ബെംഗളുരുവിന്റെ ഗതാഗത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് സിൽക്ക് ബോര്‍ഡ് ഡബിൾ ഡെക്കർ ഫ്ലൈ ഓവർ. എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലും ഗതാഗതക്കുരുക്ക് ഇല്ലാത്ത ബെംഗളുരുവിന്റെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ മേൽപ്പാലത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. 2024 ജൂലൈ 5 മുതൽ ഭാഗികമായി ഗതാഗതത്തിനായി തുറന്നു നല്കി. നഗര അടിസ്ഥാന സൗകര്യങ്ങളുടെ ഒരു നാഴികക്കല്ലായാണ് ഈ പാതയെ വിലയിരുത്തുന്നത്.
സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്ക് എക്കാലത്തും ബെംഗളരുവിന് ഒരു വലിയ വെല്ലുവിളി ആയിരുന്നു. റാഗിഗുഡ്ഡയ്ക്കും സിൽക്ക് ബോർഡിനും ഇടയിലുള്ള കുരുക്ക് അഴിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ഡബിൾ ഡെക്കർ മേൽപ്പാലം നിർമ്മിച്ചത്.
449 കോടി രൂപ ചെലവിൽ 3.3 കിലോമീറ്റർ ഗൂരം വരുന്ന ഈ പാത യാത്രക്കാർക്ക് ട്രാഫിക് ബ്ലോക്കിൽ മണിക്കൂറുകൾ കിടക്കാതെ വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സഹായിക്കുന്നു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻറെ ലിമിറ്റഡ് (ബിഎംആർസിഎൽ) നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.

പ്രയോജനം 50,000 ൽ അധികം യാത്രക്കാർക്ക്
ദിവസേന അരലക്ഷത്തിലധികം ആളുകൾക്ക് യാത്രാ സൗകര്യം മെച്ചപ്പെടുത്തി നില്കുന്നതാണ് ഈ പാത. ഇത് ബെംഗളൂരു നിവാസികൾക്ക് മെച്ചപ്പെട്ട ഗതാഗത കാര്യക്ഷമതയും കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്നു. ഡബിൾ ഡെക്കർ ഫ്‌ളൈഓവർ റോഡിൻ്റെയും മെട്രോയുടെയും പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മൊത്തം അഞ്ച് റാമ്പുകളാണ് ഉള്ളത്. അതിൽ രണ്ട് റാമ്പുകളുടെ നിർമ്മാണം പൂര്‍ത്തിയാകാനുണ്ട്, ഇതിന്‍റെ പ്രവർത്തികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
എച്ച്എസ്ആർ ലേഔട്ടിനെ റാഗിഗുഡ്ഡയിലേക്കും ബിടിഎം ലേഔട്ടിലേക്കും റോഡ് മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന 1.37 കിലോമീറ്റർ ദൈർഘ്യമുള്ള റാമ്പുകളാണ് പൂർത്തിയാകുവാനുള്ളത്.
യാത്രാ സമയം 30% കുറയുന്നു
സിൽക്ക് ബോർഡ് ജംഗ്ഷനിലെ തടസ്സം പരിഹരിക്കാൻ റാഗിഗുഡ്ഡ മുതൽ എച്ച്എസ്ആർ ലേഔട്ടിലേക്കും ഹൊസൂർ റോഡിലേക്കും സിഗ്നൽ രഹിത ഇടനാഴി ഒരുക്കുകയാണ് ഈ പാതയുടെ ലക്ഷ്യം. ഇത് നഗരത്തിലെ യാത്രാ സമയം 30% കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. റാഗിഗുഡ്ഡയിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലേക്കും ഹൊസൂർ റോഡിലേക്കും സിഗ്നൽ രഹിത യാത്ര സുഗമമാക്കാൻ രൂപകൽപ്പന ചെയ്ത ലൂപ്പുകളും റാമ്പുകളും ആണ് ഇതിന്‍റെ എടുത്തു പറയേണ്ട പ്രത്യേകത.
കെആർ പുരം, ഹൊസൂർ റോഡ് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് സുഗമവും വേഗമേറിയതുമായ ഒരു റൂട്ട് നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.
