ട്രെയിൻ യാത്രകളിൽ ഏറ്റവും ബുദ്ധിമുട്ട് എന്താണെന്ന് ചോദിച്ചാൽ അത് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണെന്ന് പറയുവാൻ യാത്രക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. തത്കാൽ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്നതും തീരുന്നതും അറിയുക പോലുമില്ല. ഭാഗ്യമുണ്ടെങ്കിൽ കിട്ടട്ടെ എന്ന മട്ടിലാണ് പലരും തത്കാൽ ബുക്ക് ചെയ്യാൻ ഇരിക്കുന്നതു പോലും. ചിലരാവട്ടെ, ഈ യത്നം പരിചയക്കാരെ ഏൽപ്പിക്കും.. അവർ ചെയ്താൽ കിട്ടിയെങ്കിലോ.
എന്നാൽ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന്‍റെ സൂത്രങ്ങൾ അറിയാതെ ബുക്ക് ചെയ്യുവാൻ ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം. എന്നാൽ വളരെ ചുരുങ്ങിയ കാര്യങ്ങൾ ഓർത്ത് വെച്ച് ഒന്നു തയ്യാറായിരുന്നാൽ ആർക്കും എളുപ്പത്തിൽ തത്കാൽ ടിക്കറ്റ് ഉറപ്പാക്കാം. വളരെ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ തത്കാൽ ടിക്കറ്റ് ബുക്കിങ് പൂർത്തിയാകും. ഈ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് നമ്മൾ നോക്കുന്നത്.

സ്ഥിരം ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ സംബന്ധിച്ച് തത്കാൽ ഒരു പ്രശ്നമല്ല. സാധാരണ ടിക്കറ്റ് ബുക്കിങ് പോലെ തന്നെ ലാഘവത്തിൽ ചിലർ തത്കാൽ ടിക്കറ്റ് എടുക്കുന്നത് കണ്ടിട്ടില്ലേ.. എന്നാൽ കുറേ കാലം കൂടി തത്കാൽ എടുക്കേണ്ട ആവശ്യം വരികയാണെങ്കിൽ നമ്മൾ ഒന്ന് അപ്ഡേറ്റ് ആയിരിക്കണം. അല്ലാത്ത പക്ഷം ടിക്കറ്റ് കിട്ടാനുള്ള സാധ്യതകൾ കുറയും. നീണ്ട കാലങ്ങൾക്കു ശേഷം ട്രെയിൻ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തലേദിവസം മുതൽ ചെയ്യേണ്ട കാര്യങ്ങൾ അറിയാം.
1. യാത്രക്കാരുടെ പേരും വിവരങ്ങളും നേരത്തെ സേവ് ചെയ്യാം
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കില്‍ തലേ ദിവസം തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണം. നിങ്ങളുടെ ഐആർസിടിസി പ്രൊഫൈലിൽ ലോഗ് ഇൻ ചെയ്യുകയാണ് വേണ്ടത്. ഇത് ഐആർസിടിസിയിൽ പ്രൊഫൈൽ ഇല്ലാത്തവർ ചെയ്യേണ്ടതാണ്. അതിനു ശേഷം നിങ്ങളുടെ ട്രാവൽ ലിസ്റ്റിൽ ആളുകളെ ചേർക്കാം. ഇങ്ങനെ ചെയ്യുന്നത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആളുകളുടെ പേര് ടൈപ്പ് ചെയ്ത് ആഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമയനഷ്ടം കുറയ്ക്കുവാൻ സഹായിക്കുന്നു.
ആളുകളുടെ പേര്, വയസ്, ബർത്ത് പ്രിഫറൻസ്- (അപ്പർ, മിഡിൽ, ലോവർ എന്നീ ബർത്തുകളിൽ ഏതിനാണ് നിങ്ങൾ മുൻഗണ കൊടുക്കുന്നത്) തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്താം. ഇങ്ങനെയൊരു ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ഇതിൽ നിന്ന് ആളുകളുടെ പേര് സെലക്ട് ചെയ്യേണ്ട താമസം മാത്രമേ ഉണ്ടാവുകയുള്ളൂ.
