ഗുഹാക്ഷേത്രങ്ങളുടെ അജന്ത

ഹോം » സ്ഥലങ്ങൾ » അജന്ത » ഓവര്‍വ്യൂ

പൗരാണിക കാലം മുതല്‍ത്തന്നെ ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്നാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഹൈന്ദവ, ബുദ്ധ, ജൈന മതവിശ്വാസികള്‍ക്കിടയില്‍ അജന്തയ്ക്കുള്ള സ്ഥാനം വളരെ വിശിഷ്ടമാണ്. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍ മഹാരാഷ്ട്രയിലെ വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടിയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ അജന്ത ഗുഹകള്‍ സ്ഥിതിചെയ്യുന്നത്.

ബുദ്ധചരിതത്തിലൂടെ

പെയിന്റിംഗുകളും ശില്‍പ്പങ്ങളും ചുമര്‍ച്ചിത്രങ്ങളുമടങ്ങുന്ന മുപ്പതോളം ഗുഹകളാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങളെ വര്‍ണാഭമാക്കുന്നത്. മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളുടെ രണ്ടാം നൂറ്റാണ്ട് മുതലുള്ള അടയാളങ്ങള്‍ ഇവിടെ കാണാം. ആറും എഴും നൂറ്റാണ്ടുകളിലായാണ് ഇവ പൂര്‍ത്തിയാക്കപ്പെട്ടത് എന്നു കരുതുന്നു. മോക്ഷത്തിന് മുമ്പുള്ള ഗൗതമബുദ്ധന്റെ ചിത്രങ്ങളാണ് എല്ലാ ഗുഹകളുടെയും പൊതുവായ പ്രത്യേകത. ഇവയാകട്ടെ ശ്രീലങ്കയിലെ സിരിഗയ ഗുഹകളെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഏകദേശം എണ്ണൂറ് വര്‍ഷങ്ങളാണ് ഗുഹാക്ഷേത്രങ്ങളുടെ അലങ്കാരങ്ങള്‍ക്കും ചിത്രപ്പണികള്‍ക്കുമായി ചെലവഴിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നായാട്ടിനിടെ ബ്രിട്ടീഷുകാരാണ് അജന്തയിലെ ഈ ഗുഹകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗവണ്‍മെന്റ് പുരാവസ്തുഗവേഷകരുടെ സഹായത്തോടെ നടത്തിയ തിരച്ചലില്‍ മുഴുവന്‍ ഗുഹാക്ഷേത്രങ്ങളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്തൂപങ്ങളും പെയിന്റിംഗുകളും ശില്‍പങ്ങളും ദ്വാരപാലകരുടെ പ്രതിമകളും വിഗ്രഹങ്ങളും മറ്റും ഇവിടെ നിന്നും ലഭിച്ചു. ഇതില്‍ ഭൂരിഭാഗവും ശ്രീബുദ്ധന്റെ ജീവചരിത്രം വിവരിക്കുന്നതോ ബുദ്ധനുമായി ബന്ധപ്പെട്ടവയോ ആയിരുന്നു.

ഗുഹാക്ഷേത്രങ്ങളില്‍

29 ഗുഹകളാണ് അജന്തയിലുള്ളത്. മിക്കവാറും എല്ലാ ഗുഹകളിലും ശ്രീബുദ്ധന്റെ ജീവചരിത്രമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ വിവരിക്കുന്നവയാണ്. ഒന്നാമത്തെ ഗുഹയില്‍ ആറാം നൂറ്റാണ്ടിലെയും ഏഴാം നൂറ്റാണ്ടിലെയും കാര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീബുദ്ധന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ ഇവിടെ കാണാം. ഇരുപതാമത്തെ ഗുഹയില്‍ ആദ്യത്തെ ഗുഹയിലുള്ളത് പോലെ തന്നെ കാര്യങ്ങള്‍ പകര്‍ത്തിവെച്ചിരിക്കുന്നു. നാഗന്മാരാണ് ഗുഹകളുടെ നിര്‍മാണച്ചുമതല പൂര്‍ത്തിയാക്കിയത് എന്നാണ് കരുതുന്നത്. മുകള്‍ഭാഗത്ത് ഇടതുവശത്തായി ഭൂമിദേവിയുടെ ചിത്രം വരച്ചുവച്ചിരിക്കുന്നതയായും കാണാന്‍ സാധിക്കും.

