മുൻകൂട്ടി ഒരു പ്ലാൻ ഇല്ലാതെ വന്നാൽ പോലും ഒന്നോ രണ്ടോ ദിവസം ഇഷ്ടംപോലെ കറങ്ങിയടിച്ചു കാണുവാനുള്ള കാഴ്ചകൾ നമ്മുടെ മൂന്നാറിലുണ്ട്. തെക്കിന്‍റെ കാശ്മീർ എന്ന പേരിൽ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയ മൂന്നാറിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഏതുസമയത്തും വരാം എന്നതു തന്നെയാണ്. വെള്ളച്ചാട്ടവും രാജമലയും ചൊക്രമുടിയും ദേവികുളവും ഗ്യാപ് റോഡും എന്നിങ്ങനെ മനസ്സിൽ കുളിരുകോരിയൊഴിക്കുന്ന കാഴ്ചകൾ ഇവിടെ നിരവധിയുണ്ട്.
എന്നാൽ ഇതൊന്നുമല്ലാതെ മൂന്നാറിൽ ഒരു വൈകുന്നേരം ചെലവഴിക്കുവാനോ അല്ലെങ്കിൽ കുട്ടികളെയും കൊണ്ടു വരുമ്പോള്‍ അവർക്കുകൂടി ഇഷ്ടമാകുന്ന ഒരിടത്തോ കുറച്ചു സമയം ചെലവഴിക്കണമെങ്കിൽ എന്തുചെയ്യും? ഒരുപാട് യാത്ര ചെയ്ത് പോകാതെ മൂന്നാറിൽ തന്നെയിരുന്ന് കാഴ്ചകളാസ്വദിക്കാനാണെങ്കില്‍ എവിടെ പോകും? ഇങ്ങനെ കുറേ ചോദ്യങ്ങളുമായാണ് മൂന്നാറിലേക്ക് വരുന്നതെങ്കിൽ ഉത്തരം ഇതാ ഇവിടെ വായിക്കാം.

മൂന്നാറിലെ പുതിയ ആകർഷണങ്ങൾ
ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തിച്ചേരുന്ന ഇടമാണ് മൂന്നാർ. ഒന്നു പോയവർ വീണ്ടും വീണ്ടും യാത്രകൾക്ക് മൂന്നാർ തിരഞ്ഞെടുക്കുമ്പോൾ ഒരിക്കലെങ്കിലും ഇവിടെ വരാൻ കാത്തിരിക്കുന്നവരും കുറവല്ല. ഏതു തരത്തിലുള്ള യാത്രക്കാരാണെങ്കിലും മൂന്നാറിലെ സ്ഥിരം കാഴ്ചകൾക്കു പുറമേ ഈ പുതിയ ഇടങ്ങളും പരിചയപ്പെട്ടിരിക്കണം.
മുതിരപ്പുഴ പുഴയോര നടപ്പാത
മൂന്നാറിലെ മാറിയ മുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുതിരപ്പുഴ ബാങ്ക് ബ്യൂട്ടിഫിക്കേഷന്‍. പകൽ മുഴുവനും കാഴ്ചകളൊക്കെ കണ്ട് വൈകുന്നേരം ഒന്നു വിശ്രമിക്കാനും യാത്രയുടെ ക്ഷീണം ഒന്നു നടന്നു തീർക്കുവാനും ആഗ്രഹമുള്ളവർക്ക് ഇവിടേക്ക് വരാം. മൂന്നാർ ഡിടിപിസി ഓഫീസിന് പുറകിലായി ഒരുക്കിയിരിക്കുന്ന നടപ്പാതയും ഇരിപ്പിടങ്ങളും മൂന്നാറിലെ വൈകുന്നേരങ്ങളെയും ഇടവേളകളെയും ആഘോഷമാക്കും. 450 മീറ്റർ നീളത്തിലുള്ള നടപ്പാതയും കൂടാതെ ഇരിപ്പടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മൂന്നാറിലെ ടേക്ക് എ ബ്രേക്ക് മുതൽ ഹൈറേഞ്ച് ക്ലബ് ആട്ടുപാലം വരെയാണ് ഇതുള്ളത്. മൂന്നാറിലെ കാഴ്ചകൾ കണ്ടുള്ള ഈ നടത്തത്തിന് ഭംഗി പകരുവാൻ ലൈറ്റും പൂച്ചെടികളും ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് 25 രൂപയാണ് പ്രവേശനനിരക്ക്.