2. കുട്ടികൾ യാത്രയിലുണ്ടെങ്കിൽ
ഇവിടെ എന്താണ് നടക്കുവാനുള്ള സാധ്യതയെന്ന് ഒരു സഹ്രവർത്തകന് പറ്റിയ അനുഭവത്തിലൂടെ പറയാം. ബെംഗളൂരുവിൽ നിന്ന് ലക്നൈവിലേക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇദ്ദേഹം മകന്‍റെ പേര് ചേർക്കാൻ മറന്നു പോയി. ടിക്കറ്റ് എടുക്കുവാനുള്ള പ്രായം ആകാതിരുന്നതിനാൽ മുൻ യാത്രകളിൽ ഇതൊരു പ്രശ്നമല്ലായിരുന്നു. പിന്നീട് ടിക്കറ്റ് എടുക്കേണ്ട ആവശ്യം വന്നപ്പോൾ മുൻകൂട്ടി തയ്യാറാക്കിയ ട്രാവൽ മാസ്റ്റർ ലിസ്റ്റിൽ പേര് ഇല്ലാതെ വന്നു. അപ്പോൾ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്ത് മകന്റെ പേരും വയസ്സും മറ്റു വിവരങ്ങളും ചേർക്കേണ്ടി വന്നപ്പോൾ സമയം പോവുകയും ടിക്കറ്റ് കിട്ടാതെ വരികയും ചെയ്തു. ഇങ്ങനെയുള്ള ചെറിയ അശ്രദ്ധ വഴി ചിലപ്പോൾ ടിക്കറ്റ് കിട്ടാതെ വരുന്നത് നമുക്ക് ഒഴിവാക്കാം.
ടിക്കറ്റ് എടുക്കേണ്ട പ്രായത്തിലുള്ള കുട്ടികൾ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിൽ തലേ ദിവസം തന്നെ അവരെ നിങ്ങളുടെ യാത്രാ ലിസ്റ്റിൽ വിശദവിവരങ്ങള് നല്കി ചേർക്കുവാൻ മറക്കരുത്. ഇത് നിങ്ങളുടെ തത്കാൽ ടിക്കറ്റ് കിട്ടാനുള്ള സാധ്യതകൾ വർധിപ്പിക്കും എന്നതിൽ സംശയമില്ല.
3. ലോവർബർത്ത് കിട്ടുമോ
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മിക്കവരും ആദ്യം നോക്കുന്നത് ലോവർ ബർത്ത് കിട്ടാനുള്ള സാധ്യതകളാണ്. ചിലപ്പോൾ വളരെ യാന്ത്രികമായി പലരും ലോവർ ബർത്ത് കൊടുത്തു പോവുകയും ചെയ്യും. എന്നാൽ എല്ലാവരും ഇങ്ങനെ തന്നെ ചെയ്യുമ്പോൾ കിട്ടാനുള്ള സാധ്യതകൾ സ്വാഭാവീകമായും കുറയും.
ലോവർ ബർത്ത് സെലക്ട് ചെയ്തു കഴിഞ്ഞാൽ അത് ലഭ്യമാണോ എന്നു സൈറ്റ് നിങ്ങളോട് പറയുവാനെടുക്കുന്ന സമയം, അത് നിങ്ങളെ അറിയുന്ന സമയം, തുടർന്ന് ലോവർ ബർത്ത് ലഭ്യമല്ല എന്നും പകരം സീറ്റുകൾ നോക്കേണ്ടതുണ്ടോ എന്നും നോട്ടിഫിക്കേഷൻ വരുന്ന സമയം വരെ വളരെ ചുരുക്കം നിമിഷങ്ങളാണെങ്കിലും അത് ടിക്കറ്റ് കിട്ടാനുള്ള സാധ്യതകൾ കുറയ്ക്കുന്നു..
ഇതിനായി നിങ്ങൾക്ക് അത്യാവശ്യമില്ലെങ്കിൽ ബർത്ത് പ്രിഫറന്‍സ് കൊടുക്കാതെ ബുക്ക് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ തത്കാൽ ടിക്കറ്റ് ബുക്ക് ആകാനുള്ള സാധ്യകൾ വർധിപ്പിക്കും. ഇനി എങ്ങനെയും ലോവർ ബർത്ത്/ അല്ലെങ്കില് മറ്റേതെങ്കിലും ബർത്ത് കിട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അത് കൊടുക്കാം.
ഇന്ത്യൻ റെയിൽവേയുടെ പുതിയ ലോവർ ബർത്ത് നിയമം
അതേസമയം, ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയമം അനുസരിച്ച് യാത്രക്കാർക്ക് ലോവര്‍ ബര്‍ത്ത് അനുവദിക്കുന്ന മുൻഗണനകളിൽ റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ് സമയത്ത് മുതിർന്ന പൗരന്മാർ, 45 വയസ്സിനു മുകളിലുള്ള സ്ത്രീ യാത്രക്കാർ, വികലാംഗർ, ഗർഭിണികൾ എന്നിവർക്ക് ബുക്കിംഗ് സമയത്ത് ബർത്തിന് പ്രത്യേക തിരഞ്ഞെടുപ്പുകളൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ പോലും, ലഭ്യതയ്ക്ക് വിധേയമായി ലോവർ ബെർത്തുകൾ അനുവദിക്കും. അതായത്, മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ലോവര്‍ ബര്‍ത്ത് വിഹിതം റെയിൽവേ കൂട്ടി.
4. തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം
എസി ടിക്കറ്റുകൾക്കും സ്ലീപ്പർ ടിക്കറ്റുകള്‍ക്കും തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് വ്യത്യസ്ത സമയത്തിലാണ്.
തേഡ് എസി മുതൽ മുകളിലുള്ള ക്ലാസുകളിലേക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിങ് രാവിലെ 10.00 മണിക്ക് തുടങ്ങും. കൃത്യസമയത്ത് ലോഗിൻ ചെയ്യാൻ നിൽക്കാതെ രാവിലെ 9.57ന് തന്നെ ലോഗിൻ ചെയ്യാൻ ശ്രമിക്കണം. ആളുകൾ ലോഗിൻ ചെയ്യാൻ ശ്രമിക്കുംതോറും ഈ പ്രോസസ് വൈകും. അതൊഴിവാക്കാൻ നേരത്തെ ലോഗ് ഇൻ ചെയ്തു വയ്ക്കാം.
അതേപോലെ സ്ലീപ്പർ ക്ലാസിലേക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗ് രാവിലെ 11.00 മണിക്ക് തുടങ്ങും. നേരത്തെ പറഞ്ഞ അതേ കാരണങ്ങളാൽ യാത്രക്കാരൻ 10.57 മണിക്കൂറിനുള്ളിൽ പോർട്ടലിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കണം.
തത്കാൽ ടിക്കറ്റ് ബുക്കിങ് ലിമിറ്റ്
തത്കാൽ ഇ-ടിക്കറ്റുകളിൽ ഒരു പിഎൻആറിൽ പരമാവധി നാല് യാത്രക്കാർക്ക് ബുക്ക് ചെയ്യാൻ കഴിയും. തത്കാൽ ക്വാട്ടയിൽ മുതിർന്ന പൗരന്മാർക്ക് ഇളവ് അനുവദനീയമല്ല.
5. പണം അടയ്ക്കുമ്പോള്‍
തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിൽ സമയം പോകുന്നതും സാധ്യത കുറയ്ക്കുന്നതും പണം അടയ്ക്കുന്നതാണ്. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഓട്ടോപേ, വാലറ്റ്, ഇഎംഐ ഓണ്‍ കാര്‍ഡ്‌സ്, നെറ്റ്ബാങ്കിംഗ് എന്നിങ്ങനെ പല ഓപ്ഷനുകളും ട്രെയിൻ ടിക്കറ്റ് എടുക്കാൻ ലഭ്യമാണ്. എന്നാൽ ഇതിൽ മിക്കവയും ലോഡായി പാസ്വേഡ് കൊടുത്തു വരുന്ന സമയം അധികമെടുക്കാറുണ്ട്.
ഇത് പരിഹരിക്കാന് ഒരു വഴി നിങ്ങൾ നിങ്ങളുടെ പേയ്മെന്‍റ് ചെയ്യുന്ന വിധം സേവ് ചെയ്തു വയ്ക്കുക എന്നതാണ്. ഇങ്ങയെ ചെയ്യുമ്പോൾ കാർഡ് നമ്പര്‍, എക്സപിയറി തിയതി, പേര്, സിവിവി നമ്പർ തുടങ്ങിയ കാര്യങ്ങൾ ടൈപ്പ് ചെയ്തു വരുമ്പോൾ സമയമെടുക്കും.
എന്നാൽ ഏറ്റവും എളുപ്പം നിങ്ങളുടെ ഐആര്‍സിടിസിയുടെ ഇ വാലറ്റ് വഴിയുള്ള പണമടയ്ക്കൽ ആണ്. ടിക്കറ്റ് ബുക്കിംഗിന് ഏകദേശം എത്ര പണമാകുമെന്ന് കണക്കാക്കി കുറച്ച് തുക കൂട്ടി ഇ വാലറ്റിലേക്ക് നിക്ഷേപിക്കുക. ഇങ്ങനെ തുകയുണ്ടെങ്കിൽ ഒറ്റക്ലിക്കിലൂടെ ഇവിടെ പേയ്‌മെന്റ് നടത്താം. തലേദിവസം തന്നെ ഇങ്ങനെ വാലറ്റിലേക്ക് കുറച്ച് പണം നിക്ഷേപിക്കുകയാണെങ്കിൽ ബുക്കിങ് സമയത്ത് ഇത് നിങ്ങളെ സഹായിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











