നാഗാലാന്‍ഡിന്‍റെ മധ്യഭാഗത്തായി സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുന്‍ഹെബേടോ ജില്ല. സുന്‍ഹെബോടോയുടെ കിഴക്ക് ഭാഗത്ത് മോകോക്ചുങ്ങ് ജില്ലയും, പടിഞ്ഞാറ് ഭാഗത്ത് വോഖ ജില്ലയുമാണ്. സുന്‍ഹെബോടോ എന്ന വാക്ക് സുന്‍ഹെബോ, ടോ എന്നീ രണ്ട് വാക്കുകളില്‍ നിന്ന് രൂപപ്പെട്ടതാണ്. സുന്‍ഹെബോ എന്നത് വെള്ള ഇലകളും, പഞ്ഞിപോലുള്ള ഇതളുകളും, ഉള്ളില്‍ തേനുമുള്ള പൂവുണ്ടാകുന്ന ഒരിനം കുറ്റിച്ചെടിയാണ്. ടോ എന്നതിനര്‍ത്ഥം 'കുന്നിന് മുകളില്‍' എന്നാണ്. ഒരു സുമി വാക്കാണ് സുന്‍ഹെബോടോ.
ജനതയും സംസ്കാരവും
സുമി വര്‍ഗ്ഗത്തില്‍പെട്ടവരാണ് സുന്‍ഹെബോടോയില്‍ വസിക്കുന്നത്. ആയോധനകലകളില്‍ പ്രാഗത്ഭ്യമുള്ള സൈനികരുടെ വംശമാണ് സുമി. സുമി വര്‍ഗ്ഗത്തില്‍പെട്ടവര്‍ ആഘോഷവേളകളില്‍ ഏറെ വിപുലമായി ഗാനങ്ങളും, ആചാരാപരമായ നൃത്തങ്ങളും അവതരിപ്പിക്കാറുണ്ട്. ഇവരുടെ സൈനിക വേഷം കാണാന്‍ ഏറെ ആകര്‍ഷകമാണ്. എല്ലാ വര്‍ഷവും ജൂലൈ മധ്യത്തോടെ നടക്കുന്ന ടുളുനിയാണ് ഇവരുടെ പ്രധാന ഉത്സവം. അഹുനയും ഒരു പ്രധാന ഉത്സവമാണ്.
സുന്‍ഹെബോടോയിലെ കാഴ്ചകള്‍
വിശാലമായ വനപ്രദശമുള്ള സുന്‍ഹെബോടോയിലെ പ്രധാന കാഴ്ചകളിലൊന്ന് പക്ഷി സങ്കേതമാണ്. അകുലുടോ സബ്ഡിവിഷനിലെ ലുമാമി ഗ്രാമത്തിലാണ് നാഗാലാന്‍ഡ് യൂണിവേഴ്സിറ്റി ക്യാംപസ് സ്ഥിതി ചെയ്യുന്നത്. സുന്‍ഹെബോടോ ഇവിടുത്തെ ഏക ടൗണാണ്. ഇവിടെ ഭൂരിഭാഗം ജനങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. കൃഷിയാണ് ജനങ്ങളുടെ മുഖ്യജീവനോപാധി.
സുന്‍ഹെബോടോയില്‍ കൂടി ടിസു, ഡോയാങ്ങ്, ടിസുത എന്നീ മൂന്ന് നദികള്‍ കടന്ന് പോകുന്നു. നാഗാലാന്‍ഡിലെ ആറാമത്തെ വലിയ നഗരമാണ് സുന്‍ഹെബോടോ. മറ്റ് അഞ്ച് നഗരങ്ങള്‍ ഡിമാപൂര്‍, കൊഹിമ, മോകോക്ചുങ്ങ്, വോഖ, ടുയെന്‍സാങ്ങ് എന്നിവയാണ്.



Click it and Unblock the Notifications