മൂന്നാറിലെ കുട്ടികളുടെ പാർക്ക്
മൂന്നാർ യാത്രയിൽ ഏറ്റവുമാദ്യം മടുക്കുന്നത് കുട്ടികളാണ്. നീണ്ടയാത്രയും നടത്തവും കയറ്റവും അവരെ പെട്ടന്ന് ക്ഷീണിപ്പിക്കും. കൂടാതെ ഇവിടുത്തെ കാഴ്ചകൾ മതിർന്നവരെപ്പോലെ കുട്ടികളെ അത്രയും ആകർഷിക്കുകയുമില്ല. അതിനാൽ മടുത്തിരിക്കുന്ന കുഞ്ഞുങ്ങളെ കൊണ്ടുപോകുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ചിൽഡ്രൻസ് പാർക്ക്.
കുഞ്ഞുങ്ങൾക്ക് സമയം ചെലവഴിക്കുവാനായി ഊഞ്ഞാൽ, പൂന്തോട്ടം, വിശ്രമകേന്ദ്രം എന്നിവ ഉണ്ട്.
ബോട്ടാണിക്കല്‍ ഗാർഡൻ
മൂന്നാറിലെ വ്യത്യസ്തമായ കുറേ കാഴ്ചകൾ ആസ്വദിക്കുകയാണ് ലക്ഷ്യമെങ്കിൽ ബോട്ടാണിക്കൽ ഗാർഡനിലേക്ക് പോകാം. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ
ദേവികുളം റോഡിൽ സ്ഥിതി ചെയ്യുന്ന ബോട്ടാണിക്കൽ ഗാർഡൻ പൂക്കളുടെയും ചെടികളുടെയം വിസ്മയിപ്പിക്കുന്ന ലോകമാണ് തുറക്കുന്നത്. അഞ്ച് ഏക്കറോളം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഇവിടെ സ്വദേശികളും വിദേശികളുമായി നിരവധിയിനം ചെടികളുണ്ട്. രാവിലെ 9.00 മണി മുതല്‍ രാത്രി 9.00 വരെയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഷീ ലോഡ്ജ്
മൂന്നാറിലെത്തുന്ന വനിതാ സഞ്ചാരികളുടെ ഏറ്റവും വലിയ വെല്ലുവിളി സുരക്ഷിതമായ, അതേസമയം കുറഞ്ഞ ചെലവിലുള്ള താമസസൗകര്യമാണ്. ഇപ്പോഴിതാ, മൂന്നാറിൽ സ്ത്രീ സഞ്ചാരികൾക്കായി ഷീ ലോഡ്ജ് വരികയാണ്. വരുന്ന ഡിസംബര്‍ മാസത്തിൽ പ്രവർത്തനമാരംഭിക്കുന്ന വിധത്തിലാണിത്. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാം മൈലിലെ പഞ്ചായത്ത് ഓഫിസിനു അടുത്തുള്ള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന് സമീപമാണ് ഷീ ലോഡ്ജ് നിർമിക്കുന്നത്.
എട്ട് മുറികൾ, 32 പേർക്കു താമസിക്കാവുന്ന ഡോർമിറ്ററി, ഭക്ഷണശാല, അടുക്കള എന്നിവയാണ് ഇതിന്‍റ ഭാഗം. മൂന്നാറിന്റെ സൗന്ദര്യം പ്രത്യേകിച്ച് ചിത്തിരപുരം, രണ്ടാം മൈൽ എന്നിവിടങ്ങളിലെ പ്രകൃതിഭംഗി ഓരോ മുറികളിലുമിരുന്ന് കാണാൻ കഴിയുന്ന വിധത്തിലാണ് ഇത് നിർമ്മിക്കുന്നത്. മൂന്നാറിലെത്തുന്ന വനിതകൾക്ക് ഇവിടെ കുറഞ്ഞ ചെലവിൽ താമസം ഉറപ്പാക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












