ചെന്നൈ- നാഗർകോവിൽ വന്ദേ ഭാരത് സർവീസ് തമിഴ്നാടിനുള്ളിലെ യാത്രകള്‍ക്ക് ഏറെ ഉപകാരപ്രദമായ സർവീസായി മാറിയിരിക്കുകയാണ്. സ്ഥിരം യാത്രക്കാർക്കും പകൽ യാത്രക്കാർക്കും മാത്രമല്ല, തമിഴ്നാടിന്‍റെ തെക്കൻ ഭാഗത്തേയ്ക്കുള്ള സഞ്ചാരികൾക്കും കന്യാകുമാരി ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കും പുതിയ വന്ദേ ഭാരത് കൊണ്ടുണ്ടായ നേട്ടം ചില്ലറയല്ല. കേരളത്തിലേക്ക് നേരിട്ട് സർവീസ് ഇല്ലെങ്കിലും തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലക്കാർക്ക് പ്രയോജനം ഏറെയുണ്ട്.
കൃത്യമായി പ്ലാൻ ചെയ്താല് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ചെന്നൈയിൽ നിന്ന് തിരികെ തിരുവനന്തപുരത്തേയ്ക്കും ഉള്ള യാത്രകൾ വളരെ കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കുവാൻ ഈ വന്ദേ ഭാരത് സഹായിക്കും. നേരിട്ട് സർവീസ് ഇല്ലെങ്കിലും സമയം ഒന്ന് അഡ്‍ജസ്റ്റ് ചെയ്താല്‍ ഒന്നും രണ്ടുമല്ല, ഏഴ് മണിക്കൂർ വരെ നിങ്ങൾക്ക് ചെന്നൈ- തിരുവനന്തപുരം യാത്രയിൽ ലാഭിക്കാം. എങ്ങനെയാണ് ഈ യാത്രയെന്നും എങ്ങനെ പ്ലാൻ ചെയ്യാമെന്നും നോക്കാം

ചെന്നൈ-തിരുവനന്തപുരം യാത്രയ്ക്ക് ട്രെയിനിൽ പൊതുവേ വേണ്ടി വരുന്ന സമയം 14 മണിക്കൂറാണ്. ട്രെയിന്‍റെ വേഗതയും റൂട്ടും ഒക്കെ അനുസരിച്ച് ഇത് 17 മണിക്കൂർ വരെ നീളും. സാധാരണ ഗതിയിലുള്ള യാത്രകൾക്ക് സമയമെടുത്ത് പോകാമെങ്കിലും പരമാവധി ഏഴ് മണിക്കൂർ സമയം വരെ ലാഭിക്കാൻ കഴിയുന്ന ഒരു വഴിയാണ് വന്ദേ ഭാരതിലുള്ള യാത്ര. നേരിട്ട് തിരുവനന്തപുരത്തിന് ചെന്നൈയിൽ നിന്ന് വന്ദേ ഭാരത് ഇല്ലെങ്കിലും ഈ യാത്ര സാധ്യമാണ്. ഇതിനായി സമയം കണക്കുകൂട്ടി യാത്ര പ്ലാൻ ചെയ്താൽ മതി.
തിരുവനന്തപുരം- ചെന്നൈ യാത്ര വന്ദേ ഭാരതിൽ
നാഗർകോവിൽ- ചെന്നൈ വന്ദേ ഭാരത് നാഗർകോവിലിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ചെന്നൈ എഗ്‌മൂറിൽ എത്തും. 8.40 മണിക്കൂർ സമയം കൊണ്ട് 725 കിലോമീറ്റർ ദൂരം ട്രെയിൻ പിന്നിടും. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ- ചെന്നൈ വന്ദേ ഭാരത് കിട്ടുന്നത് കണക്കാക്കി വരാൻ അനുയോജ്യമായ ഒരു ട്രെയിനുണ്ട്. കെ എസ് ആർ ബെംഗളുരു -കന്യാകുമാരി എക്സ്പ്രസ് 16526.
എല്ലാ ദിവസവും ഉച്ചയ്ക്ക് 12.00 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്ന 16526 കന്യാകുമാരി എക്സ്പ്രസ് ഉച്ചയ്ക്ക് 1.50ന് നാഗർകോവിൽ എത്തും. വെറും ഒരു മണിക്കൂർ 50 മിനിറ്റ് സമയത്തിൽ തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിൽ എത്തി. വന്ദേ ഭാരത് നാഗർകോവിലിൽ നിന്ന് മടക്കയാത്ര ആരംഭിക്കുന്നത് ഉച്ചകഴിഞ്ഞ് 2.20ന് ആണ്. ഇങ്ങനെ കന്യാകുമാരി എക്സ്പ്രസിലും വന്ദേ ഭാരതിലും ആയി യാത്ര ക്രമീകരിച്ചാൽ പത്തര മണിക്കൂറിൽ തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിൽ എത്തും.
ഈ റൂട്ടിലെ ശരാശരി യാത്രാ സമയം 14 മണിക്കൂർ മുതലാണ് എന്നത് ആലോചിച്ചാൽ മതി എത്ര സമയം നിങ്ങൾക്ക് ലാഭിക്കാന് കഴിയുമെന്നറിയാൻ. ഏറ്റവും കുറഞ്ഞ് നാല് മുതൽ ഏഴ് മണിക്കൂര് വരെയെങ്കിലും ഈ രണ്ട് ട്രെയിനുകളിലായുള്ള യാത്ര നിങ്ങൾക്ക് സമയലാഭം നല്കുന്നു.
ട്രെയിൻ നമ്പർ 20628 നാഗർകോവിൽ -ചെന്നൈ എഗ്മോർ വന്ദേ ഭാരതിൽ എസി ചെയർ കാറിന് 1735 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 3220 രൂപയുമാണ് നിരക്ക്.
എന്നാൽ ചെന്നൈയിൽ നിന്ന് വന്ദേ ഭാരതിൽ നാഗർകോവിൽ വന്ന് തിരുവനന്തപുരത്തേയ്ക്ക് പോകാൻ ആ സമയത്ത് ട്രെയിനുകൾ ലഭ്യമല്ല. ചെന്നൈ എഗ്മോറിൽ നിന്ന് രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന വന്ദേ ഭാരത് നാഗർകോവിലിൽ 13:50 ന് എത്തിച്ചേരും. ഈ സമയത്ത് ബസുകളാണ് നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തിനുള്ളത്, ഇതിനേ ഏകദേശം മൂന്ന് മണിക്കൂറിനടുത്ത് സമയം വേണ്ടി വന്നേക്കാം. എന്തായാലും നേരിട്ട് വന്ദേ ഭാരത് ഇല്ലെങ്കിൽപ്പോലും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് നാഗർകോവിലിൽ നിന്നും തിരികെയുമുള്ള വന്ദേ ഭാരത് യാത്രാ സമയം മണിക്കൂറുകളോളം ലാഭിക്കും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














