ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളെ തിരഞ്ഞെടുത്താൽ അതിൽ മുൻപന്തിയിൽ ഉറപ്പായും കാണുന്ന നഗരമാണെ ബെംഗളുരു. എത്ര അഴിക്കാൻ ശ്രമിച്ചാലും വീണ്ടും മുറുകുന്ന കുരുക്ക് പോലെയാണ് ബെംഗളുരുവിലെ ട്രാഫിക് ബ്ലോക്ക്. മേൽപ്പാലങ്ങളും പുതിയ റോഡുകളും മെട്രോ ലൈനും ഉണ്ടെങ്കിലും ഇവിടുത്തെ ബ്ലോക്കിനും തിരക്കിനും ഒരു കുറവും സംഭവിച്ചിട്ടില്ല. മാത്രമല്ല, ഓരോ ദിവസവും ഇത് കൂടുകയുമാണ്. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സർക്കുലാർ റെയിൽ പ്രോജക്ട് അവതരിപ്പിച്ചത്.
ഇപ്പോഴിതാ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലെ തിരക്ക് ലഘൂകരിക്കാനും കണക്റ്റിവിറ്റി വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 287 കിലോമീറ്റർ സർക്കുലർ റെയിൽ ലിങ്ക് പദ്ധതി പുരോഗമിക്കുകയാണ്. 23,000 കോടി രൂപ ചെലവിൽ ഒരുക്കുന്ന പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്
(ഡി പി ആർ) ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമ്പോൾ റെയിൽവേ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധത്തിലാണ് സർക്കുലാർ റെയിൽ പ്രോജക്ട് മുന്നോട്ടു പോവുക.

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല, നിലവിലുള്ള റെയിൽ പാതകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക എനന് ലക്ഷ്യത്തിൽ വരുന്ന സർക്കുലാർ റെയിൽ പ്രോജക്ട് ബെംഗളൂരു സബർബൻ റെയിൽ പ്രോജക്റ്റിന്‍റെ (ബി എസ് ആർ പി) സഹകരിച്ചാവും പ്രവർത്തിക്കുക.
കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബെംഗളൂരു നഗരത്തിലെ റെയിൽവേ ശൃംഖല മെച്ചപ്പെടുത്താനും 43,000 കോടി രൂപയുടെ പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും ഇതു സംബന്ധിച്ച യോഗം തീരുമാനിച്ചു.
ദൊഡ്ഡബല്ലാപ്പൂർ, ദേവനഹള്ളി, മാലൂർ, ഹീലാലിഗെ, സോളൂർ എന്നിവയുൾപ്പെടെയുള്ള പ്രധാന സബർബൻ ഹബ്ബുകളെ ബന്ധിപ്പിച്ച് നിഡവണ്ടയിൽ ആരംഭിച്ച് നിഡവണ്ടയിൽ അവസാനിക്കുന്ന വിധത്തിലാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ് ഡബ്ല്യു ആർ) സർക്കുലർ റെയിൽ ലിങ്കിന്‍റെ നിർദ്ദിഷ്ട അലൈൻമെന്‍റ് നടത്തിയിരിക്കുന്നത്. നിലവിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ പറയുന്നതനുസരിച്ച്
ഡി പി ആർ ഘട്ടം ഘട്ടമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദേവനഹള്ളി മുതൽ ദൊഡ്ഡബല്ലാപൂർ വരെയുള്ള പാതയുടെ ഡിപിആർ പൂർത്തിയായെന്നും ഉടൻ റെയിൽവേ ബോർഡിന് സമർപ്പിക്കുമെന്നും എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
സർക്കുലാർ റെയിൽ പദ്ധതി പൂർത്തിയായാൽ തിരക്കും ബ്ലോക്കും ഇല്ലാതെ സൗകര്യപ്രദവും ബജറ്റ് സൗഹൃദവുമായ ട്രെയിൻ സേവനങ്ങൾ യാത്രക്കാർക്ക് ബാംഗ്ലൂരില് ഉറപ്പുവരുത്താൻ കഴിയും.
ഇത് കൂടാതെ, ഹരോഹള്ളി, കനകപുര, മലവള്ളി, കൊല്ലേഗൽ വഴി ചാമരാജനഗറുമായി ഹെജ്ജലയെ ബന്ധിപ്പിക്കുന്ന 1998-99 കാലത്ത് നിർദ്ദേശിച്ച റെയിൽ പദ്ധതികളിൽ ഒന്ന് വരും ദിവസങ്ങളിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 142 കിലോമീറ്റർ റെയിൽപാത നിർമിക്കുന്നത് സംബന്ധിച്ച് സർവേ നടത്തി വരികയാണെന്നും ചാമരാജനഗറുമായി റെയിൽപാത ബന്ധിപ്പിക്കാൻ 697 ഏക്കർ കൃഷിഭൂമി വേണം. അലൈൻമെൻ്റിന് ഒരു വനഭൂമിയും തടസ്സമാകില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












