങൾ പകർത്തി ഭാഗ്യമുണ്ടെങ്കിൽ കാട്ടുമൃഗങ്ങളെ കണ്ടുള്ള ഒരു മനോഹര യാത്രയാകുമിത്.
PC:Samson Joseph
പെരിയാർ ടൈഗർ റിസർവിനുള്ളിലൂടെ
കുമളിയിൽ നിന്നും അഞ്ചേകാലിന് എടുക്കുന്ന ബസ് ആറുമണിയോടു കൂടി കാടിനുള്ളിലേക്ക് പ്രവേശിക്കും. കാടിനുള്ളിലെ സൂര്യോദയവും പുലർക്കാഴ്ചകളും കണ്ട് കടന്ന് പോകുന്നത് പെരിയാർ ടൈഗര് റിസർവിനുള്ളിലൂടെയാണ് എന്ന കാര്യം മറക്കരുത്. ശബരിമലക്കാടുകളും ഇതിന്റെ ഭാഗമാണ്. കേരളത്തിൽ ഏറ്റവുമധികം കടുവകൾ വസിക്കുന്ന ഇടം കൂടിയാണിത്. സുരക്ഷിതമായ ഇടങ്ങളിൽ വണ്ടി നിര്‍ത്തി കാഴ്ചകൾ കാണുവാൻ സമയം അനുവദിക്കുമെന്നതിനാൽ ആസ്വദിച്ചു സമയമെടുത്തുള്ള ഒരു യാത്രയാണിത്. എന്നാൽ കൂടുതൽ മൃഗങ്ങളെ കാണുവാനുള്ള അവസരം പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് വരുമ്പോഴാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.
പത്തനംതിട്ടയില് നിന്നും വരാം
പത്തനംതിട്ടയിൽ നിന്നും പുലർച്ചെ ഇതുപോലെ ബസ് സർവീസ് ഉണ്ടെങ്കിലും കുമളി വഴിയുള്ള ബസ് ആണ് ആദ്യം കാട്ടിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ബസ് തിരഞ്ഞെടുക്കുന്നതായിരിക്കും പ്രകൃതിമനോഹരമായ കാഴ്ചകൾക്ക് യോജിച്ചത്.
പത്തനംതിട്ട -ഗവി-കുമളി കെഎസ്ആർടിസി ബസ്
രാവിലെ 5.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് ഗവിയിൽ 10.30 ന് എത്തി കുമളിയിൽ 11:30 ന് എത്തിച്ചേരുന്നതാണ് ആദ്യ സർവീസ്.
മടക്ക യാത്രയിൽ കുമളിയിൽ നിന്നും 12.30ന് പുറപ്പെടുന്നത് ഗവിയിൽ 2:00നും പത്തനംതിട്ട 6:30നും എത്തിച്ചേരും.
രണ്ടാമത്തെ കെഎസ്ആർടിസി ബസ് രാവിലെ 6.30ന് പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട് 11.00 മണിക്ക് ഗവിയിലും 12.45ന് കുമളിയിലും എത്തും. തിരികെ 1.30ന് പുറപ്പെട്ട് ഗവിയിൽ 3:00നും പത്തനംതിട്ടയിൽ 7:30നും എത്തിച്ചേരും.
കുമളിയിൽ നിന്നും രാവിലെ 5.40ന് തുടങ്ങുന്ന ബസ് ഗവിയിൽ 7.45 നും പത്തനംതിട്ടയിൽ 11.45നും എത്തും. മടക്ക യാത്രയിൽ പത്തനംതിട്ടയിൽ നിന്നും 12.30ന് യാത്ര ആരംഭിക്കുന്ന ബസ് ഗവിയിൽ 3.45നും കുമളിയിൽ 6.45നും എത്തും.
കെഎസ്ആർടിസി ഫോൺ നമ്പർ: പത്തനംതിട്ട 0468-2222366, കുമളി - 04869-224242
മറക്കരുത്
ഈ പറഞ്ഞ യാത്രയ്ക്ക് മറ്റുചില റൂട്ടുകളെ അപേക്ഷിച്ച് ദൂരക്കൂടുതലാണ്.
പാലാ കാഞ്ഞിരപ്പള്ളി മുണ്ടക്കയം വഴി കുമളിയിൽ ഇതിലും വേഗത്തിലെത്താം.