കേരളത്തിലെ ആഘോഷങ്ങളും ഉത്സവങ്ങളും ഇനിയേതാണ് കൂടേണ്ടത് എന്നുള്ള ആലോചനയിലാണ് സഞ്ചാരികൾ. പൂരങ്ങളും ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും നാട്ടിലെ പരിപാടികളും അടക്കം മെയ് മാസം വളരെ സജീവമാണ്. പൂരപ്രേമികൾ കാത്തിരിക്കുന്ന തൃശൂർ പൂരവും വരാനുണ്ട്.

ഇടപ്പള്ളി പള്ളിപെരുന്നാൾ
എറണാകുളം ഇടപ്പള്ളി ഫൊറോന പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുനാള്‍ ഈ നാട് ഏറെ ആഘോഷത്തോടെ ഒരുമിക്കുന്ന സമയമാണ്. മെയ് 3, 4 തീയതികളിലാണ് പ്രധാന തിരുനാൾ. എട്ടാമിടം മെയ് 10, 11 തീയതികളിൽ ആഘോഷിക്കും. ഇവിടുത്തെ കോഴിനേർച്ച വഴിപാട് വളരെ പ്രസിദ്ധമാണ്.
തൃശൂർ പൂരം
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം കാണാൻ ആഗ്രഹിക്കാത്ത മലയാളികളോ പൂരം പ്രേമികളോ കാണില്ല. ഓരോ വർഷത്ത പൂരം കഴിയുമ്പോഴും അടുത്തവട്ടം കാണണമെന്ന് ഉറപ്പിച്ചാണ് ഓരോരുത്തരും മടങ്ങുക. വെടിക്കെട്ടും പകൽപ്പൂരവും ആനകളുടെ വരവും ആൾക്കൂട്ടവും ഒക്കെ ചേരുന്ന പൂരം നല്കുന്ന രസം വാക്കുകളിൽ വിവരിക്കാനേ സാധിക്കില്ല.
മേയ് നാലിന് സാംപിൾ വെടിക്കെട്ട് നടക്കും. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച് വടക്കുന്നാഥക്ഷേത്രം തെക്കേഗോപുരം തുറന്നിടും. മേയ് ആറിനാണ് പ്രസിദ്ധമായ തൃശ്ശൂർ പൂരം.
പുതുപ്പള്ളി പെരുന്നാൾ
കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ സമാപിക്കുന്നത് മെയ് 7 നാണ്. മേയ് 5ന് തീർഥാടന സംഗമം, പള്ളിയിലേക്കുള്ള പ്രദക്ഷിണം എന്നിവയും 6 ന് അഞ്ചിന്മേൽ കുർബാനയ്ക്കുശേഷം പൊന്നിൻകുരിശു ദർശനത്തിന് പ്രധാന ത്രോണോസിൽ സ്ഥാപിക്കുന്ന ചടങ്ങുകളും നടക്കും. അന്നുച്ചയ്ക്ക് രണ്ട് മണിക്ക് വിറകിടീൽ ചടങ്ങ്, നാലിന് പന്തീരുനാഴി, വൈകിട്ട് പ്രാർത്ഥനയ്ക്ക് ശേഷം പ്രദക്ഷിണം എന്നിവ നടക്കും.
അവസാന ദിവസമായ നെയ് 7ന് പുലർച്ചെ വെച്ചൂട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ, എട്ടു മണിക്ക് ഒൻപതിൻമേൽ കുർബാന, . ഉച്ചയ്ക്ക് 2ന് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം. 4ന് നേർച്ച വിളമ്പ് തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ,
കൂടൽമാണിക്യം ഉത്സവം
തൃശൂർ ഇരിങ്ങാലക്കുടയിൽ സ്ഥിതി ചെയ്യുന്ന കൂടൽ മാണിക്യം ക്ഷേത്രത്തിലെ ഉത്സവം ജില്ലയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ്. കൊടിയേറ്റം മെയ് 8 ന് നടക്കും മെയ് 9 ന് കൊടിപുറത്ത് വിളക്ക്, മെയ് 10 മുതൽ ശിവേലി, മെയ് 16 ന് വലിയവിളക്ക് , മെയ് 17 പള്ളിവേട്ട, ആറാട്ട് മെയ് 18 (രാപ്പാൾ ആറാട്ട് കടവിൽ) എന്നിവയാണ് പ്രധാന ചടങ്ങുകള്‍.
പയ്യന്നൂർ കളഭച്ചാർത്ത് ഉത്സവം
മേട മാസത്തിലെ അത്തം നാളിൽ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന കളഭച്ചാർത്ത് വലിയ ആഘോഷമാണ്. ക്ഷേത്രത്തിലെത്തുന്നവർക്ക് കളഭസദ്യ ലഭിക്കും. ഈ വർഷം മെയ് 8 നാണ് ഈ ചടങ്ങ് നടക്കുന്നത്.
പാവക്കുളം പൊങ്കാല
കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ പൗർണ്ണമി പൊങ്കാല മേയ് 5 മുതൽ 12 വരെ നടക്കും. മേയ് 12 ന് രാവിലെ ഏഴു മുതല്‍ രാജരാജേശ്വരി ഹോമം, 08.30 ന് തലപ്പൊങ്കാല സമര്‍പ്പണം, 09 ന് ദിവ്യജ്യോതി പകരല്‍ തുടര്‍ന്ന്പൗര്‍ണ്ണമി പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ടും ഉണ്ടാകും.
കണ്ണബ്ര വേല
ഈ വർഷത്തെ പാലക്കാട് ജില്ലയിടെ ഏറ്റവും അവസാനത്തെ വേല ആഘോഷമാണ് കണ്ണബ്ര വേല. വിഷു കഴിഞ്ഞ് 41-ാം ദിവസം നടക്കുന്ന ഈ വേലയെ തൃശൂർ പൂരത്തിന്‍റെ ചെറുപതിപ്പ് എന്നു വിശേഷിപ്പിക്കാറുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വേല ആഘോഷങ്ങളിൽ ഒന്നായ ഇവിടുത്തെ വെടിക്കെട്ടും പ്രസിദ്ധമാണ്. പൂരലും വേലയും വെടിക്കെട്ടും കൂടാൻ ഇഷ്ടമുണ്ടങ്കിൽ നേരേ ഇവിടേക്ക് പോരെ. മെയ് 24 നാണ് ഇത്തവണത്തെ കണ്ണബ്ര വേല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












