കനത്ത ചൂടിലേക്കാണ് ഓരോ ദിവസവും ബെംഗളുരു നഗരം ഉണരുന്നത്. ഓരോ ദിവസവും താപനില കുറയുമെന്നു പ്രതീക്ഷിക്കുമെങ്കിലും ഒരു രക്ഷയുമില്ലാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. മാത്രമല്ല, മുൻവർഷങ്ങളിലെ ചൂടിനെ വെല്ലുവിളിച്ചാണ് ഇവിടെ താപനില ഉയരുന്നതും. അടുത്തൊന്നും മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും ബാംഗ്ലൂരിലെ കാലാസ്ഥാ മാറ്റങ്ങൾ പ്രവചനങ്ങൾക്ക് അതീതമായതിനാൽ പെട്ടന്നൊരു മഴ വരുമെന്ന് കരുതിയാലും തെറ്റ് പറയുവാനാകില്ല.
കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും ചൂടേറിയ വർഷമായാണ് 2024 എന്നാണ് കണക്കുകൾ പറയുന്നത്. ഏപ്രിൽ 28 ഞായറാഴ്ച ബെംഗളുരുവിൽ രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ രണ്ടാമത്തെ ഉയർന്ന താപനിലയാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ ഒരു വലിയ മഴയ്ക്കല്ലാതെ ബാംഗ്ലൂരിലെ ചൂടിനെ തളയ്ക്കുവാൻ മറ്റൊന്നിനും സാധിക്കില്ല.

PC: PTI
അതേസമയം, ബെംഗളുരുവിലെ താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കുകയാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്ഡ അതിലെത്താൻ വലിയ താമസമുണ്ടാകില്ല. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണ് ഇപ്പോഴത്തേത്. 2016 ഏപ്രിൽ 25 ന് നഗരത്തിൽ രേഖപ്പെടുത്തി. 39.2 ഡിഗ്രി സെൽഷ്യസ് ആണ് ഇതുവരെയുള്ള ബെംഗളൂരുവിലെ ഏറ്റവും ഉയർന്ന താപനില. അതേസമയം കഴിഞ്ഞ ഞായറാഴ്ച 38.5 ഡിഗ്രി സെൽഷ്യസും ശനിയാഴ്ച 38 ഡിഗ്രി സെൽഷ്യസും ആണ് രേഖപ്പെടുത്തിയത്.
ചൂടില്‍ റെക്കോർഡുകൾ തിരുത്തിയ 2024
2024 എന്നത് ബെംഗളുരുവിനെ സംബന്ധിച്ച് ഹോട്ട് ഇയർ ആണ്. മുന്‍വർഷങ്ങളിലെ ചൂടിന്‍റെ റെക്കോര്‍ഡുകൾ പലതും തിരുത്തി പൊള്ളുന്ന ചൂടിലേക്ക് നഗരം പോയ വർഷം. 150 ദിവസങ്ങൾക്കു ശേഷം പെയ്ത മഴ ആശ്വാസം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇത്തവണ ഏപ്രിൽ മാത്രമല്ല, മാര്‍ച്ചിലെ ചൂടും സഹിക്കാനാവാത്തത് ആയിരുന്നു. ഇരുമാസങ്ങളും ഉയർന്ന താപനിലയുടെ കാര്യത്തിൽ മുൻകാല റെക്കോർഡുകളെ മറികടന്നു.
അതേസമയം കർണാടകയുടെ ചില ഭാഗങ്ങളിൽ ഇതിനകം 40 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഏതാനും പ്രദേശങ്ങളിൽ ഉഷ്ണതരംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടകയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന കലബുർഗിയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഐഎംഡി കണക്കുകൾ പ്രകാരം ശനിയാഴ്ച 42.4 ഡിഗ്രി സെൽഷ്യസായിരുന്ന താപനില. ഞായറാഴ്ച 40.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ഈ വർഷം മാർച്ച് 30ന് 36.6 ഡിഗ്രി സെൽഷ്യസും 31ന് 37 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബെംഗളൂരുവിലെ ഏറ്റവും ചൂടേറിയ മാർച്ചുകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. ഇനി ഫെബ്രുവരിയുടെ കാര്യമെടുത്താലോ.. മുൻവർഷങ്ങളില്‍ നിന്നു വ്യത്യസ്തമായി താപനില അധികമായിരുന്നു, 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഫെബ്രുവരിയിലെ മിക്കദിവസങ്ങളിലും ചൂട് അനുഭവപ്പെട്ടു. ഇതിനെ തുടര്ന്നാണ് നഗരത്തിലെ പല പ്രദേശങ്ങളിലും കനത്ത ജലക്ഷാമവും വരൾച്ചയും നേരിട്ടത്.
ബെംഗളുരു മഴ, കാലാവസ്ഥാ പ്രവചനം
കനത്ത ചൂടിലും ആശ്വാസം തരുന്ന ഒു വാർത്ത ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ടിട്ടുണ്ട്. മേയ് ആദ്യവാരം നഗരത്തിൽ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു അർബൻ, വിജയപുര, ഹാസൻ, ചിത്രദുർഗ, റായ്ച്ചൂർ, ബെലഗാവി, ബല്ലാരി, ദാവൻഗെരെ, ശിവമൊഗ്ഗ, തുംകൂർ, ബിദർ, കലബുർഗി, യാദ്ഗിർ, ചിക്കമംഗളൂരു, ചാമരാജനഗർ, രാമനഗര, മാണ്ഡ്യ ജില്ലകളിൽ ഏപ്രിൽ 30 നും മെയ് 3 നും ഇടയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












