തണുപ്പുകാലം വന്നെത്തി.. ഒപ്പം വിന്‍റര്‍ യാത്രകളും! തണുപ്പിലെ യാത്രകൾ എന്നു പറയുമ്പോൾ കേൾക്കാൻ നല്ല രസമുണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ വലിയ പണി കിട്ടും. തണപ്പുകാലത്തെ യാത്രകളിൽ ഏറ്റവും വലിയ വെല്ലുവിളി അപ്രതീക്ഷിതമായി എന്തൊക്കെ കാത്തിരിക്കുന്നു എന്നതാണ്. ആവേശത്തിൽ കാശ്മീരിലേക്കും ഹിമാചലിലേക്കും ഒക്കെ യാത്രകൾ പ്ലാൻ ചെയ്യുമെങ്കിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.
തണുപ്പുള്ള സമയത്തെ യാത്രകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് വസ്ത്രങ്ങളിലാണ്. ബാഗ് പാക്ക് ചെയ്യുമ്പോഴും പോകേണ്ട സ്ഥലം തിരഞ്ഞെടുക്കുമ്പോഴുമെല്ലാം എന്നത്തെയും പോലെ അലസത കാണിച്ചാൽ പണി പാളാൻ സാധ്യത കൂടുതലാണ്. സുരക്ഷിതമായ വിന്‍റർ യാത്രയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വസ്ത്രങ്ങൾ
വിന്‍റർ സീസണിലെ യാത്രയിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് വസ്ത്രങ്ങളാണ്. ഒരുപാട് തണുപ്പുള്ള സ്ഥലത്തേയ്ക്കാണ് പോകുന്നതെങ്കിൽ അവിടുത്തെ തണുപ്പിനെ പ്രതിരോധിക്കാന്‍ പാകത്തിലുള്ള വസ്ത്രം കരുതണം. യാത്ര ആരംഭിക്കുന്നതിനു മുൻപേ തന്നെ അവിടുത്തെ കാലാവസ്ഥ എന്തെന്ന് നോക്കി അതിനനുസരിച്ച് തയ്യാറെടുക്കണം. നമ്മുടെ നമ്മുടെ നാട്ടിലെ സാധാരണ സ്ഥലങ്ങളാണെങ്കിൽ ഒരു ജാക്കറ്റും കോട്ടും മതിയാവും. എന്നാൽ പുറത്താണ് പോകുന്നതെങ്കിൽ പ്രോപ്പർ ആയുള്ള വിന്‍റർ ഡ്രെസിങ് തന്നെ വേണ്ടിവരും
പ്രധാനമായും മൂന്ന് ലെയറുകളാണ് വിന്‍റർ ക്ലോത്തിങ്ങിന് കണ്ടുവരുന്നത്.
ബേസ് ലെയർ- ഇത് ശരീരത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്നു. തെർമൽ, ഫുൾസ്ലീവ് ഡ്രസ് തുടങ്ങിയവയാണ് ഇതിൽ വരുന്നത്.
മിഡ് ലെയറ്‍ ശരീരത്തില്‍ ചൂട് നിലനിർത്താന്‍ സഹായിക്കുന്നു. മിഡ് ലെയർ വസ്ത്രങ്ങൾക്ക് അധികം ഭാരം കാണില്ല.
ഔട്ടർ ലെയർ ഷെല്‍ ലെയർ എന്നും അറിയപ്പെടുന്നു. മഴ, മഞ്ഞ് എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ അത് സഹായിക്കുന്നു.

വാട്ടർപ്രൂഫ് ഷൂ മേടിക്കാം
വിന്‍റർ യാത്രകളിൽ ഏറ്റവും ആവശ്യം വരുന്നത് വാട്ടർപ്രൂഫ് ഷൂ ആണ്. മഞ്ഞുവീഴുന്ന സമയത്ത് പുറത്തിറങ്ങണമെങ്കില് മഞ്ഞും വെള്ളവും തട്ടിയാലും പ്രശ്നമില്ലാത്ത ഷൂ ആയിരിക്കണം. കാല്പാദങ്ങൾ തണുക്കാതെ സംരക്ഷിക്കുവാനും ഈ ഷൂ സഹായിക്കും. കഴിയുമെങ്കിൽ രണ്ട് പെയർ ഷൂ കൊണ്ടുപോകാം, മഞ്ഞിൽ നടന്ന് ആദ്യ ഷൂ നനഞ്ഞു കഴിയുമ്പോൾ രണ്ടാമത്തേത് ഉപയോഗിക്കാം.
പോകുന്നതിനു മുൻപ് കാലാവസ്ഥ നോക്കാം
വിന്‍റർ യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞാലും യാത്ര പോകുന്നതിനു മുൻപ് നിങ്ങളുടെ ലക്ഷ്യസ്ഥാത്തെ കാലാവസ്ഥ എന്താണെന്ന് അന്വേഷിക്കേണ്ടതും അതിനനുസരിച്ച് ബാഗ് പാക്ക് ചെയ്യേണ്ടതുമാണ്. യാത്ര പ്ലാൻ ചെയ്ത സമയത്തെ കാലാവസ്ഥ ആയിരിക്കില്ല ചിലപ്പോൾ നിങ്ങൾ പോകുന്ന തിയതിയോടടുപ്പിച്ച് കാണുക. അങ്ങനെയുള്ളപ്പോൾ യാത്രയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം.
വിന്‍റർ എമര്‍ജൻസി കിറ്റ് കരുതണം
ശൈത്യകാലത്തെ യാത്രകളിൽ നിർബന്ധമായും കരുതേണ്ട ഒന്നാണ് വിന്‍റർ എമര്‍ജൻസി കിറ്റ്. യാത്രയില്‍ നേരിട്ടേക്കാവുന്ന പല പ്രശ്നങ്ങളും അസുഖങ്ങളും പരിഹരിക്കാന്‍ ആവശ്യമായത് ഇതിൽ സൂക്ഷിക്കാം. യാത്ര സുരക്ഷിതമായിരിക്കുമെന്ന് നമ്മൾ കരുതമെങ്കിലും അപ്രതീക്ഷിക പ്രതിസന്ധികൾ വന്നേക്കാം. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫോൺ ചാർജർ, ഫ്ലാഷ് ലൈറ്റ്, ബാറ്ററി തുടങ്ങിയവയാണ് ഇതിൽ കരുതേണ്ടത്.
ട്രാവൽ ഇന്‌ഷുറന്‍സ്
യാത്രകളിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് ട്രാവൽ ഇൻഷുറൻസ്. വിദേശയാത്രകൾക്ക് ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണെങ്കിലും ആഭ്യന്തര യാത്രകളിൽ ഇത് ആവശ്യമില്ല. എന്നിരുന്നാലും സാഹസിക യാത്രകള്‍ക്കും അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങൾ വരുന്ന സ്ഥലത്തേയ്ക്കുള്ള യാത്രകളിൽ പങ്കെടുക്കുന്നവർക്കും ഒരു മുൻകരുതൽ എന്ന നിലയിൽ ട്രാവൽ ഇന്‌ഷുറന്‍സ് എടുക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