നിര്‍മലനായ ദൈവദൂതനെപ്പോലെ കൈകള്‍ അനുഗ്രഹമുദ്രയില്‍ പിടിച്ചിരിക്കുന്ന രീതിയിലാണ് ഇവിടെ ശ്രീബുദ്ധന്റെ രൂപമുള്ളത്. ബുദ്ധപ്രതിമയുടെ ഒരു വശത്തായി കൈകളില്‍ താമരയുമായി പദ്മാപിനി അവോകിടേശ്വരന്റെയും മിന്നല്‍പ്പിണര്‍ കൈയ്യിലേന്തിയ നിലയില്‍ വജ്രപാണിയുടെ പ്രതിമയും കാണാം. ഇവ രണ്ടും ബോധിസത്വന്റെ ഭാഗങ്ങളാണ് എന്നാണ് വിശ്വാസം. അവിശ്വസനീയമായ രീതിയില്‍ മനോഹരങ്ങളായ നിരവധി പ്രതിമകളുണ്ട് ഇവിടെ. ആന്ധ്രയിലെ ഒരു രാജകുമാരിയുടെ രൂപത്തെ അനുകരിച്ചാണ് ഇവിടത്തെ ഒരു പ്രതിമ നിര്‍മിച്ചിരിക്കുന്നത് എന്നൊരു വിശ്വാസവുമുണ്ട്. തൂണില്‍ ചാരിനില്‍ക്കുന്ന രാജകുമാരി, നൃത്തം ചെയ്യുന്ന പെണ്‍കുട്ടി, വിഷാദരൂപത്തിലിരിക്കുന്ന തോഴി തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ചില പ്രധാന പ്രതിമകള്‍. ഗോള്‍ഡന്‍ ഗീസ്, പിങ്ക് എലഫെന്റ്, കാളപ്പോരിന്റെ ചിത്രം എന്നിവയും ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്.

ഒന്നാമത്തെ ഗുഹയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് രണ്ടാമത്തെ ഗുഹയും നിര്‍മിച്ചിരിക്കുന്നത് എന്ന് തോന്നുന്ന തരത്തിലാണ് അടുത്ത ഗുഹയുടെ നിര്‍മാണം. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മറ്റും കാണാവുന്ന പൗരാണികക്ഷേത്രങ്ങളിലെ നിര്‍മിതിയുടെ സ്വാധീനവും ഇവിടത്തെ ഗുഹയില്‍ കാണാം. അതിസങ്കീര്‍ണമായ പണിത്തരങ്ങളാണ് രണ്ടാമത്തെ ഗുഹയുടെ മേല്‍ത്തട്ടിലും മറ്റും ഉളളത്. മനോഹരമായി ചിത്രീകരിച്ച ബുദ്ധന്റെ ആയിരക്കണക്കിന് ചിത്രങ്ങളാണ് ഗുഹകളിലായി കൊത്തിവച്ചിരിക്കുന്നത്. ശാരീരിക ശക്തിയില്‍നിന്ന് ജ്ഞാനോദയത്തിലേക്ക് നയിക്കപ്പെടുമെന്ന ബുദ്ധന്റെ തത്വവുമായി ബന്ധപ്പെട്ട വുമണ്‍ ഓഫ് സ്വിംഗ് എന്ന് പേരുള്ള ശില്‍പവും ഇവിടെ കാണാം.

