കാങ്കര്‍ - സംസ്കാരവും, പാരമ്പര്യങ്ങളും ഒത്തുചേരുമ്പോള്‍

ഹോം » സ്ഥലങ്ങൾ » കാങ്കര്‍ » ഓവര്‍വ്യൂ

ചത്തീസ്ഗഡ് സംസ്ഥാനത്തിന്‍റെ തെക്കുഭാഗത്തുള്ള കാങ്കര്‍ വികസിത നഗരങ്ങളായ രാജ്പൂര്‍, ജഗദാല്‍പൂര്‍ എന്നിവയുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ബസ്താര്‍ ജില്ലയുടെ ഭാഗമായിരുന്ന കാങ്കര്‍ 1998ലാണ് സ്വതന്ത്ര ജില്ലയായി മാറിയത്. ചെറുകുന്നുകള്‍ നിറഞ്ഞ ഈ പ്രദേശത്തുകൂടി മഹാനദി, ദൂത്, ഹട്കുല്‍, സിന്ദുര്‍, തുരൂര്‍ എന്നീ അഞ്ച് നദികളും കടന്ന് പോകുന്നു.

കാങ്കറിലെ ഭൂരിഭാഗം വനപ്രദേശവും ഇലപൊഴിയും വനമാണ്. സാല്‍, തേക്ക് വനങ്ങളും സമ്മിശ്രമായ വൃക്ഷങ്ങള്‍ നിറഞ്ഞ വനവുമാണ് ഇവിടെയുള്ളത്. കാങ്കറിന്‍റെ കിഴക്ക് ഭാഗത്താണ് സാല്‍വനങ്ങള്‍. തേക്ക് വനങ്ങള്‍ പ്രധാനമായും ഭാനുപ്രതാപ്‍പൂറിലും, സമ്മിശ്രവനങ്ങള്‍ എല്ലാ ഭാഗങ്ങളിലും കാണുന്നു. വിലപിടിപ്പുള്ളവയും, ഔഷധഗുണമുള്ളവയുമായ അനേകം സസ്യങ്ങള്‍ ഈ വനപ്രദേശങ്ങളിലുണ്ട്.

കാങ്കറിലെ സന്ദര്‍ശന കേന്ദ്രങ്ങള്‍

ചത്തീസ്ഗഡിലെ വളരെ വേഗത്തില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് കാങ്കര്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ മഹാരാജാദി രാജന്‍ ഉദയപ്രതാപ് ദേവ് സ്ഥാപിച്ച കാങ്കര്‍ കൊട്ടാരം കാങ്കറിലെ ഒരു പ്രധാന കാഴ്ചയാണ്. ഗഡിയ കുന്ന്, മലഞ്ജ്കുദും വെള്ളച്ചാട്ടം, മാ ശിവാനി ക്ഷേത്രം, ചാരെ-മാരെ വെള്ളച്ചാട്ടം എന്നിവയും കാങ്കറിലെ പ്രധാന കാഴ്ചകളാണ്.

കലയും സംസ്കാരവും

കാങ്കറിലെ ഗോത്രവര്‍ഗ്ഗത്തില്‍പെട്ട ജനങ്ങള്‍ കരകൗശല വിദ്യയില്‍ വളരെ പ്രാഗത്ഭ്യമുള്ളവരാണ്. തടിയിലുള്ള കൊത്തുപണികള്‍, ലോഹോത്പന്ന നിര്‍മ്മാണങ്ങള്‍, കളിമണ്‍ ഉത്പന്നങ്ങള്‍, മുളയുത്പന്നങ്ങള്‍ എന്നിവയാണ് ഇവരുടെ പ്രധാന സൃഷ്ടികള്‍. ഇടതൂര്‍ന്ന വനങ്ങളുള്ള കാങ്കറിലെ തടികള്‍ വ്യാപകമായി ഫര്‍ണ്ണിച്ചറുകള്‍ നിര്‍മ്മിക്കാനും, കൊത്തുപണികള്‍ക്കും ഉപയോഗപ്പെടുത്തുന്നു. ഈ ഉത്പന്നങ്ങള്‍ തദ്ദേശീയരുടെയിടയിലും പുറത്തും  പ്രയങ്കരമാണ്.

തടി, മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്യമുള്ളവരാണ് ഇവിടെയുള്ളവര്‍. തേക്ക് തടിയിലും, വെള്ളത്തടികളിലുമാണ് പ്രധാനമായും ഇവിടെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഫര്‍ണ്ണിച്ചര്‍ ഉത്പന്നങ്ങളും, രൂപങ്ങളും, പാനലുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ രാജ്യത്തിനകത്തും, പുറത്തേക്കും കയറ്റുമതി ചെയ്യുന്നു. ചുവരലങ്കാരത്തിനുള്ള വസ്തുക്കളും, ടേബിള്‍ ലാമ്പുകളും, മേശവിരികളും  മുളയുപയോഗിച്ച് നിര്‍മ്മിക്കുന്നു.

സന്ദര്‍ശന യോഗ്യമായ കാലം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കാങ്കര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇക്കാലത്ത് അനുകൂലമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

എങ്ങനെ എത്തിച്ചേരാം?

റായ്പൂര്‍ എയര്‍പോര്‍ട്ട്, റായ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കാങ്കറിലേക്ക് സുഗമമായി എത്തിച്ചേരാം. റായ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇവിടെ നിന്ന് 167 കിലോമീറ്റര്‍ അകലെയാണ്. നാഷണല്‍ ഹൈവേ  വഴിയും പ്രധാന നഗരങ്ങളില്‍ നിന്ന് കാങ്കറിലേക്ക് എത്താം.

Please Wait while comments are loading...