എല്ലോറയിലെ ഗുഹാക്ഷേത്രങ്ങള്‍

ഹോം » സ്ഥലങ്ങൾ » എല്ലോറ » ഓവര്‍വ്യൂ

എല്ലോറയെന്ന പേര് കേള്‍ക്കാത്തവരുണ്ടാകില്ല, ഇന്ത്യന്‍ ഗുഹാശില്‍പകലയുടെ ഉത്തമോദാഹരണങ്ങളായി കരുതപ്പെടുന്ന എല്ലോറ ഗുഹകള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ പാരമ്പര്യത്തെ വാനോളം ഉയര്‍ത്തിനിര്‍ത്തുന്നതാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്. രാഷ്ട്രകൂടരാണ് എല്ലോറ ഗുഹക്ഷേത്രം നിര്‍മ്മിച്ചത്. അഞ്ചാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിലാണ് ഇത് നിര്‍മ്മിച്ചത്. ചരണാദ്രി കുന്നുകളിലാണ് എല്ലോറ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ഇതില്‍ ബുദ്ധക്ഷേത്രങ്ങളും, ഹൈന്ദവക്ഷേത്രങ്ങളും, ജൈനക്ഷേത്രങ്ങളും വിഹാരങ്ങളുമുണ്ട്.

മൊത്തം 34 ഗുഹകളാണീ സമുച്ചയത്തിലുള്ളത്. ഇതില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണം ബുദ്ധമത ക്ഷേത്രങ്ങളാണ്. അടുത്ത പതിനേഴെണ്ണം ഹൈന്ദവക്ഷേത്രങ്ങളും ബാക്കി അഞ്ചെണ്ണം ജൈനക്ഷേത്രങ്ങളുമാണ്. അക്കാലത്ത് നിലനിന്നുരുന്ന മതമൈത്രിയാണ് ഈ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഒരേയിടത്ത് പണിതതിലൂടെ വ്യക്തമാകുന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. യുണെസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ എല്ലോറ ഗുഹകളും ഉള്‍പ്പെട്ടിട്ടുണ്ട്.

എല്ലോറയെന്ന ഗുഹാലോകം

എഡി 450 മുതല്‍ 700 വരെയുള്ള കാലഘട്ടത്തിലാണ് എല്ലോറ ഗുഹാക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. ആദ്യമായി ബുദ്ധമതക്കാരാണ് ഇവിടെ ഗുഹാക്ഷേത്രങ്ങളുണ്ടാക്കിയതത്രേ. ആദ്യത്തെ പന്ത്രണ്ട് ഗുഹകള്‍ ബുദ്ധവിഹാരങ്ങളാണ്. ഇവതന്നെ 1മുതല്‍ 5വരെയുള്ള ഒരു ഗ്രൂപ്പായും 6 മുതല്‍ 12 വരെയുള്ള മറ്റൊരു ഗ്രൂപ്പായുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയുള്ള ബ്രാഹ്മണിക്കല്‍ ഗുഹകളാണ് ഹിന്ദുക്ഷേത്രങ്ങളെന്ന രീതിയില്‍ പ്രശസ്തമായത്. പതിമൂന്നു മുതല്‍ 29വരെയാണ് ഹൈന്ദവക്ഷേത്രങ്ങള്‍. ഗുഹകളുടെ കൂട്ടത്തിലുള്ള പിതിനേഴെണ്ണം പടിഞ്ഞാറുഭാഗത്തായിട്ടാണ്. ഇവയെല്ലാം വിവിധ കാലങ്ങളില്‍ പണിതവയാണ്.

അവസാനത്തെ സെറ്റ് ഗുഹകളിലാണ് ജൈനക്ഷേത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഒട്ടേറെ ഗുഹകള്‍ പണി പാതിയില്‍ നിര്‍ത്തിയതായും മറ്റും കാണാം. എല്ലാഗുഹകളിലുമുള്ള നീത്തടസാന്നിധ്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒരുകാലത്ത് ബുന്ധസന്യാസിമാരും ശിഷ്യവൃന്ദങ്ങളും ഇവിടങ്ങളില്‍ താമസിച്ചിരുന്നു. ഗുഹനിര്‍മ്മിച്ചവര്‍ ആരായിരുന്നാലും അവര്‍ മഴവെള്ളസംഭരണത്തെക്കുറിച്ചെല്ലാം കൃത്യമായ ജ്ഞാനമുണ്ടായിരുന്നവരാണെന്ന് സമ്മതിക്കാതിരിക്കാന്‍ കഴിയില്ല. ഇതിനെല്ലാമുള്ള സംവിധാനങ്ങള്‍ ഗുഹയില്‍ കാണാം. പാറകളില്‍പ്രത്യേക തരത്തിലുള്ള വിടവുകളുണ്ടാക്കിയാണ് മഴവെള്ളത്തെ ഗുഹളില്‍ തയ്യാറാക്കിയിരിക്കുന്ന നീര്‍ത്തൊട്ടിയിലേയ്‌ക്കെത്തിക്കാനുള്ള സംവിധാനമുണ്ടാക്കിയിരിക്കുന്നത്.

എല്ലോറയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

വര്‍ഷത്തില്‍ ഏത് സമയത്തുംസന്ദര്‍ശിയ്ക്കാവുന്ന സ്ഥലമാണ് എല്ലോറ ഗുഹകള്‍. സാധാരണ ഇവിടുത്തെ കാലാവസ്ഥ എല്ലോഴും മനോഹരമാണ്. അധികം ചൂട് ഇവിടെ അനുഭവപ്പെടാറില്ല. എങ്കിലുംവേനല്‍ക്കാലത്ത് മറ്റുസമയങ്ങളിലേതിലും അല്‍പം ചൂട് കൂടുതലായിരിക്കും. മഴക്കാലത്തുള്ള എല്ലോറയാത്രയും മനോഹരമായ അനുഭവമാകുന്നതില്‍ സംശയം വേണ്ട. ഗുഹകള്‍ക്കടുത്തുള്ള നദി മഴക്കാലത്ത് അതിന്റെ പൂര്‍ണരൂപത്തിലെത്തും.

യാത്ര വിമാനമാര്‍ഗ്ഗമാണെങ്കിലും റെയില്‍, റോഡ് എന്നിവയില്‍ ഏത് മാര്‍ഗ്ഗത്തിലായാലും ഔറംഗാബാദാണ് ഏറ്റവും അടുത്തുള്ള നഗരം. ഔറംഗാബാദ് വിമാനത്താവളമാണ് എല്ലോറയ്ക്ക് തൊട്ടടുത്തുള്ളത്. റെയില്‍മാര്‍ഗ്ഗവും റോഡുമാര്‍ഗ്ഗവുമെല്ലാം എല്ലോറയിലേയ്ക്ക് സുഖകരമായി യാത്രചെയ്യാം. അഹ്മദാബാദ് റെയില്‍ജങ്ഷന് വളരെ അടുത്താണ് എല്ലോറ ഗുഹകള്‍. ഇവതമ്മിലുള്ള അകലം 30 കിലോമീറ്റര്‍ മാത്രമാണ്. ഇന്ത്യയില്‍ കണ്ടിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പത്തുസ്ഥലങ്ങളില്‍ ഒന്നായിട്ടാണ് എല്ലോറ ഗുഹകളെ കണക്കാക്കുന്നത്.

Please Wait while comments are loading...