മൂന്ന് മെട്രോ സ്റ്റേഷനുകളിലൂടെ
ഡബിൾ ഡെക്കർ ഫ്‌ളൈഓവറിൽ രണ്ട് പ്രത്യേക കാര്യേജ് വേയ്സ് ആണുള്ളത്. ഇതിൽ ഓരോന്നിനും രണ്ട് ലെയനുകൾ വീതമാണുള്ളത്. ഇത് ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ജംഗ്ഷൻ എന്നീ മൂന്നു മെട്രോ സ്റ്റേഷനുകളിലൂടെ കടന്നു പോകുന്നു.
അഞ്ച് റാമ്പുകൾ
റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനും ഹൊസൂർ റോഡും തമ്മിലുള്ള കണക്ടിവിറ്റിയാണ് എ റാംപ് നൽകുന്നത്. റാംപ് ബി എയിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലേക്ക് പോകുന്നു. റാംപ് സി ബിടിഎം ലേഔട്ടിനെ ഹൊസൂർ റോഡിലേക്കും എച്ച്എസ്ആർ ലേഔട്ടിലേക്കും റാമ്പ് എ വഴി ബന്ധിപ്പിക്കുന്നു.
എച്ച്എസ്ആർ ലേഔട്ടിൽ നിന്ന് റാഗിഗുഡ്ഡയിലേക്കുള്ള റൂട്ട് സുഗമമാക്കിക്കൊണ്ട് റാംപ് ഡി റാമ്പ് എയ്ക്കും മെട്രോ ലൈനിനും മുകളിൽ ഉയർത്തും. റാംപ് ഇ എച്ച്എസ്ആർ ലേഔട്ടിൽ നിന്ന് ബിടിഎം ലേഔട്ടിലേക്ക് ഇറങ്ങും.
45 മിനിറ്റിൽ നിന്ന് പത്ത് മിനിറ്റിലേക്ക്
ബംഗളൂരു ട്രാഫിക് പോലീസ് പറയുന്നതനുസരിച്ച്, പുതിയ മേൽപ്പാലം റാഗിഗുഡ്ഡ, ബിടിഎം ലേഔട്ട് വഴി ഹൊസൂർ റോഡ്, എച്ച്എസ്ആർ ലേഔട്ട് വരെയുള്ള തിരക്ക് സമയത്തെ തിരക്ക് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേൽപ്പാലത്തിന് യാത്രാ സമയം 30-45 മിനിറ്റിൽ നിന്ന് പത്ത് മിനിറ്റായി കുറയ്ക്കാൻ കഴിയുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ഡബിൾ ഡെക്കർ ഫ്ലൈ ഓവറും യെല്ലോ ലൈൻ മെട്രോയും
ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ നീളമുള്ള യെല്ലോ ലൈൻ മെട്രോയുടെ ഭാഗമാണ് ഡബിൾ ഡെക്കർ മേൽപ്പാലം. ഈ വർഷം ഡിസംബറോടെ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) യെല്ലോ ലൈന്‍ മെട്രോയുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നു. ഫുള്ളി എലവേറ്റഡ് മെട്രോ റൂട്ട് ആയ ഇതിന് 16 സ്റ്റേഷനുകളാണുള്ളത്.ഇത് ആർവി മെട്രോ സ്റ്റേഷനിൽ ഗ്രീൻ ലൈനുമായി കണക്ട് ചെയ്യുകയും ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനിൽ പിങ്ക് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യും.
രാഷ്ട്രീയ വിദ്യാലയ റോഡ്, രഗ്ഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിംഗസാന്ദ്ര, ഹൊസ റോഡ്, ബെരാട്ടെന അഗ്രഹാര, ഇലക്ട്രോണിക്‌സ് സിറ്റി, ഇൻഫോസിസ് ഫൗണ്ടേഷൻ, കൊന്നപ്പന അഗ്രഹാര, ബയോകോൺ-ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് ഈ എലിവേറ്റഡ് റൂട്ടിലുള്ള 16 സ്റ്റേഷനുകൾ.
യെല്ലോ ലൈൻ (ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ) റീച്ച് 5, പിങ്ക് ലൈൻ റീച്ച് 6 (കലേന അഗ്രഹാര മുതൽ നാഗവാര വരെ) എന്നിവയെ തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇന്‍റചേഞ്ച് ഹബ്ബായാണ് ജയദേവ മെട്രോ സ്‌റ്റേഷൻ നിലകൊള്ളുന്നതെന്ന് അധികൃതർ പറഞ്ഞു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












