വിമാന യാത്രകൾ എന്നും സാധാരണ സഞ്ചാരികൾക്ക് ഒരു കടമ്പയാണ്. എപ്പോഴും ഏറ്റവും കുറഞ്ഞ ചെലവിൽ പോകാനാഗ്രഹിക്കുന്ന യാത്രകളിൽ ഫ്ലൈറ്റ് കൂടി ഉൾപ്പെടുത്തിയാൽ ബജറ്റ് മുഴുവൻ തെറ്റും. എന്നാൽ വെറും രണ്ട് ബിരിയാണി കഴിക്കുന്ന ചെലവിലോ ഇല്ലെങ്കിൽ ഒരു ദിവസത്തെ ഔട്ടിങ്ങിന്‍റെ ചെലവിലോ ഒരു വിമാനയാത്ര പോകാമെന്നു പറയുന്നത് ഒരു വലിയ കാര്യമല്ലേ.. പക്ഷേ ഇവിടെയാണ് പലർക്കും സംശയം.
ഇത്രയും കുറഞ്ഞ ചെലവിൽ പോകാൻ സാധിക്കുന്നതാണോ വിമാന യാത്ര? ഇതൊക്കെ തട്ടിപ്പല്ലേ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് ആയിരം രൂപയിൽ താഴെ തുകയ്ക്ക് വിമാനയാത്ര നടത്താൻ പറ്റുന്ന 22 റൂട്ടുകളുള്ള കാര്യം നിങ്ങൾക്കറിയാമോ? അതിലൊന്നാവട്ടെ വെറും 150 രൂപയാണ് അടിസ്ഥാന നിരക്ക്, ചുരുക്കി പറഞ്ഞാൽ ഒരു ബിരിയാണിയുടെ കാശിന് ഒരു വിമാന യാത്ര നടത്താം.

രാജ്യത്തെ ചെറുനഗരങ്ങളെ വിമാനയാത്ര വഴി ബന്ധിപ്പിക്കുന്ന സർക്കാർ പദ്ധതി വഴിയാണ് ഇത്രയും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാകുന്നത്. ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി പ്രകാരം 2024 മേയ് 24 വരെ
567 വിമാന റൂട്ടുകള്‍ ബന്ധിപ്പിച്ചുവെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് വിശദമാക്കുന്നത്. മാത്രമല്ല, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവളങ്ങളും റീജിയണല്‍ കണക്ടിവിറ്റി സ്‌കീം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
പ്രാദേശിക വിമാനയാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ 2016 ഒക്ടോബര്‍ 21നാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം ഉഡാന്‍ പദ്ധതി അവതരിപ്പിച്ചത്. വിമാന യാത്രകള്‍ കൂടുതല്‍ ജനകീയമാക്കുവാനും ഇതിനുദ്ദേശമുണ്ട്, ഉഡാന്‍ പദ്ധതിക്കു കീഴില്‍ 425 പുതിയ റൂട്ടുകള്‍ ആരംഭിച്ചതോടെ 29 ൽ കൂടുതൽ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യോമ യാത്രയക്ക് റൂട്ടൊരുങ്ങി.
തീർത്തും കുറഞ്ഞ ചെലവിൽ വിമാന യാത്ര ആസ്വദിക്കാം എന്നതിനാൽ സാധാരണക്കാരായ യാത്രക്കാർക്ക് അത് കൂടുതൽ പ്രയോജനമാണ്. അലയന്‍സ് എയർ, സ്പൈസ് ജെറ്റ്, ട്രൂ ജെറ്റ്, ഡെക്കാൻ എയർ തുടങ്ങിയവ വഴിയാണ് ഈ യാത്രകൾ ലഭ്യമാവുക. അവരുടെ സൈറ്റിൽ നിന്നും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ പദ്ധതിക്ക് കീഴിൽ വരുന്ന മിക്ക യാത്രകളും ഒരു മണിക്കൂറിൽ മാത്രം താഴെയാണ് യാത്രാ ദൈർഘ്യം.
ഏറ്റവും ചെലവ് കുറഞ്ഞ യാത്രയ്ക്ക് 150 രൂപ
റിപ്പോർട്ടുകളനുസരിച്ച് അസമിലെ ലിലാബരിയില്‍ നിന്നും തേസ്പൂരിലേക്കുള്ള അലയൻസ് എയർ വിമാനയാത്രയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ യാത്ര. വെറും 50 മിനിറ്റെടുക്കുന്ന വിമാനയാത്രായുടെ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് 150 രൂപ മാത്രമാണ്. ഇതിനൊപ്പം ചെറിയൊരു കൺവീനിയൻസ് ചാർജ് കൂടി വരും എന്ന കാര്യം മറക്കരുത്.
വടക്കു കിഴക്കൻ ഇന്ത്യയിലാണ് ഏറ്റവും ചെലവ് കുറഞ്ഞ റൂട്ടുകളുള്ളത്. മിക്കതും 150 രൂപ മുതൽ 199 രൂപ വരെ അടിസ്ഥാന വിമാന നിരക്കുള്ള റൂട്ടുകളാണ്. അതേസമയം ഗുവാഹത്തി, ഷില്ലോങ് തുടങ്ങിയ റൂട്ടുകളിൽ 400 രൂപ മുതലാണ് ടിക്കറ്റ് ആരംഭിക്കുന്നത്. ഇംഫാല്‍-ഐസ്വാള്‍, ദിമാപുര്‍- ഷില്ലോങ്, ഷില്ലോങ് - ലിലാബരി റൂട്ടുകളില്‍ 500 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. കൂടാതെ, ഗുവാഹത്തി-പസിഗട്ട് റൂട്ടില്‍ 999 രൂപയും ലിലാബരി - ഗുവാഹത്തി റൂട്ടില്‍ 954 രൂപ മുതലും ടിക്കറ്റ് ലഭിക്കും.
നമുക്കുണ്ട് കൊച്ചി
ഇതൊക്കെ വടക്കു കിഴക്കൻ ഇന്ത്യയിൽ മാത്രമേയുള്ളോ എന്ന സംശയം വേണ്ട. തെക്കേ ഇന്ത്യയിൽ ബെംഗളുരു-സേലം, കൊച്ചി-സേലം റൂട്ടുകൾ നമുക്ക് ചെലവ് കുറഞ്ഞ വിമാന യാത്രകൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയവയാണ്. കൊച്ചി- സേലം വിമാനയാത്രയ്ക്ക് 600 രൂപയാണ് അടിസ്ഥാന നിരക്ക്. മറ്റൊന്ന് ബെംഗളുരു- സേലം റൂട്ടാണ്. ബെംഗളുരു- സേലം റൂട്ടില്‍ 525 രൂപയാണ് നിരക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