നാലാമത്തെ ഗുഹയും പതിനേഴാമത്തെ ഗുഹയും ഏകദേശം ഒരേപോലെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ പണി പൂര്‍ത്തിയാക്കിയിട്ടില്ല. ശ്രീബുദ്ധന്റെ ജീവിതത്തില്‍ നിന്നുമുള്ള നിരവധി പെയിന്റിംഗുകള്‍ അപൂര്‍ണമായ നിലയില്‍ ഇവിടങ്ങളില്‍ കാണാം. പതുങ്ങിയ മാന്‍, ഉയരം കുറഞ്ഞ പാട്ടുകാരന്‍ തുടങ്ങിയ മനോഹരമായ ചില പെയിന്റിംഗുകളും ഈ ഗുഹകളില്‍ കാണാം. മഹായാന കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണ് ആറാമത്തെ ഗുഹ. ഇരിക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമയാണ് ഈ ഗുഹയിലുള്ളത്. മറ്റുള്ള ഗുഹകളെ അപേക്ഷിച്ച് കട്ടികുറഞ്ഞ തൂണുകളാണ് ഈ ഗുഹയിലേത്. അഷ്ടകോണായാണ് ഇതിന്റെ നില്‍പ്. താമരയുമായി നില്‍ക്കുന്ന ഒരു ഭിക്ഷുവിന്റെ രൂപവും ഈ ഗുഹയില്‍ കാണാം. ചൈത്യ ഹാളിന്റെ ചിത്രത്തോട് കൂടിയതാണ് ഒന്‍പതാമത്തെ ഗുഹ. നാഗന്മാരുടെ ആരാധനാമൂര്‍ത്തികളും കതകില്‍ കൊത്തിയ മൃഗങ്ങളുടെ ചിത്രവുമാണ് ഇവിടത്തെ പ്രത്യേകത. നിര്‍മിതിയിലും ശൈലിയിലും ഒമ്പതാമത്തെ ഗുഹയോട് താദാത്മ്യമുള്ളതാണ് പത്താമത്തെ ഗുഹ. മനോഹരമായ നിരവധി പെയിന്റിംഗുകള്‍ ഇവിടെയുണ്ട്. ഹിനയന കാലഘട്ടം മുതല്‍ മഹായാന ഘട്ടം വരെയുള്ള പരിണാമമാണ് പതിനൊന്നാമത്തെ ഗുഹയിലെ പ്രധാനപ്പെട്ട വിഷയം. നിരവധി ബുദ്ധസ്തൂപങ്ങള്‍ ഇവിടെയും കാണാന്‍ സാധിക്കും. മറ്റുള്ള ഗുഹകളുടെ വാതില്‍ക്കലേക്ക് നീളുന്ന ഇടനാഴിയോട് കൂടിയതാണ് പതിനാറാമത്തെ ഗുഹ. മനംമയക്കുന്ന തരത്തിലുള്ള മനോഹരമായ ദൃശ്യങ്ങളുണ്ട് ഈ ഗുഹയില്‍.

ശ്രീബുദ്ധന്റെ ഭീമാകാരമായ പ്രതിമയുണ്ട് ഈ ഗുഹയില്‍. ഭിക്ഷാപാത്രവുമായി നില്‍ക്കുന്ന ശ്രീബുദ്ധനും സിദ്ധാര്‍ത്ഥനുമാണ് ഇവിടത്തെ മറ്റ് പ്രധാനപ്പെട്ട കാഴ്ചകള്‍. ലോകപ്രശസ്തമായ മരിച്ചുകൊണ്ടിരിക്കുന്ന സുന്ദരി എന്ന പ്രതിമ ഈ ഗുഹയിലാണുള്ളത്. തന്റെ ഭര്‍ത്താവ് സന്യാസിയായിത്തീരാന്‍ പോകുന്നു എന്നറിഞ്ഞ് മനംനൊന്ത് മരിക്കാറാകുന്ന രാജകുമാരിയുടെതാണ് ഈ പ്രതിമ. സുതസാമ ജാതകയാണ് ഇവിടത്തെ മറ്റൊരു പ്രതിമ. അപ്‌സരസ്സുകളുടെയും ഇന്ദ്രന്റെയും പ്രണയത്തിന്റെയും മറ്റും ചിത്രീകരണങ്ങള്‍ നിറഞ്ഞതാണ് പതിനേഴാമത്തെ ഗുഹ. രാജകുമാരനെന്ന നിലയില്‍ നിന്നും ഒരു ഭിക്ഷുവായി ശ്രീബുദ്ധന്‍ തന്റെ ഭാര്യയെയും പുത്രനെയും ആശ്വസിപ്പിക്കാനെത്തുന്ന ചിത്രമാണ് മറ്റൊന്ന്. മനോഹരമായി തീര്‍ത്ത ചിത്രത്തൂണുകളും ചുമരുകളുമാണ് ഇരുപത്തിയൊന്നാമത്തെ ഗുഹയുടെ പ്രത്യേകത. മറ്റ് ഗുഹകളെക്കാള്‍ സമര്‍ത്ഥമായി നിര്‍മിച്ചതും സ്ഥലസൗകര്യം ഭംഗിയായി ഉപയോഗിച്ചതും ഈ ഗുഹയിലാണ് എന്നുവേണമെങ്കിലും പറയാം. 26 തൂണുകളുടെ സഹായത്തോടെ നില്‍ക്കുന്ന ഒരു നിര ആര്‍ച്ചുകളാണ് ഇവിടത്തെ പ്രത്യേകത. ചുമരുകളിലും നിരവധി ചിത്രങ്ങള്‍ നിറഞ്ഞതാണ്.

