എങ്ങോട്ട് തിരിഞ്ഞാലും നീണ്ടു കിടക്കുന്ന കുന്നിൻ ചെരുവുകൾ, ഓരോ തോട്ടങ്ങൾക്കും അതിർത്തിയെന്നോണം നിർത്തിയിരിക്കുന്ന ഉയരമുള്ള സൈപ്രസ് മരങ്ങൾ.. പിന്നെ തളിർത്തുനിൽക്കുന്ന മുന്തിരിച്ചെടികൾ. ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രകൃതികളിലൊന്നായ ഇറ്റലിയിലെ ടസ്കനിയുടെ ഒരു ഏകദേശ രൂപമാണിത്. ഒരു ക്യാൻവാസിൽ വരച്ചുതീർത്ത ചിത്രത്തിന് ജീവൻവെച്ച് ഇറങ്ങിവന്ന പോലെ മനോഹരമാണിവിടം.
വെറുതേ വന്നു കണ്ടു പോകാനല്ല, ഇവിടെ ജീവിക്കാൻ പറ്റിയെങ്കിലോ..അതും പണം അങ്ങോട്ട് കൊടുക്കുന്നതിനു പകരം കൈ നിറയെ ഇങ്ങോട്ട് മേടിച്ച് പോയാലോ. കേൾക്കുമ്പോൾ തന്നെ 'യെസ്' പറയാൻ തോന്നിപ്പിക്കുന്ന ഒരു വാഗ്ദാനവുമായി വന്നിരിക്കുകയാണ് ടസ്കനി. അതേ, നിറയെ മുന്തിരിത്തോപ്പുകളും പഴയകാല നഗരങ്ങളും ഒക്കെയായി ടസ്കനി താമസക്കക്കാരെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.
റസിഡൻസി ഇൻ ദ മൗണ്ടെയ്ൻസ് (Residency In The Mountains 2024) എന്ന പദ്ധതി അനുസരിച്ച് സ്ഥിരതാമസക്കാരില്ലാത്ത ഇവിടുത്തെ ഭവനങ്ങളിലേക്ക് ആളുകളെ താമസത്തിനു ക്ഷണിക്കുന്ന പ്രോഗ്രാം ആണിത്. വെറുമൊരു ക്ഷണം മാത്രമല്ല, ഇവിടെ നിങ്ങൾക്ക് ഒരു ഭവനം മേടിക്കുവാനായി ലക്ഷങ്ങൾ കയ്യിൽ തരികയും ചെയ്യും. ഇതാ എന്താണ് ഈ പദ്ധതിയെന്ന് വിശദമായി നോക്കാം.
ഇറ്റലിയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണെങ്കിലും ആവശ്യത്തിന് താമസക്കാരില്ലാത്തതാണ് മറ്റുപല ഇറ്റാലിയൻ നഗരങ്ങളെയുംപോലെ ടസ്കനി നേരിടുന്ന പ്രശ്നം. യുവാക്കൾ വിദ്യാഭ്യാസവും ജോലിയും ഒക്കെയായി നഗരങ്ങളിലേക്ക് ചേക്കേറിയതോടെ ഇവിടെ ആളില്ലാതായി.. പലയിടത്തും പ്രായമേറിയ ആളുകളും ഒഴിഞ്ഞ ഭവനങ്ങളും മാത്രമായി മാറി. ജനസംഖ്യയിലും കുത്തനെ കുറഞ്ഞു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഭവനങ്ങളിലേക്ക് ആളുകളെ എത്തിക്കുവാനും അവരെ ഇവിടെ തുടർജീവിതത്തിന് പ്രേരിപ്പിക്കുവാനും അങ്ങനെ താമസക്കാരെ കൂട്ടി ജനസംഖ്യ വർധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് റസിഡൻസി ഇൻ ദ മൗണ്ടെയ്ൻസ് പ്രോഗ്രാം.
റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024
സമാനമായ പ്രതിസന്ധി നേരിട്ട പല ഇറ്റാലിയൻ ഗ്രാമങ്ങളും തുച്ഛമായ തുകയ്ക്ക് വീടുകൾ വിറ്റ വാര്‍ത്ത വന്നിട്ട് അധികാലമായില്ല. വെറും രണ്ടും മൂന്നും യൂറോയ്ക്ക് ഇറ്റലിയില് വീട് സ്വന്തമാക്കി ആളുകളെ ആകർഷിക്കാനുള്ള ഇത്തരം പരിപാടികൾക്ക് പകരം വ്യത്യസ്തമാണ് ടസ്കനിയുടെ റെസിഡൻസി ഇൻ ദി മൗണ്ടൻസ്. ഇവിടെ വീട് വാങ്ങി ജീവിക്കാൻ വരുന്നവർക്ക് 10,000 മുതൽ 30,000 യൂറോ വരെ (9 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ) ലഭിക്കുന്നതാണ് പദ്ധതി.
അങ്ങനെ ആർക്കും വന്ന് വീട് സ്വന്തമാക്കാമെന്ന കരുതേണ്ട. ഇതിനു ചില നിബന്ധനകളും ഇവിടുള്ളവർ വെച്ചിട്ടുണ്ട്. ടസ്കാനിയുടെ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്റ്റെഫാനിയ സ്കാർഡി യൂറോ ന്യൂസിനോട് പറഞ്ഞതനുസരിച്ച് ഇവിടെ ജീവിക്കുക എന്നത് ഒരു വെല്ലുവിളിയും അതേസമയം ഒരവസരവുമാണ്. ശ്രദ്ധിക്കേണ്ടത്, ലഭിക്കുന്ന പണം നിങ്ങളുടെ വീടിന്‍റെയും അതിന്‍റെ നവീകരണത്തിന്‍റെയും ചെലവിന്‍റെ 50 ശതമാനത്തിൽ കൂടരുത്.
കൂടാതെ ടസ്കനിയിൽ നിങ്ങൾ എവിടെ വീട് വാങ്ങുന്നു എന്നതും പ്രധാനമാണ്. അതൊരു പർവ്വത ഗ്രാമമായിരിക്കുകയും ഒപ്പം ഇവിടുത്തെ ജനസംഖ്യ അൻപതിനായിരത്തിൽ കൂടാനും പാടില്ല. ഇത്തരത്തിലുള്ള നിരവധി സ്ഥലങ്ങൾ ടസ്കനിയിൽ ഉള്ളതിനാൽ തെരഞ്ഞെടുപ്പ് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.
ഇത് കൂടാകെ മേടിക്കുന്ന ആളുകളുടെ പൗരത്വം സംബന്ധിച്ച് ചില നിബന്ധനകളും ഉണ്ട്. അപേക്ഷിക്കുന്ന ആൾ യൂറോപ്യൻ യൂണിയൻ പൗരന്മാരായിരിക്കണം. അല്ലെങ്കിൽ കുറഞ്ഞത് 10 വർഷമെങ്കിലും നീണ്ടുനിൽക്കുന്ന റസിഡൻസ് പെർമിറ്റ് കൈവശം വച്ചിരിക്കണം. കൂടാതെ, കൂടാതെ ഒരു മൗണ്ടെയ്ൻ കമ്മ്യൂണിറ്റി അല്ലാത്ത ഒരു ഇറ്റാലിയൻ പട്ടണത്തിൽ താമസക്കാരനായി രജിസ്റ്റർ ചെയ്തിരിക്കുകയും വേണം.
പർവതപ്രദേശങ്ങളുടെ പുനരുജ്ജീവനത്തെയും സാമൂഹിക-സാമ്പത്തിക പുനരുജ്ജീവനത്തെയും അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














