പതിവുപോലെ മഴയിൽ കുതിർന്നാണ് ഇത്തവണയും ജൂലൈ മാസം എത്തുന്നത്. മഴക്കാലത്തിന്‍റെ ആലസ്യവും ക്ഷീണവും ഒക്കെ ശീലമായ സമയമായതിനാൽ യാത്രകളും ആഘോഷങ്ങളും പതിവു തെറ്റാതെ ഇത്തവണയുമുണ്ട്. പെയ്തു പെയ്തില്ല മട്ടിൽ വന്നുപോകുന്ന മഴയും പിന്നെ അപ്രതീക്ഷിതമായി എത്തുന്ന ശക്തിയേറിയ മഴയുമാണ് ഇപ്പോഴുള്ളത്. മഴയും തെളിവും ഒരുപോലെ മാറിവരുന്നതിനാൽ യാത്രകൾ പോവുകയും ചെയ്യാം.
കേരളത്തിനകത്തും പുറത്തും മഴ യാത്രകൾ പോകാൻ പറ്റിയ സമയമാണ് ജൂലൈ മാസം. കനത്ത മഴ പെയ്താലും പെട്ടന്നു തന്നെ തെളിവു വരും എന്നതും യാത്രകൾക്കും മറ്റും സുഗമമായ കാലാവസ്ഥയാണ് എന്നതുമാണ് ഈ സമയത്തിന്‍റെ പ്രത്യേകത. അപ്പോൾ ജൂലൈ മാസത്തെ സ്വീകരിക്കാൻ തയ്യാറായി ഇരിക്കുവല്ലേ.. ഈ മാസത്തെ അവധികളും മറ്റും നേരത്തെ തന്നെ ഒന്നു നോക്കിവെച്ചാലോ.

ജൂലൈ 2024 വാരാന്ത്യങ്ങളും അവധിയും
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നീണ്ട വാരാന്ത്യങ്ങളോ അവധികളോ ഇല്ലാത്ത ഒരു മാസമാണ് ഈ ജൂലൈ. ശനിയും ഞായറും പിന്നെ ജൂലൈ 16 ചൊവ്വാഴ്ചവ വരുന്ന കർക്കടകം 1, രാമായണ മാസ ആരംഭവുമാണ് ഈ മാസത്തെ അവധി. ഒന്നോ രണ്ടോ ദിവസത്തെ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ശനിയും ഞായറും കണക്കാക്കി യാത്രകൾ പോകാം.
ജൂലൈ 3 ദുക്റാന തിരുന്നാൾ
ജൂലൈ മാസത്തിലെ പ്രധാന ദിവസങ്ങളിലൊന്നാണ്
ദുക്റാന തിരുന്നാൾ. കേരളത്തിലെ ക്രൈസ്തവ വിശ്വാസികളാണ് ഈ ദിവസം ആഘോഷിക്കുന്നത്. സുവിശേഷ പ്രഘോഷണത്തിനായി യേശു ക്രിസ്തുവിന്‍റെ ശിഷ്യനായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്റാന. എഡി 52 ൽ കൊടുങ്ങല്ലൂരിൽ എത്തിയ തോമാശ്ലീഹ കുന്തത്താൽ കുത്തപ്പെട്ട് രക്തസാക്ഷിത്വം വഹിച്ച ദിവസമാണിത്. ദേവാലയത്തിൽ പ്രത്യേക പ്രാർത്ഥനകളോടെയാണ് ഈ ദിവസം ആചരിക്കുന്നത്.
ഏഴരപ്പള്ളികള്‍
തോമശ്ലീഹ കേരളത്തിൽ സ്ഥാപിച്ച പള്ളികളാണ് ഏഴരപ്പള്ളികള്‍. കൊടുങ്ങല്ലൂർ, പാലയൂർ , കോക്കമംഗലം, കോട്ടക്കാവ്, നിരണം, കൊല്ലം, ചായൽ (നിലയ്ക്കൽ) എന്നിവിടങ്ങളിലെ ഏഴ് പള്ളികളും . കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് പള്ളിയെക്കൂടി ചേർത്ത് ഏഴര പള്ളികള‍് എന്നു പറയുന്നത്. കോട്ടയം ഈരാട്ടുപേട്ടയിലെ അരുവിത്തുറ പള്ളിയെയും അരപ്പള്ളിയായി കണക്കാക്കുന്നു. ചെന്നൈക്കടുത്ത് സ്ഥിതി ചെയ്യുന്ന മൈലാപ്പൂർ, കേരളത്തിലെ ഇടപ്പള്ളി, മലയാറ്റൂർ എന്നിവയും അർത്താറ്റ്, കോതമംഗലം, അരുവിത്തുറ എന്നിവയെയും ഏഴരപ്പള്ളികളായി കണക്കാക്കുന്നു.
കർക്കടകം 1
ജൂലൈ 16 നാണ് ഈ മാസത്തിലെ കർക്കടകം 1 അഥവാ രാമായണ മാസാരംഭം. ശ്രീരാമാനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരു മാസമാണിത്. ഈ ഒരു മാസത്തിൽ ദിവസവും രാമായണം പാരായണം ചെയ്യുന്ന പതിവ് വിശ്വാസികൾക്കുണ്ട്. കര്‍ക്കിടകമാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീര്‍ക്കുന്നതാണ് രീതി. ജൂലൈ 16 ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 16 വെള്ളിയാഴ്ച വരെയാണ് ഈ വർഷത്തെ രാമായണ മാസം . ഓഗസ്റ്റ് 2 ശനിയാഴ്ചയാണ് കർക്കടക വാവ്.
നാലമ്പല ദര്‍ശനം
കർക്കടക മാസത്തിൽ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാന കാര്യങ്ങളിലൊന്നാണ് നാലമ്പല ക്ഷേത്ര ദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപത്തായി ഉള്ള ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതാണ് നാലമ്പല ക്ഷേത്ര ദർശനം. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ നാലമ്പലങ്ങളുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












