ബെംഗളൂരു പതിവിലും നേരത്തെ വേനലിലേക്ക് കടക്കുകയാണ്. പൊതുവേ മാർച്ച് ആദ്യത്തോടെയാണ് വേനൽ എത്തുന്നതെങ്കിലും ജനുവരി അവസാനത്തോടെ തന്നെ ബാംഗ്ലൂരിൽ ചൂട് അനുഭവപ്പെട്ടു തുടങ്ങി. ഫെബ്രുവരി പകുതിയോടെ വേനൽ ബാംഗ്ലൂരിൽ ആരംഭിക്കും. അതിനു മുന്നോടിയെന്നോണം താപനിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 30 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു.
ചൂടൂ കൂടുന്നതിനൊപ്പം ജലദൗർലഭ്യവും ബെംഗളൂരുവിൽ ഇത്തവണ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ വർഷം വളരെ രൂക്ഷമായ ജല പ്രതിസന്ധിയാണ് നഗരത്തിൽ അനുഭവപ്പെട്ടത്. അതിനു സമാനമായ അവസ്ഥകൾ ഇത്തവണയും ബാംഗ്ലൂരിനെ കാത്തിരിക്കുന്നുണ്ടെന്നന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

അതേസമയം, ഭൂഗർഭ ജല ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് നഗരത്തിലെ ഭൂഗർഭജല ഉപയോഗം കഴിഞ്ഞ വർഷം 70 ശതമാനമെന്ന പരിധികടന്നു. കുഴൽക്കിണറുകൾ പരമാവധി ഉപയോഗിച്ച വർഷമായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിലെ മുഴുവൻ കുഴൽക്കിണറുകളും അവയുടെ പരമാവധി ശേഷി ഉപയോഗിച്ചിട്ടുണ്ടെന്നും പല ഇടങ്ങളിലെയും കുഴൽക്കിണറുകളിലെ 100% ജലവും ഉപയോഗിക്കപ്പെട്ടുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എന്നാൽ ഈ സമയത്ത് കർണ്ണാടകയുടെ മൊത്തത്തിലുള്ള ഭൂഗർഭജല ഉപയോഗം നിരക്ക് 68.4% ആയിരുന്നുവെന്ന് സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൻ്റെ ഡൈനാമിക് ഗ്രൗണ്ട് വാട്ടർ റിസോഴ്‌സ് ദേശീയ സമാഹാരം പറയുന്നു.
2022 ലും 2023 ലും ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിലെ ഭൂഗർഭ ജലചൂഷണ നിരക്ക് 100% ആയിരുന്നു. ഈ രണ്ട് ജില്ലകളിലെ ഭൂഗർഭജല സ്രോതസ്സുകൾ 100 ശതമാനത്തിലധികം ചൂഷണം ചെയ്യപ്പെടുന്നതായി സംസ്ഥാന സർക്കാർ രൂപീകരിച്ച അതോറിറ്റിയായ കർണാടക ഭൂഗർഭജല ഡയറക്ടറേറ്റിൽ നിന്നുള്ള ഡാറ്റയും സൂചിപ്പിക്കുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് ബെംഗളൂരു നഗരത്തിലെ 7000 കുഴൽക്കിണറുകളാണ് പൂർണമായും വറ്റിയത്.
അതേസമയം, ബെംഗളൂരു അത് റീചാർജ് ചെയ്യുന്ന ഭൂഗർഭജലത്തിന്‌റെ ഇരട്ടി പുറത്തെടുക്കുന്നുവെന്നും കഴിഞ്ഞ 13 വർഷമായി ഇത് തുടരുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭൂഗർഭജല ഡയറക്ടറേറ്റിൽ നിന്നുള്ള ഡാറ്റയനുസരിച്ച് നഗരത്തിന്‍റെ കരുതൽ ജല ശേഖരം വർഷങ്ങളായി "അമിതമായി ചൂഷണം ചെയ്യപ്പെടുന്ന" വിഭാഗത്തിലാണെന്ന് വ്യക്തമാക്കുന്നു.
എന്നാൽ കർണാടകയിലെ ഭൂഗർഭജലചൂഷണം, ബോർഡിന്‍റെ അഭിപ്രായത്തിൽ, സുരക്ഷിത വിഭാഗത്തിൽ ആണ് ഉള്ളത്. എന്നാൽ ഉപയോഗം ക്രമാനുഗതമായി ഉയരുകയാണ്, 2023-ൽ 66.3% ആയിരുന്നത് ഒരു വർഷത്തിനുശേഷം 68.4% ആയി. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഭൂഗർഭജലത്തിന്‍റെ അളവ് 2023-ൽ 11.3 ബില്യൺ ക്യുബിക് മീറ്ററിൽ നിന്ന് 2024-ൽ 11.6 ബിസിഎം ആയി ഉയർന്നു. അേസമയം,
വാർഷിക ഭൂഗർഭജല റീചാർജ് 2023-ൽ 18.9 ബിസിഎമ്മിൽ നിന്ന് 2024-ൽ 18.74 ബിസിഎം ആയി കുറയുകയാണ് ഉണ്ടായ്.
ബെംഗളൂരു ഇത്തവണയും ജലക്ഷാമത്തിലേക്കോ?
കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും ബെംഗളൂരുവിൽ ജലക്ഷാമം അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെക്കുകിഴക്കൻ ബംഗളൂരു, വൈറ്റ്ഫീൽഡ്, പെരിഫറൽ സോണുകൾ തുടങ്ങിയ പ്രദേശങ്ങളിൽ കടുത്ത ജലപ്രതിസന്ധി നേരിടും. ഭൂഗർഭ ജലത്തെ കൂടുതലായി ആശ്രയിക്കുന്ന സ്ഥലങ്ങളാണിത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്,
അതേസമയം, കെആർ പുരം, മഹാദേവപുര തുടങ്ങിയ ഏരിയകളിൽ ഫെബ്രുവരിയിൽ തന്നെ ഭൂഗർഭജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ തുടർച്ചയെന്നോണം വേനൽ കടുക്കുന്ന ഏപ്രിൽ മാസത്തിൽ ജലദൗർലഭ്യം കൂടുവാനുള്ള സാധ്യതയുമുണ്ട്. കോണൻകുണ്ടെ, ടി ദാസറഹള്ളി, വി നാഗനഹള്ളി , ഹൊറമാവ് ,രാമമൂർത്തി നഗർ,കമ്മനഹള്ളി,കടുഗൊണ്ടനഹള്ളി, ജക്കൂർ തുടങ്ങിയ വാർഡുകളിൽ ജലക്ഷാമം നേരിടുമെന്നാണ് റിപ്പോർട്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












