ദര്‍ഗ് - തീര്‍ത്ഥാടനങ്ങളുടെ നഗരം

ഹോം » സ്ഥലങ്ങൾ » ദര്‍ഗ് » ഓവര്‍വ്യൂ

ഛത്തിസ്ഗഡിലെ ഒരു പ്രമുഖ വ്യവസായ, കാര്‍ഷിക കേന്ദ്രമാണ് ദര്‍ഗ്. ഷിയോനാഥ് അഥവാ ശിവ്നാഥ് നദിയുടെ കിഴക്കന്‍ തീരത്താണ് ദര്‍ഗ് സ്ഥിതി ചെയ്യുന്നത്. ഛത്തീസ്ഗഡിലെ മൂന്നാമത്തെ വലിയ നഗരമാണ് ദര്‍ഗ്. ഏറെ ജനസാന്ദ്രതയുള്ള ഈ നഗരം ധാതുശേഖരത്താലും സമ്പന്നമാണ്. ഷിയോനാഥ്-മഹാനദി താഴ്വരയുടെ തെക്ക് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

ഭൂപ്രകൃതി ശാസ്ത്രം അനുസരിച്ച് ദര്‍ഗിനെ രണ്ടായി വിഭജിച്ചിരിക്കുന്നു. സി.ജി സമതലം, തെക്കന്‍ സമതലം എന്നിവയാണിവ. മഹാനദിയുടെ പ്രധാന സ്രോതസാണ് ദര്‍ഗിലെ ഏറ്റവും വലിയ നദിയായ ഷിയോനാഥ്. 345 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ നദിയുടെ പോഷകനദിയാണ് ടാണ്ടുല. ഖര്‍കാര എന്നൊരു നദിയും ഇതിലേ ഒഴുകുന്നുണ്ട്.

ചരിത്രമനുസരിച്ച് ദര്‍ഗ് ദക്ഷിണ അഥവാ കോസല ഭരണത്തിന്‍ കീഴിലായിരുന്നു. ഇവിടെ മറാത്താ ഭരണത്തെ തുടര്‍ന്ന് അശോകനും, പില്കാലത്ത് ബ്രിട്ടീഷുകാരും ഭരണം നടത്തിയതിന് തെളിവുകളുണ്ട്. 1906 ല്‍ ദര്‍ഗ് ഒരു പ്രത്യേക ജില്ലയായി മാറി. 2001 ലെ സെന്‍സസ് അനുസരിച്ച് ദര്‍ഗിലെ ജനസംഖ്യ 2,31,182 ആണ്.

സംസ്കാരം

മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള സ്ഥലമാണ് ദര്‍ഗ്. മുപ്പത്തഞ്ചോളം ഗോത്രവര്‍ഗ്ഗങ്ങള്‍ അധിവസിക്കുന്ന ഇവിടെ നാടോടി നൃത്തരൂപങ്ങളും, സംഗീതവും, നാടകവും സജീവമാണ്.

ദര്‍ഗയിലെ പ്രശസ്തമായ ഒരു നൃത്തരൂപമാണ് പന്ത്വാനി. മഹാഭാരതത്തിനെ അധികരിച്ച്, പ്രത്യേകിച്ച് പാണ്ഡവന്മാരുടെ കഥ അവതരിപ്പിക്കുന്ന നാടന്‍പാട്ടുരൂപമാണിത്. ഇതില്‍ പങ്കെടുക്കുന്ന ഗായകര്‍ നൃത്തത്തിലും പങ്കുചേരുന്നു.

മറ്റൊരു നൃത്തരൂപമാണ് രൗത് നാച. യാദവന്മാര്‍ എന്നറിയപ്പെടുന്ന ആട്ടിടയന്മാരും, കാലിനോട്ടക്കാരുമാണ് ഇത് പ്രധാനമായും അവതരിപ്പിക്കുന്നത്. കൃഷ്ണനെ ആരാധിച്ചുകൊണ്ടുള്ള ഒരു നൃത്തരൂപമാണിത്.

ദര്‍ഗിലെ ആകര്‍ഷണങ്ങള്‍

ഉവാസഗവഹരം പാര്‍ശ്വതീര്‍ത്ഥം, ചാന്ദി മന്ദിര്‍, ഗംഗാ മയ്യ ക്ഷേത്രം, ദിയോബലോദ, നാഗ്പുരയിലെ ജൈന ക്ഷേത്രങ്ങള്‍ തുടങ്ങിയവ ദര്‍ഗിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. ഹിന്ദി ഭവന്‍, പതാന്‍, പ്രാചീന്‍ കില, ബാലോഡ്, ടാണ്ടുല, മൈത്രി ബാഗ് കാഴ്ചബംഗ്ലാവ് എന്നിവയും ദര്‍ഗിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

കാലാവസ്ഥ

ഉഷ്ണമേഖലാ പ്രദേശത്തുള്ള ദര്‍ഗില്‍ കടുത്ത ചൂടുള്ള വേനല്‍ക്കാലവും, കനത്ത മഴക്കാലവും, അനുഭവപ്പെടുന്നു. മാര്‍ച്ചില്‍ ആരംഭിച്ച് മെയ്യില്‍ അവസാനിക്കുന്ന വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാറുണ്ട്. മെയ് മാസത്തിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്നതാണ് മഴക്കാലം. വര്‍ഷത്തില്‍ 1052 എം.എം വരെ മഴ ഇവിടെ ലഭിക്കുന്നു. ജൂലൈ മാസത്തിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്.

Please Wait while comments are loading...