വരാന്തയുടെ ചുമരിലുള്ള ശ്രീബുദ്ധന്റെ പ്രതിമ ഉറങ്ങുന്ന നിലയിലുള്ളതാണ്. എന്നാല് ഇത് പരിനിര്‍വാണാവസ്ഥയിലുള്ള ബുദ്ധന്റെ രൂപമാണ് എന്നാണ് ഭക്തരുടെ വിശ്വാസം. അതേ ചുമരില്‍ത്തന്നെ പരിനിര്‍വാണാവസ്ഥയിലുള്ള ബുദ്ധന്റെ രൂപം ചിത്രീകരിച്ചിരിക്കുന്നതായും കാണാം. തൂണിന്റെയും ചതുരസ്ഥംഭത്തിന്റെയും മുഖമണ്ഡപത്തിന്റെയും ആകൃതിയിലുള്ള മൂന്ന് രൂപങ്ങളാണ് ഇരുപത്തിനാലാമത്തെ ഗുഹയിലുള്ളത്. പണി പൂര്‍ത്തിയാകാത്തവയാണെങ്കിലും മനോഹാരതി കൊണ്ട് ആളുകളെ ആകര്‍ഷിക്കുന്നതാണ് ഇവിടത്തെ തൂണുകള്‍. അഷ്ടകോണാകൃതിയിലുള്ള തൂണുകളും ഇവിടെ കാണാം. മഹായാന കാലഘട്ടത്തിലുള്ളതും വിശദമായ കൊത്തുപണികളുമുള്ളതായ തൂണുകളും ഇവിടെയുണ്ട്. ടി ആകൃതിയിലുള്ള മുഖമണ്ഡപങ്ങളുള്ള ഇരുപത്തിനാലാമത്തെ ഗുഹയുടെയും പണി പൂര്‍ത്തിയാക്കിയിട്ടില്ല.

