മഴ പെയ്തിറങ്ങി കാട്ടിലൂടെ കുന്നും മലയും കയറിയിറങ്ങിയൊരു കാൽനട യാത്ര. മഴ പെയ്ത നനവ് കൂടാതെ മരം പെയ്യുന്ന കുളിരും കാട്ടിലെ കാറ്റും ആസ്വദിച്ച് ആറിന്‍റെ കരയിലൂടെ നടത്തം. ആഹാ! കേൾക്കുമ്പോൾ തന്നെ എന്താ രസം. എന്നാൽ ഈ രസം നേരിട്ടു കണ്ടറിയാൻ ഒരു യാത്ര പോയാലോ. പാറക്കെട്ടുകളിലിരുന്നും നടന്നും വിശ്രമിച്ചും ഈ യാത്ര എവിടെയാണെത്തുന്നതെന്നല്ലേ... വാഴ്വന്തോൾ വെള്ളച്ചാട്ടം. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മനോഹരവും സാഹസികവുമായ ട്രെക്കിങ് ലക്ഷ്യസ്ഥാനം
തലസ്ഥാനത്തു നിന്നും ഒരൊറ്റ ദിവസം കിട്ടിയാൽ ചാടിപ്പുറപ്പെടാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ഈ വാഴ്വന്തോൾ വെള്ളച്ചാട്ടം. നഗരത്തിന്റെ തിരക്കോ വാഹനങ്ങളുടെ ബഹളമോ ആൾക്കൂട്ടമോ ഒന്നുമില്ലാതെ പ്രകൃതിയോട് ചേർന്ന് കാടിനുള്ളിൽ ഒരു ദിവസം. അത് നൂറു ശതമാനം ഇവിടം നിങ്ങള്‍ക്കുറപ്പ് തരും.

PC: Kerala Tourism
തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റർ അകലെ പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും വരുന്നവർ നെടുമങ്ങാട് വഴി ചുള്ളിമാനൂർ എന്ന സ്ഥലത്തെത്തി അവിടുന്ന് വിതുരയിൽ എത്തുകയാണ് വേണ്ടത്. വിതുരയിൽ നിന്നും ബോണാക്കാട് റോഡ് വഴി 10 കിലോമീറ്റർ സഞ്ചരിച്ചാൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഉണ്ട്.
കാണിത്തടം ചെക്പോസ്റ്റ് എന്നറിയപ്പെടുന്ന ഈ ചെക്ക് പോസ്റ്റിൽ നിന്ന് അനുമതി വേണം മുന്നോട്ടുള്ള യാത്രയ്ക്ക്. ഇവിടുന്ന് കുറച്ച് ദൂരം കൂടി വാഹനത്തില്‍ പോകാം. അവിടെ പാർക്കിങ്ങിനുള്ള സ്ഥലത്ത് വണ്ടി പാർക്ക് ചെയ്ത് ട്രെക്കിങ് ആരംഭിക്കാം. ചാത്തൻകോട് എന്നാണ് ട്രെക്കിങ് ആരംഭിക്കുന്ന സ്ഥലത്തിന്‍റെ പേര്. ആദിവാസി ഊര്, എസ്റ്റേറ്റ് തൊഴിലാളുകളുടെ താമസസ്ഥലം തുടങ്ങിയവയാണ് ഇവിടെയടുത്തുള്ളത്. യാത്രയിൽ ഒരു ഗൈഡും നിങ്ങൾക്കൊപ്പം വരും.

PC: Samu John
ഇനിയാണ് യാത്ര തുടങ്ങുന്നത്. പറയുമ്പോൾ വെറും രണ്ട് കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും നടന്നു കയറുമ്പോൾ ആരോഗ്യം പോലെ ഒന്നര രണ്ടു മണിക്കൂർ വേണ്ടി വരും. കാടും മരങ്ങളും മാത്രമല്ല, നല്ല വഴുക്കലുള്ള പാറയും വെള്ളം ഒഴുകിയെത്തുന്ന നീർച്ചാലുകളും ഒരു ദർശനം മാത്രം തന്ന് മരക്കൊമ്പിലൂടെ ചാടി പോകുന്ന കുരങ്ങൻമാരും പേരറിയാത്ത പക്ഷികളും പ്രാണികളും എല്ലാം ചേരുന്ന ഒരു കംപ്ലീറ്റ് പാക്കേജാണ് വാഴ്വന്തോൾ നല്കുന്നത്.
വാഴ്വന്തോൾ ട്രെക്കിങ്ങിന്റെ ഏറ്റവും വലിയ ആകർഷണം ആറിന്‍റെ തീരത്തുകൂടിയുള്ള നടത്തമാണ്. അതും കാടിനുള്ളിലൂടെയുള്ള നടത്തമാകുമ്പോൾ കൗതുകവും രസവും ഇരട്ടിക്കും. ചെമ്മുഞ്ചി മുട്ട എന്ന സ്ഥലത്തു നിന്നും തുടങ്ങി പേപ്പാറ അണക്കെട്ടിൽ പതിക്കുന്ന തോടയാറാണ് ഇവിടെയുള്ളത്. വാഴ്വന്തോൾ യാത്രയില്‍ സഞ്ചാരികൾ ഏറ്റവും ആസ്വദിക്കുന്ന സമയം കൂടിയാണിത്.
സാമാന്യം വേഗതയിൽ നടന്ന് കാഴ്ചകളൊക്കെ കണ്ട് പോയാൽ ഒന്നര മണിക്കൂറിനുള്ളിൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. ഇവിടെ ശരിക്കും രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. ആദ്യ വെള്ളച്ചാട്ടത്തിൽ നിന്നും ഒരു അര കിലോമീറ്റർ കൂടി നടന്നാൽ വാഴ്വന്തോൾ വെള്ളച്ചാട്ടത്തിന്‍റെ യഥാർത്ഥ ഭംഗി ആസ്വദിക്കാം. വനത്തിനുള്ളിലെ ഈ വെള്ളച്ചാട്ടത്തിന് ഐസ് പോലെ തണുപ്പാണ്. 85 അടി ഉയരത്തില്‍ നിന്നുമാണ് വാഴ്വന്തോൾ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.
സാധാരണ മഴക്കാലത്ത് അപകടങ്ങൾ ഒഴിവാക്കുവാനായി ട്രെക്കിങ് അനുവദിക്കാറില്ല. പാറയിലൂടെ തെറ്റി വീടും വെള്ളത്തിനിറങ്ങിയുമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












