ഖണ്ട്വാ- ക്ഷേത്രങ്ങളുടെയും തടാകങ്ങളുടെയും സൗന്ദര്യം

ഹോം » സ്ഥലങ്ങൾ » ഖണ്ട്വാ » ഓവര്‍വ്യൂ

മധ്യപ്രദേശിലെ ഈസ്റ്റ്‌ നിമാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പട്ടണമാണ്‌ ഖണ്ട്വാ. നിരവധി ക്ഷേത്രങ്ങളും പുരാതന തടാകങ്ങളും കാണപ്പെടുന്ന പഴയ ഒരു പട്ടണമാണിത്‌. ഖണ്ട്വായിലെ ക്ഷേത്രങ്ങളില്‍ അധികവും ഹിന്ദു-ജൈനമത ക്ഷേത്രങ്ങളാണ്‌. 12-ാം നൂറ്റാണ്ടില്‍ ഖണ്ട്വായില്‍ ജൈനമത വിശ്വാസികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടാവുകയും ഇവിടം ഒരു ജൈനമത കേന്ദ്രമായി മാറുകയും ചെയ്‌തു. കാലം മാറിയതിന്‌ അനുസരിച്ച്‌ ഖണ്ട്വായും മാറി. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇവിടം നിമാദ്‌ മേഖലയിലെ പ്രമുഖ വ്യവസായകേന്ദ്രമായി തീര്‍ന്നു. ഇതിനെല്ലാമുപരി മറ്റൊരു സവിശേഷത കൂടി ഖണ്ട്വായ്‌ക്കുണ്ട്‌. ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ കുളിര്‍മഴ പെയ്യിച്ച കിഷോര്‍കുമാര്‍ ജനിച്ചത്‌ ഇവിടെയാണ്‌.

ഖണ്ട്വായില്‍ ആകര്‍ഷകങ്ങളായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. പട്ടണമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്‌ളോക്ക്‌ ടവര്‍ ഇവയില്‍ ഒന്നാണ്‌. ഖണ്ട്വായുടെ വളര്‍ച്ചയ്‌ക്കും തളര്‍ച്ചയ്‌ക്കും മൂകസാക്ഷിയാണ്‌ മനോഹരമായ ഈ ടവര്‍. പുരാതനങ്ങളായ അനവധി തടാകങ്ങളും ഇവിടെ കാണാം. ക്‌ളോക്ക്‌ ടവറിന്റെ നാലുദിശകളിലും ഓരോ തടാകങ്ങളുണ്ട്‌. ബ്രിട്ടീഷ്‌ വാസ്‌തുവിദ്യയുടെ പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്ന കളക്ടറേറ്റ്‌ മന്ദിരം ഖണ്ട്വായിലെ മറ്റൊരു ആകര്‍ഷണമാണ്‌. പാരമ്പര്യവും ആധുനികതയും കൈകോര്‍ക്കുന്ന ഈ മന്ദിരം ഖണ്ട്വായിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത കാഴ്‌ചയാണ്‌.

അനേകം വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങളും ഖണ്ട്വായിലുണ്ട്‌. ഭവാനിമാതാ ക്ഷേത്രം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നാണ്‌. ദാദാ ദര്‍ബാറാണ്‌ മറ്റൊരു പ്രധാന ആരാധനാലയം. എല്ലാ വര്‍ഷവും ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ നവ ചാന്ദിദേവി ധാം സന്ദര്‍ശിക്കുന്നത്‌.

ഖണ്ട്വായില്‍ നിന്ന്‌ ഏതാണ്ട്‌ 89 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഓംകാരേശ്വര്‍ മന്ധതാ ഹിന്ദുക്കളുടെയും ജൈനമത വിശ്വാസികളുടെയും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്‌. സിദ്ധാവര്‍ കുട്‌, മാമലേശ്വര്‍ എന്നിവ ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. സിദ്ധാവര്‍ കുട്‌ ജൈമനത വിശ്വാസികളുടെ പ്രമുഖ മതകേന്ദ്രമാണ്‌. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ്‌ മാമലേശ്വര്‍.

ഡെക്കാന്റെ കണ്ണ്‌ എന്ന്‌ അറിയപ്പെട്ടിരുന്ന അസിര്‍ഗഢ്‌ കോട്ടും സഞ്ചാരികളെ ഖണ്ട്വായിലേക്ക്‌ ആകര്‍ഷിക്കുന്നു. ഓരോ വര്‍ഷവും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ സഞ്ചാരികളാണ്‌ ഈ കോ്‌ട്ട കാണാന്‍ എത്തുന്നത്‌. ഖണ്ട്വായുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഈ കോട്ടയ്‌ക്ക്‌ വലിയ പ്രാധാന്യമാണുള്ളത്‌. കിഷോര്‍ കുമാറിന്റെ സ്‌മാരകമായ ഗൗരികുഞ്ച്‌ പ്രിയഗായകന്റെ ഓര്‍മ്മകളിലേക്ക്‌ സഞ്ചാരികളെ കൂട്ടിക്കൊണ്ട്‌ പോകും.

ഇവയ്‌ക്ക്‌ പുറമെ നിരവധി അണക്കെട്ടുകളും ഇവിടെയുണ്ട്‌. ഇന്ദിരാ സാഗര്‍ അണക്കെട്ട്‌, നാഗ്‌ചുന്‍ അണക്കെട്ട്‌ എന്നിവ ഖണ്ട്വായിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ്‌.

എങ്ങിനെ എത്തിച്ചേരാം

വിമാനമാര്‍ഗമോ റെയില്‍ മാര്‍ഗമോ റോഡ്‌ മാര്‍ഗമോ ഖണ്ട്വായില്‍ എത്താവുന്നതാണ്‌. ഇവിടെ പ്രധാനപ്പെട്ട ഒരു റെയില്‍വേ സ്റ്റേഷനുണ്ട്‌.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ ഖണ്ട്വാ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഈ സമയത്ത്‌ ഇവിടെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. മാത്രമല്ല ഇവിടുത്തെ പ്രധാന ആഘോഷങ്ങളെല്ലാം നടക്കുന്നതും ഈ മാസങ്ങളിലാണ്‌.

കാലാവസ്ഥ

ഖാണ്ട്വാ സന്ദര്‍ശനത്തിന്‌ അനുയോജ്യം ശീതകാലമാണ്‌. ഈ സമയത്ത്‌ സുഖകരമായ തണുപ്പ്‌ ഇവിടെ അനുഭവപ്പെടും. ഈ സമയത്തെ കാലാവസ്ഥ സഞ്ചാരത്തെ ഒരു വിധത്തിലും ബാധിക്കുകയുമില്ല. ദുര്‍ഗ്ഗാപൂജ മുതല്‍ ശിവരാത്രി വരെയുള്ള ഇവിടുത്തെ പ്രധാന ആഘോഷങ്ങളെല്ലാം നടക്കുന്നതും ശീതകാലത്താണ്‌. ഈ സമയത്ത്‌ സഞ്ചാരികളുടെ വലിയ തിരക്ക്‌ അനുഭവപ്പെടുന്നതിനാല്‍ യാത്രാ ടിക്കറ്റ്‌, താമസസൗകര്യം മുതലായവ മുന്‍കൂട്ടി ഉറപ്പാക്കുന്നത്‌ നല്ലതായിരിക്കും.

Please Wait while comments are loading...