യാത്ര ചെയ്യാൻ പറ്റിയ സമയമാണോ എന്നു നോക്കിയാണ് നമ്മൾ ഓരോ സ്ഥലങ്ങളും തിരഞ്ഞെടുക്കുന്നത്. തണുപ്പ് നിറഞ്ഞു നിൽക്കുന്ന സമയത്ത് മൂന്നാർ പോകുന്ന പലരും മഴ പെയ്താൽ നേരെ വയനാട് പിടിക്കുന്നവരാകും. അതുപോലെ മഴക്കാല ട്രെക്കിങ്ങിനു പേരുകേട്ട പല ഇടങ്ങളും വേനലിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ മാറിപ്പോകും. ഇങ്ങനെ സീസണുകൾ കണക്കാക്കി പോകുമ്പോഴും നമ്മൾ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. അതാണ് യാത്രകളിലെ ഷോൾഡർ സീസൺ.
വിനോദസഞ്ചാരരംഗത്തെ ഏറ്റവും തിരക്ക് കുറഞ്ഞ,സീസൺ ആണ് ഷോൾഡർ സീസൺ എന്നറിയപ്പെടുന്നത്. ആളും ബഹളങ്ങളും ഉള്ള പീക്ക് സീസണു അല്ല, അതേസമയം തീർത്തും ആരുമില്ലാത്ത ഓഫ് സീസണും അല്ല.. മറിച്ച് ഇതിനു രണ്ടിനും ഇടയിലായി നിൽത്തുന്ന സമയമാണ് ഷോൾഡർ സീസൺ. പലതരത്തിലും മികച്ച അനുഭവങ്ങള്‍ നല്കുന്ന, ചെലവ് കുറഞ്ഞ യാത്രകള് പ്ലാൻ ചെയ്യാൻ പറ്റിയ സമയം കൂടിയാണിത്.

ഇന്ത്യയിലെ ഷോൾഡർ സീസൺ
ഒക്ടോബർ, നവംബർ , ഏപ്രിൽ എന്നീ മൂന്നു മാസങ്ങളെയാണ് പൊതുവേ ഷോള്‍ഡര്‍ സീസൺ ആയി ഇന്ത്യയിൽ കണക്കാക്കുന്നത്. ഒറ്റപ്പെട്ടു പെയ്യുന്ന മഴ, കനത്ത ചൂട്, ഈർപ്പം നിറഞ്ഞ കാലാവസ്ഥ എന്നിങ്ങനെ പല കാര്യങ്ങളും ഈ സമയത്ത് വന്നേക്കാമെങ്കിലും തിരക്കില്ലാതെ സ്വസ്ഥമായി യാത്ര ചെയ്യാം എന്നതാണ് ഈ സമയത്തിന്‍റെ പ്രത്യേകത.
ബജറ്റ് യാത്രകൾക്ക് പറ്റിയ സമയം
കുറഞ്ഞ ചെലവില്‍ യാത്ര പ്ലാൻ ചെയ്യുന്നവരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ് ഷോൾഡർ സീസൺ. കുറഞ്ഞ നിരക്കിൽ ഹോട്ടൽ മുറികൾ, മറ്റു ഗതാഗത സൗകര്യങ്ങൾ, എന്നിവ ഈ സമയത്ത് ലഭിക്കും. കൂടാതെ പീക്ക് സീസണില് തിരക്കിൽ മുങ്ങിന്ന പല സ്ഥലങ്ങളു ചെറിയ ആൾക്കൂട്ടം പോലുമില്ലാതെ കണ്ടു തീർക്കാം എന്ന പ്രത്യേകതയും ഈ സമയത്തിനുണ്ട്.

2011 ലെ ഒരു പഠനമനുസരിച്ച് അമേരിക്കയിലെ പ്രധാന വിമാന റൂട്ടുകളിൽ പീക്ക് സീസണിനെ അപേക്ഷിച്ച് ഏകദേശം 23 ശതമാനത്തോളം വിമാനനിരക്കിൽ കുറവ് വരുമത്രെ. ഹോളിഡേ ഷോൾഡർ സീസണിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയമനുസരിച്ചും നിരക്കിൽ വ്യത്യാസം വരുമത്രെ, ഉദാഹരണത്തിന് ഡിസംബർ 27ന് നിങ്ങൾ ബുക്ക് ചെയ്യുന്ന ടിക്കറ്റിന്റെ പകുതി നിരക്കിൽ അതേ ടിക്കറ്റ് ജനുവരി 10ന് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുമത്രെ.
കൂടാതെ 2022-ലെ Hotels.com ഡാറ്റ പറയുന്നതനുസരിച്ച് പ്രധാന അവധി ദിവസങ്ങൾക്ക് തൊട്ടുമുമ്പോ അതിന് ശേഷമോ ഉള്ള യാത്രകൾ ഹോട്ടലുകളിൽ മികച്ച നിരക്ക് ലഭിക്കുമെന്നാണ്. ക്രിസ്മസിന് മുമ്പുള്ള (ഡിസം. 15 - 20) വാരാന്ത്യമോ അല്ലെങ്കിൽ പുതുവത്സര അവധിക്ക് ശേഷം വരുന്ന (ജനുവരി 3 - 8) വാരാന്ത്യത്തിലോ വളരെ കുറഞ്ഞ നിരക്കിൽ ഹോട്ടലിൽ ബുക്കിങ് ലഭിക്കാൻ എളുപ്പമാണന്നാണ്.

വിലപേശലുകൾ നടത്താതെ തന്നെ കുറഞ്ഞ ചെലവിലുള്ള യാത്രയും കൂടുതൽ ആനുകൂല്യങ്ങളും ഈ ഷോൾഡർ സീസണിൽ യാത്രക്കാർക്ക് ലഭിക്കുന്നു. മാത്രമല്ല, ഓഫ്- സീസണില്‍ പല ലക്ഷ്യസ്ഥാനങ്ങളും മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടുന്ന പതിവുണ്ടല്ലോ. ഷോള്‍ഡർ സീസണിൽ അങ്ങനെയൊരു പ്രശ്നമില്ലാതെ നിങ്ങൾക്ക് യാത്ര ചെയ്യാം.
നിങ്ങൾ യാത്ര പോകാൻ ഉദ്ദേശിക്കുന്ന ലക്ഷ്യസ്ഥാനത്തെ പ്രധാന സീസണിനു തൊട്ടുമുൻപോ ശേഷമോ ആയിരിക്കും ഷോൾഡർ സീസൺ വരിക. ഇത് അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷം വേണം യാത്ര പ്ലാന്‍ ചെയ്യുവാൻ. ഏറ്റവും ചെലവ് കുറഞ്ഞ യാത്രയും ആൾത്തിരക്കില്ലാതെ സ്ഥലങ്ങള് കാണലും ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും പറ്റിയ സമയമാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












