ബെംഗളുരു വീണ്ടും മഴയിലേക്ക്. നീണ്ട കാത്തിരിപ്പിനു ശേഷം പെയ്യുന്ന മഴ വരും ദിവസങ്ങളിലും പെയ്യുമെന്നാണ് കാലാസ്ഥാ പ്രവചനങ്ങൾ പറയുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് ബെംഗളുരുവിൽ 18 മുതൽ 20 വരെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ, മേയ് 16 ന് കനത്ത മഴയുടെ പശ്ചാത്തലത്തിൽ ബെംഗളൂരു അർബൻ, റൂറൽ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ടായിരുന്നു.
ഇന്നലെ രാത്രി ബാംഗ്ലൂരിൽ കനത്ത മഴ പെയ്തിരുന്നു, ഇന്ന് പുലർച്ചെ, നഗരത്തിൻ്റെ പല ഭാഗങ്ങളിലും മഴ പെയ്തുവെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ഐഎംഡി കാലാവസ്ഥാ പ്രവചനമനുസരിച്ച്, വരും ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യും. ഐഎംഡി ബെംഗളൂരു കാലാവസ്ഥാ പ്രവചനം അനുസരിച്ച്, മഴയും ഇടിമിന്നലും മെയ് 20 വരെ തുടരും

സൗത്ത് ഇന്‍റീരിയർ കർണ്ണാടകയിൽ മേയ് 18 മുതല് 20 വരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കർണ്ണാടക വെതർ എക്സിൽ കുറിച്ചു. 115.5- 204.5 മില്ലീമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം.
അതേസമയം കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഇന്ന് വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ മേയ് 18 ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
19ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മെയ് 20 ഞായാറാഴ്ച കേരളത്തിലെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ തിങ്കളാഴ്ച അതിതീവ്ര മഴയും പ്രവചിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
കേരളാ ദുരന്ത നിവാരണ വകുപ്പ് നല്കിയ പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












