ഇതിനു മുൻപ് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് ബെംഗളുരു കടന്നു പോകുന്നത്. മഴ പെയ്യാതെ, കനത്ത ചൂടിൽ രാവും പകലും ഉരുകിയൊലിച്ച് ജീവിക്കേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവർ. ഒപ്പം ജലക്ഷാമവും കൂടിയാകുമ്പോൾ ദൈനംദിന ജീവിതം തന്നെ ബുദ്ധിമുട്ടിലാണ്. ഏപ്രില‍് മാസത്തിൽ ബാംഗ്ലൂരിൽ മഴ പെയ്തിട്ടേയില്ലെന്ന കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ടും ഞെട്ടിക്കുന്നതാണ്.
41 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മഴയില്ലാത്ത ഒരു ഏപ്രിൽ മാസം ബെംഗളുരുവിലെ കടന്നു പോകുന്നത്. ഇതിനുമുമ്പ് 1983-ലാണ് ഏപ്രിൽ മാസത്തിൽ ബെംഗളുരുവിൽ മഴ പെയ്യാതിരുന്നത്. മാത്രമല്ല, കഴിഞ്ഞ നാല്പത് വർഷങ്ങള്‍ക്കിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണ് ഇപ്പോൾ കഴിഞ്ഞു പോയത്. ഏപ്രിൽ നിരാശപ്പെടുത്തിയെങ്കിലും മേയ് മാസത്തിൽ ബാംഗ്ലൂരിന്‍റെ ചില ഭാഗങ്ങളിൽ ചെറിയ മണ പെയ്യുമെന്നാണ് ചെറിയ രീതിയിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം കാലാവസ്ഥാ വകുപ്പ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബാംഗ്ലൂരിൽ ഇന്ന് മേയ് 2 കാലാവസ്ഥാ
ബാംഗ്ലൂരിൽ ഇന്ന് കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസിലും കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസിലും ഉയരാൻ സാധ്യതയുണ്ട്. ഏഴ് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, ബാംഗ്ലൂരിലെ താപനില വ്യാഴാഴ്ച 27 ഡിഗ്രി സെൽഷ്യസ്, വെള്ളിയാഴ്ച 27 ഡിഗ്രി സെൽഷ്യസ്, ശനിയാഴ്ച 24 ഡിഗ്രി സെൽഷ്യസ്, ഞായറാഴ്ച 22 ഡിഗ്രി സെൽഷ്യസ്, തിങ്കളാഴ്ച 23 ഡിഗ്രി സെൽഷ്യസ്, ചൊവ്വാഴ്ച 24 ഡിഗ്രി സെൽഷ്യസ്, വ്യാഴാഴ്ച , 24 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ ഉയരാൻ സാധ്യതയുണ്ട്.
കർണ്ണാടക കാലാവസ്ഥാ പ്രവചനം
2024 മെയ് 7 വരെയുള്ള ആഴ്‌ചയിലെ ഐഎംഡി കർണാടക കാലാവസ്ഥാ പ്രവചനം അനുസരിച്ച് ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തർ കന്നഡ, ചിത്രദുർഗ ജില്ലകളിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ ചൂടു കൂടിയ ഈർപ്പമുള്ളതുമായ അവസ്ഥനിലനിൽക്കാൻ സാധ്യതയുണ്ട്. ബാഗൽകോട്ട്, കലബുർഗി, കൊപ്പൽ ജില്ലകളിൽ മേയ് 5 വരെ ചൂടുകൂടി രാത്രികളായിരിക്കും ഉള്ളത്. അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്ത് പരമാവധി താപനിലയിൽ വലിയ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. ആഴ്ചാവസാനം സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
കേരളത്തിൽ 11 ജില്ലകളിൽ മഴ
അതേസമയം, കനത്ത ചൂടില്‍ കഷ്ടപ്പെടുന്ന മലയാളികൾക്ക് ഒരു സന്തോഷ വാർത്തയുമുണ്ട്. ഇന്ന്, മേയ് 2 വ്യാഴാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽമഴ പെയ്യുമെന്ന് പ്രവചിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് മഴ ലഭിക്കുവാൻ സാധ്യതയുണ്ട്. മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിൽ ചൂട് തുടരും.
മേയ് അഞ്ചാം തിയതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യത വിവിധ പ്രദേശങ്ങളിൽ നിൽനിൽക്കുന്നുണ്ട്. അതേസമയം, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിലെ ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം.
കാലാവസ്ഥാ മുന്നറിയിപ്പ്
മെയ് 5 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസറഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും, ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് സാധാരണ താപനിലയേക്കാൾ 3 മുതൽ 5° സെൽഷ്യസ് വരെ കൂടുതലാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