ശ്രാവഷ്ടി മിറക്കിള്‍, ഫാമിലി ഗ്രൂപ്പ്, ചുരുണ്ട മുടിയോട് കൂടിയ ശ്രീ ബുദ്ധന്‍ എന്നിവയാണ് ഇരുപത്തിയാറാം നമ്പര്‍ ഗുഹയിലെ പ്രധാന സവിശേഷതകള്‍. തന്റെ ജീവിതത്തിനിടയില്‍ ശ്രീബുദ്ധന്‍ കാണിച്ച അത്ഭുതങ്ങളുടെ ചിത്രീകരണവും ഈ ഗുഹയില്‍ കാണാം. തന്റെ മുഴുവന്‍ അവതാരങ്ങളെയും രൂപങ്ങളെയും ശ്രീബുദ്ധന്‍ ആകാശത്ത് കാണിച്ചതായി പറയപ്പെടുന്ന അത്ഭുതത്തിന് സാക്ഷ്യം വഹിച്ച ഗ്രാമമാണ് ശ്രാവഷ്ടി. അക്കാലത്തെ ആദര്‍ശകുടുംബങ്ങളുടെ ചിത്രീകരണത്തെയാണ് ഫാമിലി ഗ്രൂപ്പ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ചുരുണ്ട മുടിയൊടും വലിയ ചെവികളോടും കൂടിയതാണ് ഇവിടെയുളള ബുദ്ധന്‍. പ്രപഞ്ചത്തിന്റെ മധ്യഭാവമെന്ന് വിശ്വസിക്കുന്ന അവസ്ഥയില്‍ ഒരു താമരയ്ക്ക് മുകളില്‍ ആരൂഢനായ നിലയിലാണ് ബുദ്ധന്‍ ഇവിടെ സ്ഥിതിചെയ്യുന്നത്. നന്ദനെന്നും അനുപനന്ദ എന്നും പേരായ രണ്ട് നാഗന്മാരാണ് ഈ താമരകള്‍ യഥാക്രമം ചുമക്കുന്നത്. അഞ്ചാം നൂറ്റാണ്ടിലെ മനോഹരമായ ചിത്രങ്ങളും ഇവിടെ കാണാം. നാഗദ്വാരപാലന്മാരും മുഖമണ്ഡപവുമടങ്ങിയതാണ് ഇരുപത്തിയേഴാമത്തെ ഗുഹ. ഇരുപതാമത്തെ ഗുഹയോട് ഏറം സാമ്യമുണ്ട് ഇരുപത്തിയേഴാമത്തെ ഗുഹയ്ക്ക്. ഇരുപതാമത്തെ ഗുഹയിലുള്ള നാഗപ്രതിമകള്‍ ഇവിടെയും കാണാം. മുഖമണ്ഡപത്തിന്റെ ശൈലി രണ്ടാമത്തെ ഗുഹയോട് സാമ്യമുള്ളതാണ്.

അജന്ത - നിത്യഹരിത വിനോദസഞ്ചാരകേന്ദ്രം

വര്‍ഷത്തില്‍ ഏത് സമയത്തും അജന്തയിലേക്ക് ഒരു യാത്രയാവാം. കാലാവസ്ഥ മാറ്റങ്ങള്‍ അധികമൊന്നും പ്രതിഫലിക്കാത്ത തരത്തിലാണ് അജന്തയുടെ ഭൂപ്രകൃതി. എങ്കിലും കുറച്ചധികം സ്ഥലങ്ങള്‍ നടന്നുകാണാനുള്ളതിനാല്‍ വേനല്‍ക്കാലത്തെ ചൂടില്‍ ഇവിടെ ഒരു യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. ഗുഹകള്‍ക്കരികിലുള്ള നദി നിറഞ്ഞൊഴുകുന്ന മഴക്കാലമാണ് ഇവിടം കണ്ടാസ്വദിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം. റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ അജന്ത ഗുഹകളിലെത്തിച്ചേരാന്‍ എളുപ്പമാണ്. 100 കിലോമീറ്റര്‍ അകലത്തിലായി ഔറംഗബാദ് വിമാനത്താവളമുണ്ട്. ട്രെയിന്‍ വഴിയാണ് യാത്രയെങ്കില്‍ ഔറംഗബാദ് അല്ലെങ്കില്‍ ജാലഗോണ്‍ എന്നിവയാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. അജന്ത ഗുഹകള്‍ക്ക് സമീപമുള്ള ഇരുസ്റ്റേഷനുകളിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. റോഡ് മാര്‍ഗമാണെങ്കില്‍ നിരവധി സര്‍ക്കാര്‍, പ്രൈവറ്റ് ബസ്സുകളും ലഭ്യമാണ്. ഔറംഗാബാദില്‍ നിന്നും ഏകദേശം രണ്ട് - മൂന്ന് മണിക്കൂര്‍ യാത്രചെയ്താല്‍ റോഡ് മാര്‍ഗം അജന്ത ഗുഹകളിലെത്താം. കേവലം വായിച്ചറിയുക എന്നതിനപ്പുറം ഓരോരുത്തരും ഒരിക്കലെങ്കിലും നേരിട്ട് കണ്ടറിയേണ്ടതാണ് നമ്മുടെ സംസ്‌കാരത്തിലെ മണിമുത്തുകളായ ഇത്തരം കാഴ്ചകള്‍.

 

Please Wait while comments are loading...